ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷത്തെ ക്രിസ്മസ് കോവിഡ് രോഗ വ്യാപനത്തിൽ മുങ്ങി പോകുമോ? ജനങ്ങളുടെ മനസ്സിലെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലുള്ള പ്രസ്താവനകളാണ് മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് . ക്രിസ്മസ് പാർട്ടികളിലേയ്ക്ക് 5 പേരിൽ കൂടുതൽ ആളുകളെ ക്ഷണിക്കരുതെന്ന് മന്ത്രിയായ ജോർജ്ജ് ഫ്രീമാൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും ക്രിസ്മസ് ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും ശോഭ നഷ്ടപ്പെടുത്തരുതെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ആളുകൾ അനാവശ്യമായി ഇടപെടരുതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മേധാവി ചൊവ്വാഴ്ച പറഞ്ഞതിനെ എതിർത്തുകൊണ്ട് ജനങ്ങൾ തങ്ങളുടെ ക്രിസ്മസ് പാർട്ടികളുമായി മുന്നോട്ടുപോകണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്നാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞത് . ആളുകൾ സാമൂഹികമായി ഇടപെടുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്നും കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നും ജാവിദ് കൂട്ടിച്ചേർത്തു. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനുവരി അവസാനത്തോടെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ലക്ഷ്യത്തിലേക്കെത്താനായി ബൂസ്റ്റർ വാക്സിനേഷൻ മഹാദൗത്യത്തിന് തുടക്കം കുറിച്ചു. ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എല്ലാവരും പാലിക്കണമെന്നും ജാവിദ് പറഞ്ഞു. പ്രധാനമന്ത്രിയുടേയും ആരോഗ്യ സെക്രട്ടറിയുടെയും വാക്കുകൾ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ ക്രിസ്മസിന് മുന്നോടിയായി വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ചില എൻഎച്ച്എസ് ട്രസ്റ്റുകൾ ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പത്തു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. ഇവർ പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിലും ഐസൊലേഷനിൽ കഴിയണം. യുകെയിലേക്ക് വരുന്ന എല്ലാ ആളുകളും ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണം.