ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ആശുപത്രികളിൽ ഡസൻ കണക്കിന് ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും ഓരോ ആഴ്ചയും നടക്കുന്നതായി റിപ്പോർട്ട്‌ പുറത്ത്. ഇത്തരത്തിൽ വെറും മൂന്ന് വർഷങ്ങൾ കൊണ്ട് 6,500 ആക്രമണ കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗങ്ങളും കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുറത്ത് വന്ന റിപ്പോർട്ടിൽ ആശുപത്രികളിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഹീതർ ബിന്നിംഗ് പറയുന്നു. ‘ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം ലഭിക്കേണ്ട ഇടമാണ് ആശുപത്രികൾ. എന്നാൽ ഈ റിപ്പോർട്ട്‌ അതിനെ മാറ്റി മറിക്കുന്നു’- അവർ പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ ലൈംഗികാതിക്രമത്തിന്റെ ഭയാനകമായ തോത് വെളിപ്പെടുത്തുന്നു. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് ഹെതർ ബിന്നിംഗ് ആരോപിക്കുന്നത്. കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടും മൗനം പാലിക്കുന്നു എന്നും ഇത് ആർക്കുവേണ്ടിയാണ് ചെയ്യുന്നതെന്നും അവർ ഉന്നയിക്കുന്നു. വിവരാവകാശ രേഖകൾ അനുസരിച്ച് ലഭിക്കുന്ന കേസുകളുടെ റിപ്പോർട്ട്‌ പോലും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. മൂന്ന് വർഷം കൊണ്ട് റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ പോലീസിന്റെ മൗനം ആളുകളെ ഞെട്ടിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു .

2019 ജനുവരിക്കും 2022 ഒക്ടോബറിനും ഇടയിൽ കുറഞ്ഞത് 2,088 ബലാത്സംഗങ്ങളും 4,451 ലൈംഗികാതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ആഴ്ചയിൽ 33 കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെന്ന് മനസിലാക്കാം. എൻഎച്ച്എസിൽ വച്ചാണോ അതോ സ്വകാര്യ സ്ഥാപനങ്ങളിൽ വച്ചാണോ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് ഡാറ്റ വിശദമാക്കുന്നില്ല. എന്നാൽ എഴിൽ ഒന്ന് സംഭവങ്ങളും ആശുപത്രി വാർഡുകളിലാണെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് അനുദിനം വർധിക്കുകയാണ്. സിസിടിവി പോലുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്ത ഏരിയകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിനെ തുടർന്ന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു