നാഴികമണിനാദം
ബഹ്‌റിനില്‍ നിന്നും തിരികെയെത്തിയ സിസ്റ്റര്‍ കാര്‍മേലിന് ഒരാഴ്ചയ്ക്കുള്ളില്‍ ബഹ്‌റിന്‍ മന്ത്രി അബ്ദുള്ളയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. പോലീസടക്കമുള്ള എല്ലാ വകുപ്പുമേധാവികളെയും രഹസ്യവിചാരണ ചെയ്തു. എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, ഹോട്ടലുകള്‍ അങ്ങിനെ എല്ലാം രംഗത്തും നിയമങ്ങള്‍ കര്‍ശനമാക്കി. വേശ്യാവൃത്തിക്ക് കൂട്ടുനില്ക്കുന്ന ഹോട്ടലുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പു നല്കി. ഇതിനൊക്കെ കൂട്ടു നില്ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്കാനും നിര്‍ദ്ദേശം നല്കി. ഈ നടപടികള്‍ കാമരോഗികളുടെ മനോവീര്യം കെടുത്തുകതന്നെചെയ്യും. വേശ്യകളുടെ പുനരധിവാസത്തിനും ആതുരശാലകളുമായി കൂട്ടിയോജിപ്പിക്കുമെന്നും സിസ്റ്റര്‍ കാര്‍മേലിന്റെ ലേഡീസ് കെയര്‍ ഗോമിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തിനുള്ള ഒരു സന്ദേശമാണ്. ഏതു ദാരിദ്ര്യവും പാപവും ധാര്‍മീകമൂല്യങ്ങള്‍ക്ക് അപ്പുറമല്ല. നല്ല ഭരണാധിപന് തിന്മയെ നന്മകൊണ്ട് തകര്‍ത്തെറിയാന്‍ കഴിയും. പലരാജ്യങ്ങളിലും അധികാരികളില്‍ വിശ്വാസമില്ലാത്ത ഒരു ജനതയാണ് വളര്‍ന്നു വരുന്നത്. അതിനാല്‍ തിന്മകള്‍ വളരുന്നു.
ഭരണത്തിനെതിരെ ജനങ്ങള്‍ അണി നിരക്കുന്നു. ജനതയെ നേരായ പാതയില്‍ നടത്താന്‍ ഇവര്‍ക്കാവില്ല. സിസ്റ്റര്‍ കാര്‍മേല്‍ ജനാലയിലൂടെ വൈകിയെത്തിയ സൂര്യപ്രകാശത്തെ നോക്കിയിരുന്നു. സ്‌നേഹവും സത്യവും പ്രകാശത്തിനൊപ്പമാണ്. ഇരുട്ടിനൊപ്പം പോകാന്‍ അവര്‍ക്കാവില്ല. അവരുടെ പ്രതീക്ഷകളെ സ്വപ്നങ്ങളെ ആര്‍ക്കും തല്ലിക്കെടുത്താനാകില്ല. മനുഷ്യമനസ്സിനെ ഇരുളില്‍നിന്ന് ഇല്ലായ്മ ചെയ്ണം . ഈ പ്രകാശത്തിന്‍ തിളക്കമുള്ള ഒരു നിഴലായി ജീവിച്ചുമരിക്കാനാണ് മോഹം. നമുക്ക് ലഭിക്കുന്ന പ്രകാശത്തിന് പേലും സ്‌നേഹവും അനുകമ്പയും കാരുണ്യവുമുണ്ട്. ആ കാരുണ്യത്തിലല്ലേ ഓരോ സസ്യങ്ങളും മരങ്ങളും വളര്‍ന്ന് നമുക്ക് ഭക്ഷിക്കാന്‍ ധാന്യങ്ങളും മധുരങ്ങളും കായ്കനികളും നല്കുന്നത്. ഒരു മരം നല്കുന്ന സ്‌നേഹവും കാരുണ്യവും കരുതലും മനുഷ്യനില്ലാത്തത് എന്താണ്?
