നിയന്ത്രണങ്ങൾ മറികടന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നോർത്ത് സെന്റിനൽ കടന്ന് ഗോത്രവർഗക്കാർ കൊലപ്പെടുത്തിയ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഈ ദ്വീപു നിവാസികളെ ബന്ധപ്പെട്ടാൻ 1967-മുതൽ സർക്കാർ മുൻകൈയ്യെടുത്ത് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എല്ലാ തരം ഇടപെടലുകളും അവർ നിരസിക്കുകയും പുറംലോകവുമായി ഉണ്ടാവുന്ന ഇടപെടൽ അവരുടെ വംശനാശത്തിന് തന്നെ കാരണമായേക്കും എന്ന സാധ്യത കണക്കിലെടുത്തും 1996-ൽ ദ്വീപ് നിവാസികളെ പുറത്തു നിന്നുള്ളവർ ബന്ധപ്പെടുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.

Image result for north-sentinel-island-they-attacked-my-chopper-officers-encounter-with-remote-andaman-tribe

എന്നാൽ 12 വര്‍ഷം മുന്‍പ് ദ്വീപ് നിവാസികളുടെ കയ്യിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്‍റ് പ്രവീണ്‍ ഗൗർ പങ്കുവയ്ക്കുന്ന അനുഭവും ലോകത്തിന്റെ ശ്രദ്ധനേടുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ദ്വീപിലെത്തിയത്. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മൽസ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് തിരച്ചിലിനിറങ്ങിയത്. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേർന്ന് ഒരു ബോട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവർ ബോട്ടിനടുത്തേക്ക് എത്തി. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകൾ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്‍റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു. നൂറടി ഉയരത്തിൽ വരെ ആ അമ്പുകൾ എത്തി.

തുരുതുരാ വരുന്ന അമ്പുകൾ ഹെലികോപ്ടറിന്‍റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. തീരത്തോട് ചേര്‍ന്ന് ഞാന്‍ ഹെലികോപ്ടര്‍ പറത്തി. ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തി.

അപ്പോഴാണ് കടൽക്കരയിൽ രണ്ട് മണല്‍കൂനകള്‍ കാണുന്നത്. കാണാതായ മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളായിരുന്നു ആ മണൽക്കൂനയിൽ. പക്ഷേ ഒരാളുടെ മൃതദേഹം വീണ്ടെടുക്കുമ്പോഴേക്കും നിവാസികൾ തിരിച്ചെത്തിയിരുന്നു. ഉടൻ തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു. രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്‍റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ കൂടുതൽ കരുത്തരായിരുന്നു. സംഘങ്ങളായി തിരിഞ്ഞയിരുന്നു അവരുടെ ആക്രമണം.

ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിൽ പരാജയം സമ്മതിച്ചു തിരിച്ചുപോകേണ്ടി വന്നു. പിന്നീട് ആ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നും പ്രവീണ്‍ ഗൗർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാൻ അവർക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരിൽ 2006-ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചിരുന്നു.