ഐഫൽ ഗോപുരം ഫ്രാൻസിന്റെ ദേശീയതയെ പ്രതിനിധീകരിക്കുന്നു. നോട്ടർഡാം കത്തീഡ്രലാകട്ടെ ഫ്രഞ്ച് സംസ്കാരത്തിന്റെ പ്രതീകമാണ്. ഫ്രഞ്ച് വിപ്ലവത്തെ അതിജീവിച്ച കത്തീഡ്രൽ പുനർനിർമാണത്തിനിടെ അഗ്നിബാധയ്ക്കിരയായത് ഫ്രഞ്ചുകാർക്കു സഹിക്കാനാവാത്ത നഷ്ടമാണു വരുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഫ്രാൻസിനു മൊത്തം തീപിടിച്ചുവെന്ന സങ്കടം പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പങ്കുവച്ചത്. ക്രിസ്തുവിനെ ധരിപ്പിച്ച മുൾക്കിരീടവും കുരിശിൽ തറയ്ക്കാനുപയോഗിച്ച ആണിയും അടക്കമുള്ള അമൂല്യവസ്തുക്കളുടെ സൂക്ഷിപ്പുകേന്ദ്രം.
1163-1345 നോട്ടർഡാം കത്തീഡ്രൽ നിർമാണം. പുരാതന ഗാളോ-റോമൻ പട്ടണമായ ല്യുട്ടേഷ്യയുടെ സ്ഥാനത്താണ് ഇതു പണിതത്. 127 മീറ്റർ നീളം, 48 മീറ്റർ വീതി, 47 മീറ്റർ ഉയരം. ഗോപുരങ്ങൾക്ക് 68 മീറ്റർ ഉയരം. പടിഞ്ഞാറേ ഗോപുരം 1200-ൽ നിർമാണം തുടങ്ങി. 1240-ൽ വടക്കേ ഗോപുരം തീർന്നു. 1250-ൽ തെക്കേ ഗോപുരവും. ഫ്രഞ്ച് ഗോഥിക് വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഈ ദേവാലയം. 1789-93 ഫ്രഞ്ച് വിപ്ലവം. കലാപകാരികൾ കത്തീഡ്രലിനു നാശനഷ്ടം വരുത്തി. ബൈബിളിലെ രാജാക്കന്മാരുടെ 28 പ്രതിമകളുടെ ശിരസ് തകർത്തു. ഇവയിൽ 21 എണ്ണം 1977-ൽ സമീപത്തു നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇവ ക്ലൂണി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കത്തീഡ്രലിലെ മണികൾ ഉരുക്കി പീരങ്കിയുണ്ടകൾ നിർമിച്ചു. 1804: നെപ്പോളിയൻ ചക്രവർത്തി ദേവാലയം ആരാധനയ്ക്കായി വിട്ടുകൊടുത്തു. ചക്രവർത്തിയുടെ കിരീടധാരണം ഈ ദേവാലയത്തിൽ നടത്തി. 1831: വിക്തോർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നു. അക്കാലമായപ്പോഴേക്ക് ദേവാലയം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കൂനൻ ക്വാസിമോന്തോയുടെ കഥ ദേവാലയ പുനരുദ്ധാരണത്തിലേക്ക് ജനശ്രദ്ധ ആകർഷിച്ചു.
1844: ദേവാലയ പുനരുദ്ധാരണം ആരംഭിച്ചു. ഴാങ് ബപ്തീസ്ത് ലാസൂസും യൂജീൻ എമ്മാനുവലും നേതൃത്വം നൽകി. 1905: ദേവാലയം ഫ്രഞ്ച് സർക്കാർ ഏറ്റെടുത്തു. ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. 1909: ജോവാൻ ഓഫ് ആർകിനെ പത്താം പിയൂസ് മാർപാപ്പ ഈ ദേവാലയത്തിൽവച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1944 ഓഗസ്റ്റ്: ജർമൻ പിടിയിൽനിന്നു പാരീസ് മോചനം നേടിയതിനു കൃതജ്ഞതാബലി നോട്ടർഡാം കത്തീഡ്രലിൽ. ജനറൽമാരായ ചാൾസ് ഡിഗോളും ഫിലിപ്പ് ലെക്ലറും പങ്കെടുത്തു. 1991: നോട്ടർ ഡാം കത്തീഡ്രൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ. 2012-13: കത്തീഡ്രലിന്റെ 850-ാം വാർഷികം
പാരീസിന്റെ കാവൽവിശുദ്ധരായ ഡെനിസിന്റെയും ജനവീവിന്റെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം. നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി കിരീടം ധരിച്ച വേദി. ജർമനിയുടെ ആധിപത്യത്തിൽനിന്നു പാരീസ് മോചിതമായതിന്റെ കൃതജ്ഞതാബലി നടന്ന സ്ഥലം. ഗോഥിക് വാസ്തുവിദ്യയുടെ മനോഹാരിത. മനോഹരമായ ചില്ലുജനാലകൾ. മണികൾ, 8000 പൈപ്പുകൾ ഉള്ള ഓർഗൻ തുടങ്ങി പുരാതന സാങ്കേതികത്തികവു നിറഞ്ഞ ഉപകരണങ്ങൾ. വിക്തർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ. പാരീസ് അതിരൂപതയുടെ കത്തീഡ്രൽ. പാരീസിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന സ്ഥലം (വർഷം 1.2 കോടി പേർ).നോട്ടർഡാം കത്തീഡ്രലിനെ വ്യത്യസ്തമാക്കുന്ന, ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായി മാറ്റുന്ന അനേകം സവിശേഷതകളുണ്ട്.