പുറത്തെ പ്രകാശത്തില്‍ മുഴുകിയിരുന്ന സിസ്റ്റര്‍ കാര്‍മേല്‍ സിസ്റ്റര്‍ നോറിന്‍ അകത്ത് വന്നത് കണ്ടില്ല. സിസ്റ്റര്‍ പുറത്തേക്ക് നോക്കി മയങ്ങി ഇരിക്കുന്നത് എന്താണ്? കഴിഞ്ഞ രാത്രിയില്‍ ശരിക്കുറങ്ങിയില്ലേ? സിസ്റ്റര്‍ ശങ്കിച്ചു നിന്നു. ചിലപ്പോള്‍ സിസ്റ്റര്‍ ഇങ്ങനെയാണ്. കസേരയിലാണെങ്കിലും ധ്യാനത്തില്‍ മുഴുകിയിരിക്കും. എത്ര ശ്രമിച്ചിട്ടും അതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പാപത്തില്‍ അകപ്പെട്ടുപോയ വേശ്യകള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമല്ലേ. അതായിരിക്കാം മനസ് എപ്പോഴും സംഘര്‍ഷമാകുന്നത്. സുഖഭോഗജീവിതം നയിക്കുന്നവരെയും ആ വ്യവസ്ഥിതിയെയും വലിച്ചെറിയുക അത്ര എളുപ്പമല്ലെന്ന് സിസ്റ്റര്‍ നോറിന് അറിയാം.
“”ഗുഡ് മോര്‍ണിംഗ് സിസ്റ്റര്‍”
സിസ്റ്റര്‍ കാര്‍മേല്‍ തിരിഞ്ഞുനോക്കി പുഞ്ചിരിയോടെ പറഞ്ഞു “”ഗുഡ്‌മോര്‍ണിംഗ്”
“”എന്താണ് സിസ്റ്റര്‍ ആലോചിക്കുന്നത്”
“”ഞാന്‍ പ്രകാശത്തിന്റെ നന്മകളെക്കുറിച്ചോര്‍ക്കയായിരുന്നു. ”
“”സത്യം വെളിച്ചമാണ്.അത് മനസ്സിലാക്കാന്‍ മനുഷ്യന് കഴിയുന്നില്ല” സിസ്റ്റര്‍ നോറിന്‍ സന്തോഷത്തോടെ മറുപടി പറഞ്ഞു.
“”ഞാന്‍ വന്നത് നന്ദി പറയാനാണ്. ബഹ്‌റിനിലെ ഭരണാധികാരിയുടെ കത്ത് വായിച്ചു. ആ യാത്രക്ക് ഫലമുണ്ടായി. ഇതുപോലെ മറ്റു രാജ്യങ്ങളില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ഉണ്ടാകട്ടെ.” ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് പ്രാധാന്യം. അവരുടെ സഹകരണവും സാമ്പത്തിക സഹായവുമൊക്കെ തുടര്‍ന്നും ഉണ്ടാകണമെങ്കില്‍ അവരുടെ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാവില്ല.”
“”എന്റെ ബഹ്‌റിന്‍ യാത്രയുടെ വെളിച്ചത്തില്‍ ഒരു കാര്യം ബോധ്യമായി. ദരിദ്രരാജ്യത്തെ ജനാധിപത്യത്തെക്കാള്‍ നല്ലത് ബഹ്‌റിലെ രാജഭരണം തന്നെയാണ്. ഞാന്‍ അവതരിപ്പിച്ച വിഷയത്തില്‍ എത്ര പെട്ടെന്നാണ് നടപടികളുണ്ടായത്. പരിചയമുള്ള ഒരു സ്കൂള്‍ പ്രിന്‍സിപ്പിള്‍ നിര്‍മലയുടെ വീട്ടിലായിരുന്നു ഞങ്ങള്‍ക്ക് ഊണ്. സമയം കുറവായതിനാല്‍ അവരുടെ സ്കൂള്‍കുട്ടികളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല. നിര്‍മ്മല ഇന്നലെ വിളിച്ചിരുന്നു. പോലീസ് മൊത്തം അരിച്ചുപെറുക്കുകയാണെന്നും സംശയാസ്പദമായി കാണുന്നവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുന്നു എന്നും നിര്‍മ്മല പറഞ്ഞു.”
