കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -6

കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -6
August 21 03:12 2019 Print This Article

ആകാശമേഘങ്ങള്‍

ജാക്കിക്ക് ഓരോ നിമിഷവും ആശങ്കകള്‍ ഏറി വന്നു. ഒരേ സമയം മഠം തനിക്കൊരു ആശ്രയവും പേടിസ്വപ്നവുമായി മാറുന്നു. ഭക്ഷണം കഴിച്ചശേഷം ഹാളില്‍ ഇരിക്കുമ്പോള്‍ സിസ്റ്റര്‍ കാര്‍മേല്‍ വന്നു ചോദിച്ചു “”ജാക്കിക്ക് ഇനി എന്തെങ്കിലും വേണോ?”
“”ഒത്തിരി കഴിച്ചു” എന്നവന്‍ ഉത്തരം കൊടുത്തു.
“”രാവിലെ വരുമ്പോള്‍ ചായ, കോഫി ചോദിച്ചാല്‍ അവര്‍ തരും കെട്ടോ. രാവിലെ ഞാനിവിടെ കാണില്ല. അതാ യൂണിയില്‍ പോകാന്‍ മെര്‍ളിനെ ഏല്പിച്ചത്. എന്നാല്‍  ജാക്കി മുറിയിലേക്ക് പൊക്കോളൂ”
അവന്‍ അനുസരിച്ചു. സിസ്റ്റര്‍ പാത്രവുമായി അകത്തേക്ക് പോയി. മുറിക്കുള്ളിലെത്തിയ ജാക്കിക്ക് ഒരു ജഗ്ഗില്‍ വെള്ളവുമായി മെര്‍ളിനെത്തി. ആവര്‍ ആംഗ്യം കാട്ടി പറഞ്ഞു.
“”രാത്രിയില്‍ വേണമെങ്കില്‍ കുടിക്കാം.” അവളുടെ വസ്ത്രധാരണവും ശരീരഭംഗിയും കണ്ടാല്‍ ഏതു പുരുഷനും ലൈംഗികമോഹം ഉണര്‍ത്തും വിധമാണ്. രാത്രി ഉറങ്ങുന്നത് ഇതുപോലുള്ള ചുരുങ്ങിയ വസ്ത്രങ്ങളിലാണോ? അവള്‍ എങ്ങിനെയും വസ്ത്രം ധരിക്കട്ടെ. ഇതുപോലുള്ള ധാരാളം ശാരീരികസൗന്ദര്യദൃശ്യങ്ങള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

അവള്‍ സ്‌നേഹപൂര്‍വ്വം കയ്യുയര്‍ത്തി ബൈ പറഞ്ഞു പോയി. അവന്റെ മനസ്സിലേക്ക് സ്വന്തം നാട് കടന്നുവന്നു. ഒരു പുരുഷനും സ്ത്രീയും കരങ്ങള്‍ കോര്‍ത്ത് റോഡിലൂടെ സഞ്ചരിച്ചാല്‍ ആഭാസങ്ങള്‍ വിളിച്ചു പറയുന്ന ധാരാളം പേരുണ്ട്.  അവന്‍ കതകടച്ചിട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. രാത്രി എട്ടുമണി കഴിഞ്ഞിട്ടും പകല്‍ മാറിയിട്ടില്ല. സൂര്യന്‍ ഇപ്പോഴും ചന്ദ്രനെ വെല്ലുവിളിക്കുകയാണോ?
പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ സിസ്റ്റര്‍ കാര്‍മേല്‍  മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ജാക്കിയില്‍ നിന്ന് പിതാവിന്റെ കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ഹൃദയമിടിപ്പ് കൂടിയ നിലയിലാണ്. ജീവിതത്തില്‍ വെച്ച് ഏറ്റവും ദുഃഖകരമായ അനുഭവം അതെന്തെന്ന് ചോദിച്ചാല്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടാണ്. തന്റെ പിതാവും മാതാവും സ്വര്‍ഗ്ഗലോകത്ത് ഇന്ന് നിത്യസന്തോഷത്തോടെ കഴിയുന്നവരാണ്. അനാഥയായ ഈ മകള്‍ ഭക്തിയുടെ, പ്രാര്‍ത്ഥനയുടെ നിറവില്‍ ദൈവത്തോട് ചേര്‍ന്ന് ജീവിക്കുന്നു. ആ ദിവ്യസ്‌നേഹത്തില്‍ എന്നും ആനന്ദവും സമാധാനവും താനനുഭവിക്കുന്നുണ്ട്. ഒരു സഹോദരനുള്ളത് അസ്വസ്ഥജനകമാക്കിയിട്ടില്ല.

