സോള്‍: ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി. നാലാമത്തെ തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത്. ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണമാണ് നടത്തിയതെന്ന് കൊറിയ സ്ഥിരീകരിച്ചു. കൊറിയന്‍ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്. പരീക്ഷണം വിജയകരമാണെന്നും ഉത്തരകൊറിയ വിശദീകരിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് എതിരായ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് തങ്ങള്‍ നാലാമത്തെ പരീക്ഷണത്തെ കാണുന്നതെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ വടക്ക് തെക്ക് മേഖലയില്‍ കില്‍ജു നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത്. പരീക്ഷണത്തേത്തുടര്‍ന്ന് മേഖലയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഇതേത്തുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. നേരത്തെ മൂന്നാമത്തെ ആണവപരീക്ഷണം നടത്തിയ സ്ഥലത്ത് നിന്നും 50 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇപ്പോഴുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതിനാല്‍ തന്നെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയത് തന്നെയാണെന്നാണ് ദക്ഷിണകൊറിയയും, ജപ്പാനും, ചൈനയും അടക്കമുളള രാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
പിന്നീട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയ വിവരം സ്ഥിരീകരിക്കുകയായിരുന്നു. 2006, 2009,2013 എന്നീ വര്‍ഷങ്ങളിലായിരുന്നു നേരത്തെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയത്. ആണവ പരീക്ഷണത്തിന്റെ അനന്തരഫലങ്ങള്‍ ഉത്തര കൊറിയ അനുഭവിക്കേണ്ടി വരുംമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. സഖ്യ രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പ7ീക്ഷണത്തെ തങ്ങള്‍ അപലപിക്കുന്നതായും ദക്ഷിണ കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
ഉത്തര കൊറിയ തങ്ങളുടെ ആണവ, ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന ഐക്യരാഷ്ട്രസഭാ നിര്‍ദേശം അനുസരിക്കണം. തങ്ങള്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയാണെന്നും ഉത്തര കൊറിയയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ദക്ഷിണ കൊറിയന്‍ സൈനിക വക്താവ് പറഞ്ഞു. അതേ സമയം തങ്ങളുടെ ആണവ ശേഷി വിളിച്ചറിയിച്ച പരീക്ഷണത്തില്‍ ഉത്തര കൊറിയയിലെ ജനങ്ങള്‍ ആവേശ പൂര്‍വമായാണ് പ്രതികരിച്ചതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.