“”ഇനി ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു മാസമെങ്കിലും താമസിക്കണം. എന്നെ സ്വീകരിക്കാന്‍ എന്റെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. ഞാന്‍ പഠിച്ചു വളര്‍ന്ന സ്ഥലം അല്ലെ? ”
കാര്‍മേലിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം അലയടിച്ചു. ജന്മനാടിന്റെ മഹത്വം സിസ്റ്റര്‍ നോറിനറിയാം. സമയം കിട്ടുമ്പോഴൊക്കെ തന്റെ ജന്മദേശമായ സ്‌കോട്‌ലണ്ടിലേക്ക് പോകാറുണ്ട്. അതിനാല്‍ സിസ്റ്ററുടെ ആഗ്രഹത്തിന് എതിരഭിപ്രായം പറയാന്‍ തനിക്ക് എങ്ങനെ കഴിയും? എത്രയോ വര്‍ഷമായി ഈ സ്ഥാപനത്തിന്റെ വെളിച്ചമാണ് ഈ ദൈവദാസി. സ്വന്തം നാട്ടിലേക്ക് അവരും പോകട്ടെ.
“”ഒരു നീണ്ട യാത്ര എനിക്കിവിടെ ബുദ്ധിമുട്ടുണ്ടാക്കും. എന്നാലും സിസ്റ്റര്‍ക്ക് എത്രനാള്‍ വേണമെങ്കിലും ഇന്ത്യയില്‍ കഴിയാം. കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ കഴിയുമല്ലോ. സത്യം പറയാമല്ലോ കേരളം കാണാന്‍ എനിക്കും വളരെ കൊതിയാണ്. നമ്മള്‍ രണ്ട് പേരും ഇവിടെനിന്നും മാറി നില്ക്കാനും പാടില്ല.” “” ങ്ഹാ! പാടില്ല. ഞാന്‍ പ്രാര്‍ത്ഥന കഴിഞ്ഞിട്ടുവരാം സിസ്റ്റര്‍.” ഞാന്‍ പെട്ടെന്ന് സിസ്റ്റര്‍ നോറിന്റെ കവിളത്ത് ഒരു ചുംബനം കൊടുത്തിട്ട് പ്രാര്‍ത്ഥനാമുറിയിലേക്ക് പോയി. സിസ്റ്റര്‍ നോറിന്‍ ആ പോക്ക് സന്തോഷത്തോടെ നോക്കി നിന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഒപ്പമുണ്ടെങ്കില്‍ എല്ലായിടത്തും ഒരു ശ്രദ്ധയുണ്ട്. സിസ്റ്റര്‍ പോയാല്‍ പ്രഭാഷണങ്ങള്‍ ആരു നടത്തും.
രോഗികള്‍ വര്‍ദ്ധിച്ചാല്‍ സഹായത്തിന് ആരുണ്ട്. എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തില്ലേ? എന്തെങ്കിലും അത്യാവശ്യ യാത്രകള്‍ വന്നാല്‍ ആരാണ് പോകുക? ആശുപത്രിയുടെയും മറ്റു കാര്യങ്ങളുടെയും ഉത്തരവാദിത്വം ആരെ ഏല്പിക്കും. സിസ്റ്റര്‍ നോറിന്‍ ആലോചനയോടെ നിന്നു. സിസ്റ്റര്‍ക്ക് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ റോമില്‍ നിന്നുള്ള അനുമതി വേണം. അവിടുത്തെ ഡയറക്ടറോട് കാര്യങ്ങള്‍ അവതരിപ്പിക്കാം. അവരും സമ്മതിക്കണം. സിസ്റ്റര്‍ കാര്‍മേല്‍ ഇറ്റലി യാത്രയില്‍ അവര്‍ കൂടി സംസാരിക്കട്ടെ. അങ്ങോട്ടുള്ള യാത്രയും സിസ്റ്റര്‍ കര്‍മേലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ ഒരാളെ കണ്ടെത്തണം. ഒരാഴ്ച നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ ദൈവത്തെ സേവിപ്പാന്‍ കഴിവുള്ള ഒരാളെ കണ്ടെത്തണം.
