ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ യുദ്ധസമാന നീക്കവുമായി ലോകരാജ്യങ്ങൾ. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിന് ഒമൈക്രോണ്‍ (ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം) എന്ന് ലോകാരോഗ്യസംഘടന നാമകരണം ചെയ്തു. കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേ​ഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ഇന്ത്യയിലും ആശങ്ക ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചിരുന്നു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഒമൈക്രോൺ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. ബ്രിട്ടൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ന്യൂസിലാൻഡ് സിംഗപ്പൂർ, ബ്രസീൽ, ചൈന, സിംബാവേ, ഹോങ്കോങ്, മൗറീഷ്യസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.

ഡിസംബർ 1 ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ നിലവിൽ വരും. പ്രധാന നിർദേശങ്ങൾ ഇവയാണ് :

എല്ലാ യാത്രക്കാരും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ വിവരം ഇതിൽ ഉണ്ടാവണം.

എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം.

റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന ഉണ്ടായിരിക്കും. രോഗം സ്ഥിരീകരിച്ചാൽ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ. പോസിറ്റീവ് ആണെങ്കിൽ സാംപിളിന്റെ ജനിതക പരിശോധന.

നെഗറ്റീവാണെങ്കിൽ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ഏഴു ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം.

ഒമൈക്രോൺ സ്ഥിരീകരിച്ചാൽ കർശന ഐസൊലേഷൻ. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒമൈക്രോൺ അല്ലെന്ന് തെളിഞ്ഞാൽ നെഗറ്റീവ് ആവുമ്പോൾ ആശുപത്രി വിടാം.

എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.

റിസ്ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ 5% പേർക്ക് കോവിഡ് പരിശോധന. രോഗം സ്ഥിരീകരിച്ചാൽ ജനിതക പരിശോധനയും ഐസൊലേഷനും നിർബന്ധം. നെഗറ്റീവായാൽ 14 ദിവസം സ്വയംനിരീക്ഷണം.

സ്വയം നിരീക്ഷണത്തിലോ ക്വാറന്റീനിലോ കഴിയുമ്പോൾ രോഗലക്ഷണം വന്നാൽ വീണ്ടും പരിശോധന നടത്തണം. ഉടൻ സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കണം. നാഷണൽ ഹെല് പ് ലൈൻ നമ്പറായ 1075 ലോ സ്റ്റേറ്റ് ഹെല് പ് ലൈൻ നമ്പറിലോ ബന്ധപ്പെടാം.

കപ്പൽ മാർഗം എത്തുന്ന വിദേശ യാത്രക്കാർക്കും ഈ പ്രോട്ടോകോൾ ബാധകമാണ്.

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളത്തിൽ പരിശോധന ഇല്ല.