ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 7 നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിൽ നേഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 33 വയസ്സുകാരിയായ ഇവർ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇൻസുലിൻ കുത്തിവെച്ചും, കുട്ടികൾക്ക് ബലമായി അമിതമായ രീതിയിൽ പാൽ നൽകിയും, എയർ കുത്തിവെച്ചുമെല്ലാം കുട്ടികളെ കൊലപ്പെടുത്തിയത്. ഏഴ് പേര് കൊലപ്പെടുത്തിയത് കൂടാതെ മറ്റ് ആറ് കുട്ടികളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ, തന്റെ കൊലപാതകങ്ങൾ മറച്ചുവയ്ക്കാനായി വളരെയധികം കണക്കുകൂട്ടലുകൾ നടത്തിയ ഒരു കുറ്റവാളിയായാണ് പ്രോസിക്യൂഷൻ ലെറ്റ്‌ബിയെ വിലയിരുത്തിയത്.

രോഗം ഒന്നുമില്ലാതെ തുടർച്ചയായി നവജാതശിശുക്കളുടെ മരണം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുണ്ടായ ചെഷെയർ പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായാണ് ലെറ്റ്ബി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെ പിഴവ് മൂലമാണ് ഇത്തരത്തിൽ കുട്ടികൾ മരണപ്പെട്ടതെന്ന് ലെറ്റ്ബിയുടെ അഭിഭാഷകൻ വാദിച്ചു. ഏകദേശം 10 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് ലെറ്റ്ബി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്. ലെറ്റ്ബിയുടെ ശിക്ഷ തിങ്കളാഴ്ച മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിക്കും. ജയിലിൽ നിന്ന് ഒരു വീഡിയോ ലിങ്ക് വഴി തന്റെ ശിക്ഷാവിധി കേൾക്കുന്നതിനോ നടപടിക്രമങ്ങൾ പിന്തുടരുന്നതിനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ അഭിഭാഷകൻ വഴി അവർ കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ അവരെ കൊലപ്പെടുത്തി. ഞാൻ ക്രൂരയാണ്” എന്ന് ലെറ്റ്ബി തന്നെ എഴുതിയ കത്തുകൾ ലഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ താൻ ആക്രമിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റും ഇവർ തുടർച്ചയായി നിരീക്ഷിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തികച്ചും മനഃസാക്ഷിക്കു നിരക്കാത്തതും ക്രൂരവുമായ കൃത്യമാണ് ഇവർ ചെയ്തതെന്ന് കോടതി വിലയിരുത്തി.











Leave a Reply