കാരണം താന്‍ യേശുവിന്റെ മണവാട്ടിയാണ്. അതിന് ഇങ്ങനെയൊരു സഹോദരിയുണ്ടെന്ന് ആ സഹോദരന് അറിയില്ലല്ലോ. സ്‌നേഹവാനായ പിതാവ് തന്നെ കാണാന്‍ പലവട്ടം വന്നിട്ടുണ്ട്. ജാക്കിയുടെ വരവോടെ ദൈവം വെളിപ്പെടുത്തുന്നത് എന്താണ്? ദൈവത്തോടുള്ള ബന്ധത്തില്‍ ഒരിക്കല്‍പ്പോലും സഹോദരനെ കാണാന്‍ ഇടവരുത്തണമെന്ന് താന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്ന പ്രാര്‍ത്ഥനകളെല്ലാം സമൂഹത്തില്‍ ഒറ്റപ്പെട്ട് സ്‌നേഹിക്കപ്പെടാന്‍ ആരുമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. അവരുടെ സ്‌നേഹം ആര്‍ജ്ജിക്കുകയായിരുന്നു തന്റെ ലക്ഷ്യം.ഒരുപക്ഷെ ഇതും ദൈവനിശ്ചയമാകാം.
പഴയത് മറക്കുക അത്ര എളുപ്പമല്ല. സ്വന്തം അമ്മയില്‍ നിന്ന് പിറക്കാത്ത സഹോദരനെ ഓര്‍ത്ത് ഭാരപ്പെടണമെന്നാണോ? താനൊരിക്കലും അതൊന്നും ആഗ്രഹിച്ചിട്ടില്ല.  സിസ്റ്റര്‍ കാര്‍മേല്‍ മേശപ്പുറത്തിരുന്ന കുരിശിലേക്ക് നോക്കി.  ഈ സഹോദരനെ കാണാന്‍ പണ്ടെങ്ങോ ആഗ്രഹിച്ചിരുന്നു. സഹോദരനെ കാണിച്ചു തരാനാണോ ഇവനെ എന്റെ മുന്നില്‍ കൊണ്ടുവന്നത്? എന്റെ ആഗ്രഹത്തെക്കാള്‍ അങ്ങയുടെ ആഗ്രഹമാണ് നടക്കേണ്ടത്.

സിസ്റ്റര്‍ ലൈറ്റണച്ച് കിടന്നു. പിതാവിന്റെ മുഖം മനസ്സിലേക്ക് കടന്നുവന്നു. മറ്റാരുമറിയാതെ മകളെ കാണാന്‍ വരുന്ന പിതാവ്. ആ സ്‌നേഹചുംബനമോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. രോഗത്തില്‍ കഴിഞ്ഞതോ അന്ത്യയാത്രയായതോ അറിഞ്ഞിരുന്നില്ല. നീണ്ട മാസങ്ങള്‍ കാണാതെയിരുന്നപ്പോള്‍ സുപ്പീരിയറിനോട് ചോദിച്ചപ്പോഴാണ് ഈ ലോകത്തുനിന്ന് യാത്രയായി എന്ന് മനസ്സിലായത്. ആ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചിച്ചു. സ്‌നേഹനിധിയായ പിതാവിന്റെ കല്ലറയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അമ്മയെ അടക്കം ചെയ്ത കല്ലറ തന്നെ കാണിക്കാമെന്ന് അപ്പച്ചന്‍ ഉറപ്പു തന്നിരുന്നു. അതും കാണാന്‍ ഭാഗ്യമുണ്ടായില്ല. എല്ലാ ദുഃഖങ്ങളും പ്രാര്‍ത്ഥനയിലൂടെ അകറ്റുക മാത്രമാണ് ചെയ്തത്. കരയാന്‍ ഒരിക്കലും മനസ് അനുവദിച്ചിട്ടില്ല. എന്നാല്‍ പിതാവ് മരിച്ചതറിഞ്ഞ് രാത്രിയില്‍ താന്‍ കണ്ണീര്‍ വാര്‍ത്തു. ഇപ്പോഴും പിതാവിന്റെയും മാതാവിന്റെയും ഒന്നിച്ചുള്ള ഫോട്ടോ കയ്യിലുണ്ട്. ആ ഫോട്ടോകള്‍ പലപ്പോഴും തനിക്ക് ആശ്വാസമാണ് നല്കിയിട്ടുള്ളത്. ഫോട്ടോയില്‍ താന്‍ പിതാവിന്റെ ഛായയാണ്. മരിച്ചുപോയവര്‍ ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുന്നു.
പുറത്ത് ആകാശം ഇരുണ്ടു. ഇരുള്‍ ഭൂമിയെ തലോടിയുറക്കി. അടുത്തുള്ള ക്രിസ്തുമസ് മരങ്ങള്‍ ഇരുളില്‍ അപ്രത്യക്ഷമായി. ജീവജാലങ്ങള്‍ ഉറങ്ങിയെങ്കിലും കാമുകനെ കാത്തു നില്ക്കുന്ന നിലാവിനെ പ്രണയിക്കാന്‍ ഭൂമീദേവി കാത്തിരുന്നു.

