ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഭാര്യയുടെ അത്യാസന്ന നിലയറിഞ്ഞാണ് ഗള്‍ഫില്‍ നിന്നെത്തിയത്. എന്നാല്‍ ലിനി മരണമടഞ്ഞു. ലിനി വിട്ടുപോയെങ്കിലും അതൊന്നുമറിയാതെ സിദ്ധു ഇടയ്ക്കിടയ്ക്ക് അമ്മയെ തേടും. എപ്പോഴും വീട്ടില്‍ ആളുകള്‍ എത്തുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് എന്തോ അപകടം പറ്റിയെന്ന് കുഞ്ചുവിനുമറിയാം. ഇടയ്ക്ക് ഇടയ്ക്ക് കുട്ടികള്‍ അമ്മയെ ചോദിച്ച് നിലവിളിച്ചതോടെ നിറഞ്ഞ കണ്ണുകളോടെ വാക്കുകള്‍ ഇടറി സജീഷ് ആ കുഞ്ഞുങ്ങളോട് പറഞ്ഞു ഇനി അച്ഛനേയുള്ളുവെന്ന്. നിപാ വൈറസ് ബാധയേറ്റ് തിങ്കളാഴ്ച പുലര്‍ച്ച മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയുടെ മക്കളാണ് കുഞ്ചുവും സിദ്ധുവും. സിദ്ധുവിന് രണ്ടും കുഞ്ചുവിന് അഞ്ചുമാണ് പ്രായം. വീട്ടിലേക്ക് ആളുകള്‍ എത്തുന്നത് എന്തിനെന്നറിയാതെ കളിയിലാണ് ഇരുവരും.
ലിനിയുടെ മരണത്തില്‍ പ്രവാസികളേയും കണ്ണീരിലാക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം യുദ്ധകാലാടിസ്ഥാനത്തില്‍ 10000 മാസ്‌ക് എത്തിച്ചു. ഇതോടൊപ്പം ലിനിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി പോസ്റ്റുകളാണ് വരുന്നത്.
ഇത് ലിനിയുടെ മോനാണ്. പരിചരണത്തിലൂടെ രോഗം പകര്‍ന്ന് മെഴുകുതിരി നാളം പോലെ പൊലിഞ്ഞു പോയ പാവം മാലാഖയുടെ പുന്നാര പൈതല്‍.
അഛനെ ആശ്വസിപ്പിക്കാന്‍ അപരിചിതരായ ആള്‍ക്കൂട്ടം വീട്ടിലെത്തുമ്പോള്‍ കഥയറിയാതെ അവന്‍ ചാരുപടിയിലിരുന്ന് പപ്പയുടെ ഫോണില്‍ കളിക്കുകയാണ്.
അനുവാദമില്ലാതെ കണ്ണുനനഞ്ഞു പോകുന്നു.. അവരും കുട്ടികളും നമ്മുടെ കൂടെപ്പിറപ്പുകളാണെന്ന് മനസ്സ് മന്ത്രിക്കുന്നു.
അടുക്കള തിരക്കില്‍ നിന്ന് ആശുപത്രിയിലേക്ക് ധൃതിപിടിച്ചോടുമ്പോള്‍ കുഞ്ഞാറ്റകളോട് അവളു പറഞ്ഞിട്ടുണ്ടാകും വികൃതിയൊന്നും കാണിക്കരുതേ അമ്മവരുമ്പോ മിഠായി കൊണ്ടുവരാട്ടോ…
മരുന്ന് മണക്കുന്ന ആതുരാലയത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കോടുമ്പോ ലിനിയുടെ നെഞ്ചകം നിറയെ വാത്സല്യപ്പൂക്കളായ റിതുലിന്റേയും സിദ്ധാര്‍ത്ഥിന്റേയും സുഗന്ധം തന്നെ ആയിരിക്കാം. തോളോട് ചേര്‍ന്നു കിടക്കുന്ന ബാഗില്‍ അവര്‍ക്കുള്ള മധുരവും കരുതി വെച്ചിരിക്കാം. അമ്മയെ വഴികണ്ണുമായ് അവരും നിത്യവും കാത്തിരുന്നിട്ടുണ്ടാകും.