കർത്താവിന്റെ മുൾക്കിരീടം യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളാണ് കത്തീഡ്രലിന്റെ പ്രധാന പ്രത്യേകത. യേശുവിന്റെ തലയിൽ ചൂടിച്ച മുൾക്കിരീടത്തിന്റെ ഭാഗമാണ് ഇതിലൊന്ന്. മുൾക്കിരീടത്തിൽ ചുറ്റിയ നാട ജറുസലേമിൽനിന്നു കൊണ്ടുവന്നതാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രത്യേകമായി അലങ്കരിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. യേശുവിനെ തറച്ച കുരിശിന്റെ ഒരു കഷണം, തറയ്ക്കാനുപയോഗിച്ച ആണികളിലൊന്ന് എന്നിവയും ഇവിടെയുണ്ട്. വിശുദ്ധ ലൂയിയുടെ ലിനൻ വസ്ത്രവും ഇവിടെ സൂക്ഷിക്കുന്നു. പതിമ്മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലൂയി രാജാവ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ഏക ഫ്രഞ്ച് അധികാരിയാണ്.
തിരുശേഷിപ്പുകളെല്ലാം സുരക്ഷിതമാണെന്നാണ് പാരീസ് അധികൃതർ അറിയിച്ചത്. ചില്ലുജനാലകൾ സ്റ്റെയിൻഡ് ഗ്ലാസ് പാനലുകൾ ഉപയോഗിച്ചു നിർമിച്ച മൂന്നു റോസ് വിൻഡോ (പള്ളികളിൽ കാണുന്ന വലിയ വൃത്താകൃതിയിലുള്ള ജനാല)കൾ ഇവിടെ ഉണ്ടായിരുന്നു. പൂക്കളുടെ ദളങ്ങൾ പോലെയുള്ള ഓരോ ഭാഗത്തും ചിത്രങ്ങളുണ്ട്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും അപ്പസ്തോലന്മാരുടെ ജീവിതത്തിലെയും കഥകളാണ് ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.
പടിഞ്ഞാറ്, തെക്ക്, വടക്കു ഭാഗത്തായിട്ടാണ് റോസ് വിൻഡോകൾ. തെക്കു ഭാഗത്തുള്ള 43 അടി വ്യാസമുള്ള ഏറ്റവും വലുത് ടൂറിസ്റ്റുകളുടെ പ്രധാന ആകർഷകകേന്ദ്രമാണ്. ജനാലകൾ തീപിടിത്തത്തെ അതിജീവിച്ചെന്നാണു റിപ്പോർട്ട്. മണിഗോപുരങ്ങൾ ഇരട്ട മണിഗോപുരങ്ങളാണ് കത്തീഡ്രലിന്റെ മുഖമുദ്ര. രണ്ടു ഗോപുരങ്ങൾക്കും 68 മീറ്റർ ഉയരം. 387 പടികൾ കയറിയാൽ പാരീസ് നഗരം മുഴുവൻ കാണാം. മണിഗോപുരങ്ങൾ തീപിടിത്തത്തിൽനിന്നു രക്ഷപ്പെട്ടു. മണികൾ
പത്തു മണികളാണുള്ളത്. ഇമ്മാനുവൽ എന്നു പേരുള്ള ഏറ്റവും വലിയ മണിക്ക് 23 ടൺ ഭാരമുണ്ട്. 1685ലാണ് ഇതു സ്ഥാപിച്ചത്. ഫ്രഞ്ച് ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിൽ ഇമ്മാനുവലിന്റെ മുഴക്കം പാരീസ് നിവാസികൾ കേട്ടു. രണ്ടു ലോകമഹായുദ്ധങ്ങളും അവസാനിച്ചപ്പോൾ മുഴങ്ങിയതടക്കം. ദ ഗ്രേറ്റ് ഓർഗൻ ദ ഗ്രേറ്റ് ഓർഗൻ എന്നു വിളിക്കുന്ന പള്ളിയിലെ ഓർഗൺ 1403ലാണ് ആദ്യം നിർമിച്ചത്. പിന്നീടിങ്ങോട്ട് പലപ്പോഴായി അറ്റകുറ്റപ്പണിയും നവീകരണവും നടത്തി. ഏറ്റവും അവസാനം 2013ലായിരുന്നു. 8000 പൈപ്പുകളാണ് ഓർഗനു ശബ്ദം നല്കുന്നത്. ചില പൈപ്പുകൾക്ക് എണ്ണൂറിലധികം വർഷം പഴക്കമുണ്ട്. ഓർഗൻ സുരക്ഷിതമാണെന്നാണ് പാരീസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗറി അറിയിച്ചത്. പള്ളിയുടെ മധ്യത്തിൽ, മേൽക്കൂരയിൽനിന്ന് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന സ്തൂപിക തീപിടിത്തത്തിൽ നശിച്ചു. പാരീസിന്റെ സംരക്ഷക വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്തൂപികയിലാണു സൂക്ഷിച്ചിരുന്നത്. സ്തൂപിക പലപ്പോഴായി മാറ്റങ്ങൾക്കു വിധേയമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ നശിപ്പിക്കപ്പെട്ട ഇത് 1860ൽ പുനർനിർമിച്ചതായിരുന്നു.
Leave a Reply