രാവിലെതന്നെ മെര്‍ളിനും ജാക്കിയും യൂണിയെലെത്തി. മെര്‍ളിന്‍ വളരെ സന്തോഷവതിയായിരുന്നു. ജാക്കി അവളെ കണ്ടത് വളരെ ആദരവോടെയാണ്. സംസാരശേഷി ഇല്ലെങ്കിലും വളരെ സമര്‍ത്ഥയാണ്. യൂണിയില്‍ കണ്ട കാഴ്ചകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഫോറമെല്ലാം പൂരിപ്പിച്ചത് അവളാണ്. എല്ലായിടത്തും ചിരിച്ചുകൊണ്ട് ആംഗ്യം കാട്ടി ഒരു വിശ്വാസം മറ്റുള്ളവരില്‍ വളര്‍ത്തിയെടുത്തു. അത് അവനും സഹായമായി. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത ഒരു രാജ്യത്ത് ഇതുപോലുള്ള ഇടപെടലുകള്‍ നല്ലതാണ്. ആദ്യം തന്നെ അവളെപ്പറ്റിയുള്ള കാര്‍ഡ് എടുത്തു കൊടുക്കും. അത് വായിക്കുന്ന വ്യക്തിയുടെ മുഖഭാവത്തിന് ഒരു മാറ്റം വരുത്തി ചെറുപുഞ്ചിരിയോടെ ഹസ്തദാനം ചെയ്യും. രണ്ട് ഓഫീസുകളില്‍ സായിപ്പും മദാമ്മയുടെയും മുന്നില്‍ മനസ്സല്പം ഉത്കണ്ഠപ്പെട്ടെങ്കിലും അവയെല്ലാം മെര്‍ളിന്‍ കൈകാര്യം ചെയ്തു. ഒരു വന്‍തുക പൗണ്ട് കൊടുത്താണ് പഠിക്കുന്നതെങ്കിലും “”നിങ്ങളുടെ പണമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല” എന്ന രീതിയിലാണ് അവരുടെ പെരുമാറ്റവും ഭാവവും. അവര്‍ കമ്പ്യൂട്ടര്‍ വഴി എടുത്ത പല പേപ്പറുകളിലും ഒപ്പിട്ടു കൊടുത്തു. മൂന്നാമത്തെ മുറിയിലെത്തി സ്റ്റീഫന്‍ മാത്യുവിനെ കണ്ടു. അയാളില്‍ നിന്ന് ലഭിച്ചത് ഉപദേശനിര്‍ദ്ദേശങ്ങളായിരുന്നും. എല്ലാം വാക്കുകളും എത്തി നില്ക്കുന്നത് യൂണിയുടെ അന്തസ്സും അഭിമാനവും കാത്ത് രക്ഷിക്കണമെന്നായിരുന്നു. ഇവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികളും അത് സ്വദേശിയാകട്ടെ വിദേശിയാകട്ടെ ഉന്നതനിലവാരമുള്ള പരീക്ഷാഫലങ്ങളാണ് കാഴ്ച വയ്‌ക്കേണ്ടത്. ആ പ്രതിജ്ഞയുമായി വേണം ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിക്കാന്‍. അവന്റെ താമസം ഭക്ഷണം ഇതെല്ലാം ചോദിച്ചു മനസ്സിലാക്കി. അവസാനമായി സ്റ്റീഫന്‍ മാത്യുചോദിച്ചു “”ജാക്കിക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?
“”ഇല്ല സാര്‍” അവന്‍ ആദരപൂര്‍വ്വം പറഞ്ഞു.
ആ നിമിഷം ജാക്കിയുടെ പ്രവേശന കാര്‍ഡ് ഡയറിയുമായി ഒരു സ്ത്രീ മുറിയില്‍ വന്ന് സ്റ്റീഫന്‍ മാത്യുവിനെ ഏല്പിച്ച് മടങ്ങിപ്പോയി.
ഇതാണ് ജാക്കിയുടെ ഐ.ഡി. കാര്‍ഡ്. ഈ ഡയറിയില്‍ പഠനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളുമുണ്ട്. ഡയറിയും ഐ.ഡികാര്‍ഡും ജാക്കിയെ ഏല്പിച്ച് പറഞ്ഞു “” ക്ലാസിലും കോംബൗണ്ടിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ അറിയിക്കണം” അയാള്‍ പറഞ്ഞു.

