ചക്രവാളങ്ങളെ നന്ദി
സിസ്റ്റര്‍ കാര്‍മേല്‍ മനഃപ്രയാസത്തോടെയാണ് ആ വാര്‍ത്തകള്‍ വായിച്ചത്. കണ്ണുകള്‍ മ്ലാനമായി. ചക്രവാളം മുതല്‍ ചക്രവാളംവരെ കാമഭ്രാന്തന്മാര്‍ കൂര്‍ത്ത നഖങ്ങളുമായി പറക്കുന്നു. ഇവരില്‍ കൂടുതലും ശക്തരും കരുത്തരും ധനികരും അധികാരികളുമാണ്. ഓരോന്ന് വായിക്കുന്തോറും മരവിപ്പാണ് തോന്നുന്നത്. ഇപ്പോള്‍ പലരും വന്‍കൊടുംങ്കാറ്റില്‍ പിഴുതെറിയപ്പെടുന്ന മരങ്ങള്‍ പോലെ നിലം പരിശാവുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രമാണലംഘനമായതുകൊണ്ടാകാം ഇതൊക്കെ സംഭവിക്കുന്നത്. മുന്‍ ജര്‍മ്മന്‍ മലയാളി എം.പി ബാലലൈംഗിക ചിത്രങ്ങളുടെ പേരില്‍ കോടതിയില്‍ നിന്ന് ശിക്ഷ വാങ്ങിയിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം ഈ പദവിയിലിരുന്ന മനുഷ്യന്‍ എന്താണ് ഇങ്ങനെ ചെയ്തത്. ജര്‍മന്‍ രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിച്ച ഈ നാല്‍പത്തഞ്ചുകാരന് എന്താണ് സംഭവിച്ചത്?
താന്‍ ജര്‍മ്മനിയിലായിരുന്ന കാലത്ത് ഇയാളെപ്പറ്റി മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും എന്ത് അഭിമാനമായിരുന്നു. ഏതാനും പേരാല്‍ തെരെഞ്ഞെടുക്കുന്ന ഒരു കൗണ്‍സിലര്‍ പോലെ മറ്റൊന്നും ചെയ്യാനില്ലാത്ത രാഷ്ട്രീയ പദവിയല്ല വികസിത രാജ്യങ്ങളിലെ ഒരു മെംബര്‍ ഓഫ് പാര്‍ലമെന്റ് പദവി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധാരാളം ക്രിമിനലുകളായ എം.പി. മാരും എം.എല്‍.എ.മാരും മന്ത്രിമാരുമുണ്ട്. അവരെപ്പോലെ ഇയാളും ആയതില്‍ സ്വാഭാവികമായി ആര്‍ക്കും സംശയങ്ങളുണ്ടാകാം. അതാണ് വാസ്തവം. ഇങ്ങനെയൊരു മോഹം മനസിലുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് ജര്‍മനിയിലേക്ക് വന്നത്. നിങ്ങളെപ്പോലുള്ളവര്‍ക്ക് ഇന്ത്യയായിരുന്നില്ലേ നല്ലത്. കൊലയാളിയായാലും കൊള്ളക്കാരനായാലും അഴിമതിക്കാരനായാലും കോടതി വഴി രക്ഷപെടാനുള്ള എല്ലാ വാതിലുകളും ഭരണകൂടം ചെയ്തുതരുമായിരുന്നു.
എഴുപതില്‍പ്പരം വര്‍ഷമായി ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചിട്ട്്. ഇന്നുവരെ പട്ടിണിയും ദാരിദ്ര്യവും അഴിമതിയും മാറിയിട്ടില്ല. ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ്. സ്വാതന്ത്യം കിട്ടിയ നാള്‍മുതല്‍ ഭരണത്തില്‍ വന്നവരൊക്കം കുത്തകമുതലാളിമാര്‍ക്കൊപ്പം മുതലാളിമാരായി വാഴുന്നു. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും അവിടുത്തെ സ്ത്രീവിരുദ്ധചിന്തകള്‍ക്കും അതിക്രമങ്ങളും കാണുമ്പോള്‍ അമര്‍ഷമാണ്‌തോന്നുന്നത്. യുദ്ധസമാനമായ ഭീതിയിലാണ് പെണ്‍കുഞ്ഞുങ്ങള്‍ അവിടെ ജീവിക്കുന്നത്. ക്രമസമാധാനചുമതലയുള്ള പോലീസാകട്ടെ സമ്പന്നരുടെ പിടിയിലാണ്.
