ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിവരസാങ്കേതിക വിദ്യയാണ് ഇനി ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖല. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കടന്നുവരവും എല്ലാവരുടെയും കൈകളിൽ സ്മാർട്ട്ഫോൺ എത്തിയതും എല്ലാ മേഖലയിലും ഇൻഫർമേഷൻ ടെക്നോളജിയുടെ കടന്നു വരവിന് വഴിവച്ചു. യുകെയിൽ ജിസിഎസ്ഇ ഉൾപ്പെടെയുള്ള കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചപ്പോൾ കമ്പ്യൂട്ടർ സയൻസ് അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളുടെ സിലബസ് പരിഷ്കരിച്ചത് ഇത്തരം വസ്തുതകൾ കണക്കിലെടുത്താണ്.
പഴയ സിലബസിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) ആയിരുന്നത് മാറ്റി പുതിയ കമ്പ്യൂട്ടർ സയൻസ് സിലബസ് കൊണ്ടു വന്നതിലെ അപാകതയാണ് ഈ വിഷയത്തിൽ പെൺകുട്ടികളുടെ പങ്കാളിത്തം കുറയുന്നതിന് കാരണമായതായി വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ പകുതിയിലധികം കുറവ് വന്നതായാണ് കണക്കുകൾ കാണിക്കുന്നത് . 2015 -ൽ ജി സി എസ് ഇയിൽ ഐസിടിക്ക് പഠിക്കുന്നതിൽ 43 ശതമാനവും പെൺകുട്ടികളായിരുന്നു. എന്നാൽ നിലവിൽ കമ്പ്യൂട്ടർ സയൻസ് എടുക്കുന്നവരിൽ 21 ശതമാനം മാത്രമാണ് പെൺകുട്ടികൾ.
നേരത്തെയുണ്ടായിരുന്ന സിലബസ് മൈക്രോസോഫ്റ്റ് ഓഫീസ് അതായത് എം എസ് വേർഡ്, എക്സൽ, പവർ പോയിൻറ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ആയിരുന്നു പഠിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സിലബസ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, കോഡിങ്ങ് തുടങ്ങി കൂടുതൽ ആഴത്തിലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് പെൺകുട്ടികളെ ഈ വിഷയത്തിൽ നിന്ന് പിന്തിരിപ്പിച്ചത് എന്നാണ് പൊതുവെ വിലയിരുത്തുന്നത് . ഇത് അപകടകരമായ പ്രവണതയ്ക്ക് കാരണമാകുമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ കംപ്യൂട്ടിംഗ് വിദ്യാഭ്യാസത്തിലെ സീനിയർ ലക്ചറർ ഡോ. പീറ്റർ കെംപ് പറഞ്ഞു. ആധുനിക ലോകത്തെ രൂപപ്പെടുത്തുമ്പോൾ പുരുഷന്മാരുടെ ആധിപത്യത്തിന് ഇത് കാരണമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
Leave a Reply