ലണ്ടന്‍: സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നല്‍കുന്ന ചോയ്‌സിന് അനുസരിച്ചുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യതകള്‍ കുറയുമെന്ന് സൂചന. ആദ്യ ചോയ്‌സിലുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ഇംഗ്ലണ്ടില്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അപേക്ഷകള്‍ വര്‍ദ്ധിച്ചതോടെയാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ പകുതിയോളം നഗരങ്ങളിലും 11 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സനുസരിച്ച് അഡ്മിഷന്‍ ലഭിച്ചിരുന്നതിന്റെ അനുപാതം വല്ലാതെ കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ പ്രശ്‌നം അല്‍പം കൂടി രൂക്ഷമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് പ്രസ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 16,000 അപേക്ഷകളെങ്കിലും ഈ വര്‍ഷം കൂടുതലായി എത്തുമെന്നാണ് കരുതുന്നത്. ദി ഗുഡ് സ്‌കൂള്‍ ഗൈഡ് പ്രവചിക്കുന്നത് 90,000 കുട്ടികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സിലുള്ള സ്‌കൂളില്‍ പ്രവേശനം ലഭിക്കില്ലെന്നാണ്. കഴിഞ്ഞ വര്‍ഷം 84.1 ശതമാനം കുട്ടികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സില്‍ത്തന്നെ പ്രവേശനം നല്‍കാന്‍ കഴിഞ്ഞു. ഇത് 2015ലേതിനേക്കാള്‍ 0.1 ശതമാനം കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്.

ലണ്ടനിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമാകുന്നത്. മറ്റു പ്രധാന നഗരങ്ങളില്‍ അവസാന ശ്രമമെന്ന നിലയില്‍ ഒരു അപ്പീല്‍ നല്‍കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഈ അപ്പീലുകള്‍ മിക്കവാറും ഫലമില്ലാതെ പോകുമെന്നതാണ് അനുഭവം. 2016ല്‍ ബര്‍മിംഗ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ലിവര്‍പൂള്‍. സ്ലോ എന്നീ നഗരങ്ങളിലെ ലോക്കല്‍ അതോറിറ്റികള്‍ 75 ശതമാനം അപേക്ഷകര്‍ക്കും തങ്ങളുടെ ആദ്യ ചോയ്‌സില്‍ തന്ന പ്രവേശനം നല്‍കി. അതേസമയം ലണ്ടനില്‍ 69 ശതമാനത്തിനു മാത്രമേ ഇപ്രകാരം നല്‍കാന്‍ കഴിഞ്ഞുള്ളു.

ഹാമര്‍സ്മിത്ത്, ഫുള്‍ഹാം എന്നീ പട്ടണങ്ങള്‍ 16.2 ശതമാനം കുട്ടികള്‍ക്ക് അവര്‍ അപേക്ഷിച്ചിട്ടുപോലുമില്ലാത്ത സ്‌കൂളുകൡലാണ് പ്രവേശനം നല്‍കിയത്. അപ്പീലുകള്‍ക്ക് 20 ശതമാനം വിജയ സാധ്യതയേ നല്‍കാന്‍ കഴിയൂ എന്നാണ് ഗുഡ് സ്‌കൂള്‍ ഗൈഡ് പറയുന്നത്. അധ്യാപകരുടെ എണ്ണം കുറയുകയും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്യുന്ന ഒരവസ്ഥയാണ് യുകെ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും വിശകലനങ്ങള്‍ വ്യക്തമാക്കുന്നു.