ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് വളരെ നിരാശജനകമായ വിവരങ്ങൾ പുറത്തുവന്നു. തുടർച്ചയായി പലിശ നിരക്കുകൾ വർദ്ധിച്ചതു മൂലം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള യു കെ സമ്പദ് വ്യവസ്ഥ വളരുന്നതിൽ പരാജയപ്പെട്ടെന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഉയർന്ന പലിശ നിരക്കുകൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന് ചാൻസിലർ ജെറമി ഹണ്ട് അഭിപ്രായപ്പെട്ടു.

ഇനിയും മാസങ്ങളോളം സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് പറയുമ്പോഴും വളർച്ചാ നിരക്ക് പൂജ്യം ആകുമെന്നാണ് കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞത് . കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സെപ്റ്റംബർ മാസം വരെ തുടർച്ചയായ 14 തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത്.

പലിശ നിരക്ക് ഉയർത്തിയതു മൂലം പണപ്പെരുപ്പം കുറയ്ക്കാൻ ആയെന്ന നേട്ടമുണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകുന്നതിലൂടെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ഉയർന്ന പലിശ നിരക്കുകൾ സാരമായി ബാധിക്കും. നിലവിൽ പലിശ നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 % ആണ്.