പാവങ്ങള്‍ക്ക് രക്ഷയില്ല. നിയമങ്ങളെ കാറ്റില്‍ പറത്തുന്ന പോലീസ്. അവരെ ശിക്ഷിക്കാന്‍ ഭരണത്തിലുള്ളവര്‍ മുന്നോട്ട് വരില്ല. കാരണം അവരും ഇവരെക്കാള്‍ കൊടുംകുറ്റവാളികളാണ്. ചരിത്രം പരിശോധിച്ചാല്‍ ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഒരുപാടുണ്ട്. ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലും ഇന്ന് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും പട്ടിണിയും പോലെ വേശ്യകളെയും വളര്‍ത്തുന്ന രാജ്യം. ഇവരൊക്കെ സ്വന്തം താല്പര്യപ്രകാരം ഈ തൊഴില്‍ കണ്ടെത്തിയവരല്ല, ജന്മത്തില്‍ വേശ്യകളില്ല. സാഹചര്യത്തില്‍ സൃഷ്ടിക്കപ്പെടുന്നവരാണവര്‍.
ബ്രിട്ടനിലെ മന്ത്രി രാജിവച്ചിരിക്കുന്നു. അതിന്റെ കാരണം അയാളുടെ നഗ്നമായ ഫോട്ടോകളും മറ്റും ചില സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തതാണ്. അതൊക്കെ മാധ്യമങ്ങള്‍ അപ്പപ്പോള്‍ പുറത്തു കൊണ്ടുവരികയും ചെയ്തു. . അതിനുള്ള ധൈര്യവും ആത്മാര്‍ത്ഥതയും ആദരിക്കപ്പെടണം. ഇവിടുത്തെ പത്രങ്ങളില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പുരുഷന്മാരെ വശീകരിക്കുന്നതുപോലെ ഈ മന്ത്രി എന്തിനു ശ്രമിച്ചു. സ്ത്രീകളെ വശീകരിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ ആ കാണിച്ചത് അവിവേകമായി പോയി. ഇയാളൊരു മനോരോഗിയെന്ന് ആരെങ്കിലും വിളിച്ചാല്‍ കുറ്റപ്പെടുത്താനാകുമോ? സാധാരണ സിനിമയിലും മോഡലിംഗിലുമാണ് സ്ത്രീശരീരങ്ങളെ വിറ്റു കാശാക്കുന്നത്. ഇവിടെയിത് ഇന്റര്‍നെറ്റിലും പ്രദര്‍ശിപ്പിക്കുന്നു. കാണുമ്പോള്‍ പലപ്പോഴും പ്രയാസം തോന്നാറുണ്ട്. ഇത് സ്വന്തം സഹോദരിയോ അമ്മയോ ആണെങ്കില്‍ ഇവര്‍ക്ക് എന്തു വികാരമാണ് ഉണ്ടാകുക. എല്ലാ രംഗത്തും സ്ത്രീകളെ ഒരു കച്ചവട ചരക്കാക്കുന്ന ഒരു ജീര്‍ണിച്ച സംസ്കാരത്തിന്റെ ഭാഗമാണിത്. പെണ്‍കുട്ടിയുടെ പ്രായവും സൗന്ദര്യവും നോക്കി വില്പന നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രാകൃതസ്വഭാവത്തിലേക്കാണോ ഇന്നത്തെ ആധുനിക മനുഷ്യന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനെ നിരൂത്സാഹപ്പെടുത്തേണ്ടവര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് എന്താണ്?
സിസ്റ്റര്‍ കാര്‍മേലിന്റെ കണ്ണുകളില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലെ ചിക്കാഗോയിലെ മരിയ പുസ്സോസിലാണ്. ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഉന്നതന്മാരും സ്ത്രീകളെ വെറും കറവപശുക്കളെപ്പോലെയാണ് കാണുന്നത്.
വികസിത രാജ്യങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ ദരിദ്ര്യരാജ്യങ്ങളിലെ പെണ്‍കുട്ടികളും സ്ത്രീകളും സ്വന്തം കുടുംബത്തിലെങ്കിലും സുരക്ഷിതരാണോ? അതൊന്നും പുറംലോകമറിയുന്നില്ല. ഈ രാജ്യങ്ങളില്‍ അത് അത്ര ഗുരുതരമല്ല .പോലീസും കോടതിയും നിയമങ്ങളും ഇന്നും സ്ത്രീകളെ വേട്ടയാടുന്നു. ദരിദ്ര്യരാജ്യത്തായാലും വികസിതരാജ്യത്തായാലും സുന്ദരസ്വപ്നങ്ങളുള്ള ജീവിതത്തിന്റെ മധുരിമകള്‍ നുകര്‍ന്ന് ജീവിക്കാനാഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. അതിനുകഴിയാതെ വരുമ്പോഴാണ് അവരുടെ സ്ത്രീത്വം വിലപേശപ്പെടുന്നത്.
