കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അതിന് അവസരം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. കര്‍ഷക സമരത്തില്‍ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എതെങ്കിലും ഒരു പക്ഷം പിടിച്ചപ്പോള്‍ മലയാള താരങ്ങളാരും അഭിപ്രായപ്രകടനം നടത്താത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോഹന്‍ലാല്‍ തന്ത്രപരമായി ഒഴിഞ്ഞ് മാറുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിക്കേണ്ടതില്ലെന്ന് കാണിച്ച് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരേ തപ്സീ പന്നുവും സലിം കുമാറും ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. ഇതോടെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ട്വിറ്റര്‍ ക്യാമ്പയിന്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി.

ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ നിലപാട് ആരാഞ്ഞത്. നേരത്തേ, നോട്ട് നിരോധനത്തെ ഉള്‍പ്പെടെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു.

അതേസമയം, മലയാള താരസംഘടനയായ ‘അമ്മ’യ്ക്ക് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവില്‍ കലൂരില്‍ നിര്‍മ്മിച്ച കെട്ടിടം മോഹന്‍ലാലും മമ്മൂട്ടിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.

പഴയ കെട്ടിടം വിലയ്ക്ക് വാങ്ങി പുതുക്കി പണിയുകയായിരുന്നു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ‘ ട്വന്റി 20’ മാതൃകയില്‍ പുതിയ ചിത്രം നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. മുകേഷ് എംഎല്‍എ, സിദ്ധിഖ്, ഇടവേള ബാബു, ജഗദീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.