ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഉത്തര കൊറിയ:- ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ അവസ്ഥ അതീവ ഗുരുതരമെന്ന് മാധ്യമ റിപ്പോർട്ടുകൾ. അദ്ദേഹത്തിന് മരണം സംഭവിച്ചതായും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതുവരെയും ഈ വസ്തുതയെ സംബന്ധിച്ച കൃത്യമായ വിശദീകരണം ഉണ്ടായിട്ടില്ല. ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടർ ആയിരിക്കുന്ന ഷിജിയാൻ സിങ്ങ്സൗ കിം ജോങ് ഉന്നിന്റെ മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ ചില ജാപ്പനീസ് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം കോമയിൽ ആണെന്നും റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇതേസമയം ഇദ്ദേഹത്തിന് സ്വന്തമായുള്ള 250 മീറ്റർ നീളമുള്ള ആഡംബര ട്രെയിൻ വേൺസാൻ ഹോളിഡേ കോമ്പൗണ്ടിന് സമീപം വ്യാഴാഴ്ച സാറ്റലൈറ്റ് ദൃശ്യങ്ങളിൽ കണ്ടെത്തിയതായി വെബ്സൈറ്റ് 38 നോർത്ത് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഏപ്രിൽ 11ന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടിട്ടില്ല. ഏപ്രിൽ 15-ന് നടന്ന ആഘോഷങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകാതിരുന്നതാണ് അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായത്.
ഇതേസമയം ചൈനയിൽ നിന്നുള്ള മെഡിക്കൽ സംഘം ഉത്തരകൊറിയയിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ഉത്തരകൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൗത്ത് കൊറിയൻ അധികാരികളും, ചൈനീസ് മാധ്യമങ്ങളും ഈ റിപ്പോർട്ടുകളെ ഇതുവരെ പിന്തുണച്ചിട്ടില്ല.
Leave a Reply