സിസ്റ്റര്‍ കാര്‍മേല്‍ സന്തോഷത്തോടെ ഫാത്തിമയോട് പറഞ്ഞു.
“”നമ്മെ മുന്നോട്ടു നയിക്കുന്നത് ധൈര്യവും വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അങ്ങനെയെങ്കില്‍ നമ്മള്‍ ലക്ഷ്യത്തിലെത്തും. അതിനാല്‍ നമ്മുടെ ഓരോ ചലനങ്ങളും വാക്കുകളും മറ്റുള്ളവര്‍ കീഴടക്കാന്‍ ഇടയാക്കരുത്” സിസ്റ്റര്‍ കാര്‍മേലിന്റെ വാക്കുകള്‍ അവള്‍ക്ക് വിലയേറിയ മുത്തുകള്‍പോലെയാണ്.മറ്റുള്ളവരെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും അള്ളാഹു തനിക്കും അവസരം തരാതിരിക്കില്ല. യാതൊരു പ്രതിഫലവും കൈപറ്റാത്ത നല്ലൊരു സാമൂഹികപ്രവര്‍ത്തകയായി മാറാന്‍ അവളുടെ മനസ് ആഗ്രഹിച്ചു.
മേശപ്പുറത്തിരുന്ന ഫോണില്‍ സിസ്റ്റര്‍ കാര്‍മേല്‍ ജാക്കിയെ വിളിച്ചു. അവന്‍ വേഗത്തില്‍ സിസ്റ്ററുടെ അടുത്തെത്തി.
ഫാത്തിമ യാത്ര പറഞ്ഞുപോയി. എല്ലാറ്റിനും പരിഹാരമായല്ലോ എന്ന ഭാവത്തില്‍ സിസ്റ്റര്‍ സ്‌നേഹവായ്‌പോടെ ജാക്കിയെ നോക്കി പറഞ്ഞു.
“”ഞാന്‍ കൊട്ടാരം കോശിയെ വിളിച്ചു. ഞങ്ങള്‍ ധാരാളമായി സംസാരിച്ചു. എന്റെ ഗള്‍ഫ് യാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് പോകണമെന്നുണ്ട്. നാളെ മുതല്‍ ഒരാഴ്ചക്കാലം ഞാന്‍ ബഹ്‌റിനിലും ദുബൈയിലുമാണ്. യു.എന്‍.എ.യുടെ പ്രത്യേക ആവശ്യപ്രകാരമാണ് ഈ യാത്ര. സഭയും ഒപ്പമുണ്ട്. പിന്നെ എന്നെ ഏല്പിച്ച കാര്യങ്ങള്‍ ചെയ്തു എന്നാണ് എന്റെ വിശ്വാസം. എന്തെങ്കിലും കുറവ് വരുത്തിയാല്‍ കൊട്ടാരം കോശി വഴക്ക് പറയില്ലേ. ഇവിടെ നിന്ന് പോയാലും പഠനത്തിലും ജോലിയിലുമൊക്കെ വളരെ ശ്രദ്ധിക്കണം. പണത്തിന് ആവശ്യമുണ്ടെങ്കില്‍ പറയൂ.”
അവന്‍ ആദരവോടെ പറഞ്ഞു”” വേണ്ട സിസ്റ്ററെ, ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ല. മരിക്കും വരെ ഈ ഉപകാരങ്ങള്‍ ഞാന്‍ മറക്കില്ല. എനിക്ക് ഒരു ആഗ്രഹമുള്ളത് പതുക്കെ ഒരു കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യണമെന്നാണ്. അതിന്റെ കാരണം പഠനം കഴിഞ്ഞ് മടങ്ങിപ്പോയാലും എന്റെ തൊഴില്‍രംഗം തന്നെ അതാണ് സിസ്റ്റര്‍”.
സിസ്റ്റര്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ ആഗ്രഹത്തിന് ഉറപ്പൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന് പ്രതീക്ഷ കൊടുത്തുകൊണ്ട് പറഞ്ഞു “”നിന്റെ ആഗ്രഹങ്ങള്‍ നിറവേറാനായി പ്രത്യേകം പ്രാര്‍ത്ഥിക്കുക. അങ്ങിനെയെങ്കില്‍ നിന്റെ ആഗ്രഹം പോലെ സാധിക്കും. ഇവിടെ അമ്പലങ്ങളുണ്ട്. സമയം കിട്ടുമ്പോള്‍ ഈശ്വരന്റെ മുന്നില്‍ നിന്റെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുക. ഒക്കെ സാധിക്കും ഞാനും പ്രര്‍ത്ഥിക്കാം” സിസ്റ്റര്‍ പുഞ്ചിരിയോടെ പറഞ്ഞു.
Leave a Reply