നിശബ്ദത പോലും നിശബ്ദമാവുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മക്കളുടെ മനസ്സിലും മരണത്തിന്റെ ഭാവമെന്താണെന്ന് മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഓണവും വിഷുവും വന്നു പോകുമ്പോ, അമ്മേടേ വീട്ടിലേക്കുള്ള വിരുന്ന് പോക്ക് നിലയ്ക്കുമ്പോ,ചേര്‍ത്തു പിടിച്ചുറക്കുന്ന വളകിലുക്കം കേള്‍ക്കാതാവുമ്പോള്‍ അവരു ചോദിച്ചേക്കും അഛാ അമ്മയെന്താ വരാത്തേ….
അന്യനെ പരിചരിച്ച് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് ചെമ്പനോട സ്വദേശി ലിനിയെന്ന മാലാഖയുടെ പേരിനെ സ്വര്‍ണ്ണലിപിയില്‍ ഞാനെന്റെ ഹൃദയത്തിലെഴുതുന്നു.
ഒപ്പം അവരുടെ ആത്മാവിന് നിത്യശാന്തി നല്‍കണേഎന്ന പ്രാര്‍ത്ഥനയും .
മരണക്കിടക്കിയില്‍ നിന്ന് നീ കുറിച്ച അന്ത്യാക്ഷരങ്ങള്‍ വിരലുകള്‍ കുറിച്ചതല്ല, ഹൃദയമഷി കൊണ്ട് മനസ്സെഴുതിയതാണ്. ഒരേ വിരിപ്പിലൊന്നിച്ചുറങ്ങിയ പ്രാണനായ ഭര്‍ത്താവിനൊപ്പം ഇനിയൊരു രാപ്പകലില്ലെന്ന് ബോധ്യപ്പെട്ട നേരം, മക്കളുടെ മോഹങ്ങളെ കുറിച്ച് നീ വരച്ചിട്ട നിമിഷം ഞാനെന്റെ കണ്ണില്‍ കാണുന്നു.
അറിയാം; അമ്മ പടിയിറങ്ങിപ്പോയ വീട് നട്ടുച്ചക്ക് സൂര്യനസ്തമിച്ച ആകാശത്തിനു സമാനമാണ്. ആശ്വാസ വാക്കുകളൊന്നും പകരമാവില്ല.
പ്രിയ സജീഷ്…. സഹനം കൈമുതലാക്കി കരുത്തനാവുക. പ്രാര്‍ത്ഥനാപൂര്‍വ്വം കൂടെയുണ്ട് ഞങ്ങള്‍.
സുരക്ഷാ കാരണങ്ങളാല്‍ മൃതദേഹം പെട്ടന്നു സംസ്‌കരിച്ചതിനാല്‍ മക്കള്‍ക്ക് അവസാനമായി അമ്മയെ ഒരു നോക്കുകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. മരണക്കിടക്കയില്‍ നിന്ന് ലിനി അവസാനമെഴുതിയ കത്തില്‍ മക്കളെ നോക്കണമെന്നും അവരെ തനിച്ചാക്കരുതെന്നും പറഞ്ഞിരുന്നു. പ്രിയതമയുടെ ആഗ്രഹം പോലെ പ്രവാസജീവിതം അവസാനിപ്പിക്കുകയാണ് സജീഷ്. നന്നായി പഠിച്ചാല്‍ അച്ഛനൊപ്പം ഗള്‍ഫില്‍ പോകാമെന്ന് കുഞ്ചുവിനോട് ലിനി പറയാറുണ്ടായിരുന്നു. കുഞ്ചുവിന്റെ ആഗ്രഹം സാധ്യമാക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു
ലിനിയുടെ അമ്മയും അയല്‍വാസിയും ഇപ്പോഴും പനിബാധിച്ച് ആശുപത്രിയിലാണ്. താലൂക്കാശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിതനിയമനത്തിന് വകുപ്പില്ല. എന്നാല്‍ സെപ്ഷ്യല്‍ ഉത്തരവ് പ്രകാരം സര്‍ക്കാരിന് ജോലി നല്‍കാം
Leave a Reply