കൊച്ചി: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റ നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൻസ് അയച്ചത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6000 കോടിയിലധികം രൂപ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശസഹായമായി ബിലീവേഴ്സ് ചര്‍ച്ച് സ്വീകരിച്ചതായാണ് കണ്ടെത്തൽ. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വീകരിച്ച ഈ തുക, റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ഉപയോഗിച്ചതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളളത്. അതിനാല്‍ എഫ്സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡിൽ 17 കോടിയിലധികം തുക അനധികൃതമായി കണ്ടെത്തിയിരുന്നു. ചര്‍ച്ചിന്‍റെ കീഴിലുളള ആശുപത്രി, സ്‌കൂള്‍, കോളേജ്, ട്രസ്റ്റ്, എന്നിവിടങ്ങളില്‍ നിന്ന് റെയ്ഡില്‍ ശേഖരിച്ച ഇലക്ട്രോണിക്‌സ് ഡേറ്റകള്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിദേശപണം ലഭിച്ചതിൻെറയും ചെലവഴിച്ചതിന്‍റെയും വിശദാംശങ്ങള്‍ തേടുകയും നികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖകളിൽ അടക്കം വൈരുദ്ധ്യങ്ങളുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനു പിന്നാലെയാണ് കെ പി യോഹന്നാന് ആദായ നികുതിവകുപ്പിന്‍റ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ പി യോഹന്നാൻെറ മൊഴിയുടെ അടിസ്ഥാനത്തിലാകും ആദായ നികുതി വകുപ്പ് തുടർ നടപടി സ്വീകരിക്കുക.
Leave a Reply