ജാക്കി ആശ്ചര്യത്തോടെ ചുറ്റും നോക്കി. അകവും  പുറവും എത്ര വൃത്തിയാണ്. ഏതോ അദൃശ്യലോകത്തെത്തിയ അനുഭവം. പഠിക്കുന്ന കുട്ടികള്‍ കൂട്ടുകൂടേണ്ടതും പോരാടേണ്ടതും പാഠപുസ്തകങ്ങളോടാണ് എന്നാണ് സ്റ്റീഫന്‍ മാത്യു  പറഞ്ഞത്. മുമ്പ് പഠിച്ച കോളേജില്‍ ഭരണത്തിന്റെ പിടിപ്പ്‌കേടുകൊണ്ടും വിദ്യാഭ്യാസം കച്ചവടമാക്കിയതുകൊണ്ട് കോളേജുകളില്‍ സമരം ഒരു വിനോദമായി മാറിയിരുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന  ഏറ്റവും വലിയ സമ്മാനമല്ലേ യാതൊരു അല്ലലും അലച്ചിലുമില്ലാതെ പഠിക്കുക്കാനുള്ള സൗകര്യം.
അവര്‍ നടന്ന് കാറിനടുത്തു വന്നു. കാറില്‍ കയറുന്നതിന് മുമ്പായി മെര്‍ളിന്‍ ആംഗ്യം കാട്ടി പറഞ്ഞു. നമുക്ക് പബ്ബില്‍ കയറി വല്ലതും കഴിച്ചിട്ട് പോകാം. ആ പറഞ്ഞത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായില്ല. അവന്‍ ആംഗ്യം കാണിച്ചിട്ട് പറഞ്ഞു. “”എനിക്ക് മൊബൈയില്‍ വാങ്ങണം. ” അവന്‍ പറഞ്ഞത് അവള്‍ക്ക് മനസ്സിലായി എന്ന് തോന്നി. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധിയും അവള്‍ക്കുണ്ടെന്ന് അവനറിയാം. അത് അവളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞു.  അവര്‍ ആദ്യം പോയത് മൊബൈല്‍ ഷോപ്പിലേക്കാണ്.

റോഡില്‍ കാര്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലം കിട്ടാത്തതിനാല്‍ അല്പം അകലത്തിലായിട്ടാണ് കാര്‍ പാര്‍ക്ക് ചെയ്തത്. അവര്‍ വലിയതിരക്കുള്ള റോഡിലെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച സിസ്റ്റര്‍ കാര്‍മേല്‍ റോഡിലൂടെ ആരെയോ തിരക്കി നടക്കുന്നതാണ്. ആ കാഴ്ച മെര്‍ളിനെ ചുണ്ടി കാണിച്ചു കൊടുത്തുവെങ്കിലും മെര്‍ളിന്‍ അത് കാര്യമായെടുത്തില്ല.  സിസ്റ്റര്‍ വേശ്യകളെ തേടിയിറങ്ങിയതാണെന്ന് അവന് വിശദീകരിച്ചു കൊടുക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. വീട്ടില്‍ ചെന്ന് എഴുതി കാണിക്കാം എന്ന് അവള്‍ അവനെ ആംഗ്യം കാട്ടി മനസ്സിലാക്കി കൊടുത്തു.

വേശ്യകളുടെ പിന്നാലെ പോകുന്ന സിസ്റ്റര്‍ കാര്‍മേലിനെ നോക്കി നില്‌ക്കേ മെര്‍ളിന്‍ അവന്റെ കൈത്തണ്ടയില്‍ പിടിച്ച് മുന്നോട്ടു നടന്നു. അവന്‍ അക്ഷമയാര്‍ന്ന കണ്ണുകളോടെ നോക്കി. അവള്‍ കൈ ചൂണ്ടി. അതാണ് കട.
അവര്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചു. അവിടെ കറുത്ത നിറമുള്ളവരും വിവിധ നിറമുള്ള രാജ്യക്കാരുമുണ്ട്. അവന്‍ ഫോണുകളെടുത്ത് മാറി മാറി നോക്കി. മൊബൈല്‍ വാങ്ങിയപ്പോള്‍ മെര്‍ളിന്‍ പണം കൊടുക്കാനൊരുങ്ങിയെങ്കിലും അവന്‍ തടഞ്ഞു.
അവര്‍ ഭക്ഷണശാലയില്‍ പ്രവേശിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക പ്രയാസമുള്ള ഒരു കാര്യമായി തോന്നി. എന്തായാലും പടത്തില്‍ നോക്കി ചിക്കനും ചിപ്‌സും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുകളിലെ കോണിപ്പടികളിറങ്ങി സിസ്റ്റര്‍ കാര്‍മേല്‍ ഒരു പെണ്‍കുട്ടിക്കൊപ്പം വന്നത് അവന്‍ കൗതുകത്തോടെ നോക്കി.

Facebook Comments
Comments.
Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Font Size…
Font Family…
Font Format…

captcha imageവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles