ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഭക്ഷണ ക്രമത്തോടനുബന്ധിച്ച് ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക വൈകല്യങ്ങളെയാണ് ഈറ്റിംഗ് ഡിസോഡർ എന്ന് പറയുന്നത്. ഇതുകൂടാതെ ഇങ്ങനെയുള്ളവരിൽ ഉണ്ടാകുന്ന ശാരീരിക മാനസിക അവസ്ഥകൾ അവരുടെ സ്വഭാവത്തെ ഗുരുതരമായി ബാധിക്കാനും സാധ്യതയുണ്ട്. കോവിഡ് ആരംഭിച്ചതിന് ശേഷം ഈറ്റിംഗ് ഡിസോഡർ ഉള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അമിതമായ വർദ്ധനവ് ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രീതിയിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ എണ്ണം 42 % വർദ്ധിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പല രീതിയിലുള്ള ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന സങ്കീർണമായ മാനസികരോഗ്യ അവസ്ഥയാണ് ഈറ്റിംഗ് ഡിസോഡർ . അസാധാരണമായ ഭക്ഷണരീതിയും ശരീര ഭാരത്തെക്കുറിച്ചും മറ്റുമുള്ള വികലമായ ധാരണകളുമാണ് ഈറ്റിംഗ് ഡിസോഡറിന്റെ പ്രത്യേകത. അനോറെക്സിയ നെർവോസ ( anorexia nervosa ) , ബുളിമിയ നെർവോസ ( bulimia nervosa ) തുടങ്ങിയ അവസ്ഥകൾ ഈറ്റിംഗ് റിസോർഡറുള്ള കുട്ടികളിൽ കണ്ടുവരുന്നു. ശരീരഭാരം കൂടുമെന്ന ഭയം മൂലം കടുത്ത ഭക്ഷണ നിയന്ത്രണത്തിലും അമിതമായ ശരീരഭാരം കുറയ്ക്കുന്നതിലേയ്ക്കും നയിക്കുന്ന മാനസികാവസ്ഥയാണ് അനോറെക്സിയ നെർവോസ. ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിക്കുന്ന മാനസികാവസ്ഥയാണ് ബുളിമിയ നെർവോസ.
ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് യുകെയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ഇടയിലെ ഈറ്റിംഗ് ഡിസോർഡറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത് . 2010 നും 2024 നും ഇടയിൽ 10 മുതൽ 24 വരെ പ്രായമുള്ള കുട്ടികളുടെ ജി പി റെക്കോർഡുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. യുകെയിലെ 1881 ജിപികളിൽ നിന്നുള്ള 9 ദശലക്ഷത്തിലധികം രോഗികളുടെ വിവരങ്ങളാണ് പഠനത്തിനായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി, കീലെ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ പരിശോധിച്ചത്. 13 നും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ സ്വയം ഉപദ്രവിക്കുന്ന കേസുകളിൽ 38 ശതമാനം വർദ്ധനവ് ഉണ്ടായതായി പഠനത്തിൽ പറയുന്നുണ്ട്. ഈറ്റിംഗ് ഡിസോഡർ തുടങ്ങി കുട്ടികളുടെ മാനസിക വൈകല്യങ്ങളെ കുറിച്ചുള്ള യഥാർത്ഥ കണക്കുകൾ പഠനത്തിനുള്ളതിനേക്കാൾ കൂടുതലാണെന്നാണ് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഡോ. പേൾ മോക് പറഞ്ഞത്. ഇങ്ങനെയുള്ള സ്വഭാവ വൈകല്യങ്ങൾ ഉണ്ടായിട്ടും ചികിത്സയ്ക്കായി ജിപികളെ സ്നേഹിക്കാത്തവരുടെ വിവരങ്ങൾ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്
Leave a Reply