കാസര്‍കോട്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ വി.എച്ച.പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. ബദിയെടുക്ക പൊലീസാണ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. ലവ് ജിഹാദ് നടത്തുന്നവരെയും  കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വാളെടുത്ത് വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. എന്നൊക്കെയാണ് സരസ്വതി പ്രസംഗിച്ചത്.

വിവാദ പ്രസംഗത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ സംഘടനകള്‍ കാസര്‍ഗോഡ് എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ബദിയടുക്ക സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.