ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ കുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈനിലൂടെ നടക്കുന്ന ലൈംഗിക ബ്ലാക്ക്മെയിൽ ശ്രമങ്ങൾ കുത്തനെ വർധിച്ചതായി എൻഎസ്‌പിസിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ചൈൽഡ്‌ലൈൻ സേവനത്തിലേക്ക് ഓൺലൈൻ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടെത്തിയ പരാതികൾ 36 ശതമാനം ഉയർന്നതായും ഇതിൽ ഭൂരിഭാഗവും ‘സെക്സ്റ്റോർഷൻ’ കേസുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നഗ്നചിത്രങ്ങൾ കൈക്കലാക്കി പണം ആവശ്യപ്പെടുന്നതും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല രൂപത്തിലാക്കുന്നതുമാണ് പ്രധാന രീതികൾ.

2025 മാർച്ച് 31 വരെ ലഭിച്ച 2,444 കൗൺസിലിങ് സെഷനുകളിൽ 1,043 എണ്ണത്തിലും ബ്ലാക്ക്മെയിൽ ഭീഷണികൾ പരാമർശിക്കപ്പെട്ടതായി എൻഎസ്‌പിസിസി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവർ വ്യാജ തിരിച്ചറിയലിൽ കുട്ടികളെ വലയിലാക്കി സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായും ചാരിറ്റി സംഘടന മുന്നറിയിപ്പ് നൽകി. സ്കൂളുകളുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് പോലും അപകടകരമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ കൂടുതൽ കർശന നടപടി വേണമെന്ന് ബ്രിട്ടീഷ് എംപിമാരും ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓൺലൈൻ സേഫ്റ്റി ആക്ട് കൂടുതൽ ശക്തമാക്കണമെന്നും അപകടകരമായ ആപ്പുകളിലെ അടിമത്ത സ്വഭാവമുള്ള ഫീച്ചറുകൾ നിയന്ത്രിക്കണമെന്നും എൻഎസ്‌പിസിസി ആവശ്യപ്പെട്ടു.











Leave a Reply