സൂര്യന്റെ സഞ്ചാരപദം പടിഞ്ഞാറേക്കു മാറിയ സമയം കെയര്‍ ഹോമിലെ കൃഷിക്കാരായ സ്ത്രീകള്‍ വിളവെടുപ്പിനായി കൃഷിസ്ഥലത്തേക്കിറങ്ങി. അവരുടെ ഇടയില്‍ സിസ്റ്റര്‍ കാര്‍മേലും സിസ്റ്റര്‍ നോറിനും ഉണ്ട്. തക്കാളിയുടെ വിളവെടുപ്പായിരുന്നു അന്ന്. മെര്‍ളിനും ഫാത്തിമയും പയര്‍ പറിക്കുകയാണ്. കൃഷിക്കിറങ്ങിയവരെ സിസ്റ്റര്‍ അഭിനന്ദിച്ചു. പെട്ടെന്ന് ആകാശം ഇരുണ്ടു കാണപ്പെട്ടു.സൂര്യരശ്മികള്‍ എങ്ങോ പോയൊളിച്ചു. കനത്ത മഴ പെയ്യാന്‍ തുടങ്ങി. പച്ചക്കറികളുമായി അവര്‍ അകത്തേക്ക് ഓടി.
മാസങ്ങള്‍ കഴിഞ്ഞു. തണുപ്പും മഞ്ഞും പ്രകൃതിയെ മൂടിപ്പുതച്ചു. ജാക്കിയും സിസ്റ്റര്‍ കാര്‍മേലും പലവട്ടം ഫോണില്‍ സംസാരിച്ചു.
ഈസ്റ്റ് ലണ്ടനിലെ ജോബ് സെന്റര്‍ പ്ലസിലേക്ക് മൂടിപ്പുതച്ചു കിടന്ന മഞ്ഞിലൂടെ ജാക്കി മുന്നോട്ടു നടന്നു. ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ വെളുത്ത നിറത്തിലുള്ള മഞ്ഞുപൂക്കള്‍ ഭൂമിയിലേക്ക് പതിക്കുന്നു. മഞ്ഞും മഞ്ഞുവീഴ്ചയും മഞ്ഞുപൂക്കളും ജാക്കിക്ക് പുതിയ അനുഭവങ്ങളാണ്. ഇതിനിടയില്‍ തണുത്ത കാറ്റും വീശിയടിക്കുന്നുണ്ട്. ജോബ് സെന്ററിലെത്തി മുറിയുടെ രഹസ്യ നമ്പര്‍ അമര്‍ത്തി കതക് തുറന്ന് അകത്തു പ്രവേശിച്ചു. സെക്യൂരിറ്റി മുറിയുടെ കതക് തുറന്നയുടനെ അടുത്ത വാതിലിലൂടെ ജോബ് സെന്ററിലെ ജോലിക്കാരിയും മലയാളി സ്ത്രീയുമായ ഷൈലാമ്മ ധൃതിയില്‍ പോകുന്നതു കണ്ടു.
സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ ഇംഗ്ലീഷുകാരനായ ഡേവിഡ് ലൂയിസ് ആണ്. ജോബ് സെന്റര്‍ രാവിലെ ഒന്‍പത് മണിക്കാണ് തുറക്കുന്നതെങ്കിലും അത് തുറക്കേണ്ടത് എട്ടുമണിക്കാണ്. ആ ജോലി ചെയ്യുന്നത് സൂപ്പര്‍വൈസറാണ്. ഈ സ്ത്രീ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. അവര്‍ രാവിലെ വരുന്നത് എന്തിനാണ്? സ്കൂളില്‍ നിന്ന് എട്ടു വയസുള്ള മൂത്തമകള്‍ സ്കൂള്‍ കഴിഞ്ഞ് ജോബ് സെന്ററില്‍ വരുന്നത് പല ദിവസങ്ങളിലും കണ്ടിട്ടുണ്ട്.
