നൗഷാദിന്റെ വലിയ മനസും കൈപുണ്യവും അറിഞ്ഞ ആർക്കും ‘ദ് ബിഗ് ഷെഫ്’ ഓർമ്മകൾ മാത്രമാകുന്നത് താങ്ങാനാവില്ല. പിതാവിന്റെ വിയോഗത്തോടെ തളർന്ന ബിരിയാണി പെരുമയുടെ അതിജീവനത്തിനായി ഇപ്പോഴിതാ മകൾ 13കാരി നഷ്‌വ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നൗഷാദിന്റെ വിയോഗത്തോട് തളർന്നുതുടങ്ങിയ സംരംഭത്തിന് ഊർജ്ജം പകരാൻ വെല്ലുവിളികളെ മറികടന്നു അമരത്തേക്ക് എത്തിയിരിക്കുകയാണ് നഷ്‌വ. താൻ നൽകിയിരുന്നതുപോലെ എല്ലാവർക്കും വയറുനിറയെ ആഹാരം കൊടുക്കണം എന്നായിരുന്നു മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ പോലും നൗഷാദ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്.

കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഉടമ, പാചകവിദഗ്ധൻ, സിനിമാ നിർമാതാവ്, ടിവി അവതാരകൻ തുടങ്ങി ഒട്ടേറെ മേഖലകളിലൂടെ മലയാളികൾക്ക് പരിചിതനായിരുന്ന സൗഷാദിന്റെ വിയോഗം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

നട്ടെല്ലിനു നടത്തിയ സർജറിക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്ന് 2021 ഓഗസ്റ്റിലാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തിനു രണ്ടാഴ്ച മുൻപാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. മാതാപിതാക്കളെ ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട നഷ്വയെ അന്ന് ആശ്വസിപ്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. അന്നുമുതൽ നഷ്വയുടെ രക്ഷകർതൃത്വം ഏറ്റെടുത്തിരിക്കുന്നത് മാതാവ് ഷീബയുടെ സഹോദരങ്ങളും കുടുംബവുമാണ്.

നൗഷാദിന്റെ മരണത്തോടെ നൗഷാദ് കേറ്ററിങ് ടീം തകർച്ചയിലേക്ക് പോയിരുന്നു. ഇവിടെ നിന്നും കൊഴിഞ്ഞുപോയവരിൽ പലരും സ്വന്തമായി ബിസിനസുകൾ ആരംഭിച്ചു. നൗഷാദിന്റെ പേരിലുള്ള കേറ്ററിങ് സർവീസ് ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റ് സ്ഥാപനങ്ങൾ ഓർഡർ സ്വീകരിക്കാൻ തുടങ്ങിയതോടെ നൗഷാദിന്റെ കാറ്ററിംഗും കുടുംബവും പ്രതിസന്ധിയിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോഴിതാ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് കാറ്ററിംഗ് ബിസിനസിന് പുത്തനുണർവ്വ് നൽകാൻ നൗഷാദ് കേറ്ററിങ് സർവീസിന്റെ സാരഥിയായി മകൾ നഷ്വ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘പിതാവിന്റെ കൈപ്പുണ്യം ഇനി മകൾ വിളമ്പും’ എന്ന ടാഗ്ലൈനോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പോസ്റ്റ് ഇതിനോടകം ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.

അതേസമയം, നൗഷാദിന്റെ ആഗ്രഹം മകളിലൂടെ പൂർത്തിയാകുമ്പോൾ സന്തോഷിക്കുന്നത് കുടുംബം മുഴുവനുമാണെന്നു ഷീബയുടെ സഹോദരി ജുബീനയും ഭർത്താവ് പിഎ നാസിമും പറയുന്നു.

നഷ്വയ്ക്കു ജന്മനാകിട്ടിയ പാചകസിദ്ധിക്കുമപ്പുറം പാചകം പ്രിയമുള്ള മേഖല കൂടിയാണ്. പിതാവിനെ പോലെ ഭക്ഷണവും പാചകവും തന്നെയാണു നഷ്വയുടെയും ഇഷ്ടമേഖല. ചെറുപ്പം മുതൽതന്നെ പിതാവിനൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ നഷ്വയും പോയിരുന്നു. പിതാവിന്റെ പാചകരീതികൾ ശ്രദ്ധിച്ചിരുന്ന നഷ്വ പിന്നീട് സ്വയം പാചകപരീക്ഷണങ്ങൾ നടത്തിത്തുടങ്ങി.

തിരുവല്ല ബിലീവേഴ്‌സ് സ്‌കൂളിലെ വിദ്യാർഥിനിയാണൂ നഷ്വ. ഭാവിയിൽ വിദേശത്തുപോയി പഠിക്കണമെന്നും പിന്നീട് നാട്ടിലെത്തി ‘നൗഷാദ് ദി ബിഗ് ഷെഫിന്റെ’ സാരഥ്യം മുഴുവനുമായും ഏറ്റെടുത്തു സജീവമാകണമെന്നുമാണു നഷ്വയുടെ ആഗ്രഹം.