സാലിസ്ബറി: ‘മരണത്തോളം ഭയാനകമായ ഒന്നില്ല; അതോടെ എല്ലാത്തിന്റെയും അവസാനമാകുന്നു’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സാലിസ്ബറിയിൽ മരിച്ച നേഴ്‌സായ സീന എന്ന മാലാഖക്ക്  മലയാളി- ഇംഗ്ലീഷ് സമൂഹം നൽകിയ അന്ത്യയാത്ര. ഒരുകാര്യം ശരിയാണ്. സീനയുടെ ഭൗതീക ജീവിതം അവസാനിച്ചു എങ്കിലും സീന എന്ന നേഴ്‌സ്  സമൂഹത്തിന് നൽകിയ നന്മകൾക്ക് മരണം ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.

ഈ മാസം ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയില്‍ മരണമടഞ്ഞ കോട്ടയം ഉഴവൂര്‍ മുടീക്കുന്നേല്‍ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴി നൽകാൻ യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത്. ജോൺ ഗ്ലെൻ (സാലിസ്ബറി MP ) സീനയുടെ മരണത്തിൽ അനുശോചനമറിക്കാൻ എത്തിയ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തില്‍ ആണ് പൊതുദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സര്‍ക്യൂട്ട് സ്‌ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞിരുന്നു. സൗതാംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തേക്കുനില്‍ക്കുന്നതിലിന്റെയും, സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ: സജി നീണ്ടൂര്‍ MSFS ന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത്. അകാലത്തില്‍ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവല്‍ നില്‍ക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരന്‍ നീലിനെയും ചാരത്തു ചേര്‍ത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വച്ചപ്പോള്‍ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികള്‍ മുതല്‍ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വച്ചപ്പോൾ എത്തിയവരുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾക്ക് സാക്ഷിയായി.

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ്യു, യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, സെന്റ് പോള്‍ ക്‌നാനായ മിഷന്‍ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങയവരുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങള്‍ മാതൃകയായി .

ഇന്ന് ഉച്ചതിരിഞ്ഞു ഷിബുവും, കുട്ടികളും അടുത്ത കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിക്കും. സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലെ മൃതസംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരില്‍ നടക്കും. മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തുടർ ശുശ്രൂഷകള്‍ നടക്കുന്നു.

സീന കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു സീന. നിഖില്‍, നിബിന്‍, നീല്‍ എന്നീ മൂന്ന് ആണ്‍കുട്ടികളാണ് സീനാ ഷിബു ദമ്പതികള്‍ക്കുള്ളത്.

 Also Read… മൂന്ന് കുരുന്നുകളെ ഷിബുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു സാലിസ്ബറി ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന സീന വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി… യുകെ മലയാളികളെ മരണം വിടാതെ പിന്തുടരുമ്പോൾ നഷ്ടമായത് കോട്ടയം സ്വദേശിനിയെ...

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