ഷൈലാമ്മയുടെ മാതാപിതാക്കള്‍ സിങ്കപ്പൂരില്‍ നിന്ന് വന്നിട്ടുള്ള മലയാളികളാണ്. ചിലപ്പോഴൊക്കെ ഈ സ്ത്രീയുടെ വഴിവിട്ട ബന്ധങ്ങള്‍ കണ്ണില്‍ പെടുകയും ചെയ്തു. ഒരു ദിവസം കണ്ട കാഴ്ച സെക്യൂരിറ്റിയുടെ മുറിക്കുള്ളില്‍ ഷൈലാമ്മയെ ഡേവീസ് ലൂയിസ് മുകളിലേക്ക് ഉയര്‍ത്തുന്ന കാഴ്ചയാണ്. കുടുംബവും കുഞ്ഞുങ്ങളുമായി കഴിയുന്ന ഈ സ്ത്രീ എന്തിനിങ്ങനെ!. ഇവരുടെ ബന്ധത്തെപ്പറ്റി ജോബ്‌സെന്ററില്‍ എല്ലാവര്‍ക്കുമറിയാം. മറ്റു പല രാജ്യത്തുനിന്നുള്ള സ്ത്രീകളും ഇവിടെ ജോലിയിലുണ്ട്. ഇവര്‍ മാത്രമാണ് ഇങ്ങനെ വഴിവിട്ടു നടക്കുന്നത്. ഇവര്‍ മലയാളികള്‍ക്ക് തന്നെ അപമാനമാണ്. വന്നപ്പോള്‍ മലയാളി എന്നറിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നു.
പക്ഷെ മലയാളം അവര്‍ക്ക് ഇഷ്ടമല്ല. ഒരു മലയാളി മറ്റൊരു മലയാളിയെ പരിചയപ്പെട്ട മാനസിക സംഘര്‍ഷം ഇപ്പോഴും മനസ്സിലുണ്ട്. വിദേശത്ത് എല്ലാ മലയാളികള്‍ക്കും മലയാളം ഇഷ്ടമല്ലെന്ന് അന്നാണ് മനസ്സിലായത്. അതിന് ശേഷം ഒരു മലയാളിയോടും മലയാളത്തിന്റെ മഹത്വം താന്‍ വിളമ്പാറില്ല. മാതൃഭാഷയെ ബഹുമാനിക്കാത്ത, മലയാളത്തെ പീഡിപ്പിക്കുന്ന മലയാളികള്‍ പലയിടത്തുമുണ്ട്. അവളുടെ ചുണ്ടിലെ ചുവപ്പു നിറവും മുഖത്തെ ചായങ്ങളും ആഡംബരവസ്ത്രങ്ങളും അവളെക്കുറിച്ച് കൂടുതലറിയാന്‍ തന്നെ പ്രേരിപ്പിച്ചു. അവിടുത്തെ മറ്റു മലയാളികള്‍ നന്നായി തന്നെയാണ് തന്നോട് ഇടപെട്ടത്. അവരെല്ലാവരും സന്തോഷമുള്ളവരായിരുന്നു. ഷൈലാമ്മയ്ക്ക് തന്നോട് അമര്‍ഷമുണ്ട്. ഞാന്‍ കണ്ട കാഴ്ചകള്‍ ഇവരുടെ സമനില തെറ്റിച്ചുകാണാം. അതാണ് ശൗര്യത്തിന്റെ ജ്വാലകള്‍ അവരുടെ കണ്ണുകളില്‍ എരിയുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ജോബ് സെന്ററില്‍ തൊഴിലില്ലാ വേതനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങാന്‍ വരുന്നവരോടുള്ള ഇവരുടെ ഇടപെടലും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.
ജോലി കഴിഞ്ഞ് മുറിയിലെത്തിയ ജാക്കി കട്ടിലില്‍ കിടന്ന കത്ത് തുറന്നു വായിച്ചു. സ്ഥലംമാറ്റം അറിയിച്ചുകൊണ്ടുള്ള കത്താണ്.
Leave a Reply