ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗേറ്റ്സ്ഹെഡിലെ ആഡിസൺ കോർട്ട് കെയർ ഹോമിൽ ജോലി ചെയ്തിരുന്ന നേഴ്‌സ് ഡെനിഷ് ഡേവാസിയയെ നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ സ്ഥിര വിലക്ക് ഏർപ്പെടുത്തി പുറത്താക്കി. 2022-ൽ രാത്രി ഷിഫ്റ്റിനിടെ ഓക്സികോഡോൺ, മിഡാസൊലം എന്നീ മരുന്നുകൾ സ്വന്തമായി ദുരുപയോഗം ചെയ്തതായി അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) നടത്തിയ ഹിയറിംഗിൽ, രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കി എന്ന കാരണത്താൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു .
2024 ആഗസ്റ്റിൽ നടന്ന പ്രാഥമിക ഹിയറിംഗിൽ, മരുന്നുകളുടെ അലമാര തുറന്നുവെച്ച് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നും , ഡ്യൂട്ടിക്കിടെ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നെന്നും കണ്ടെത്തി. അത് ഒരിക്കൽ മാത്രം നടന്ന സംഭവമായതിനാൽ സ്ഥിര വിലക്ക് നൽകാതെ വിട്ടുവീഴ്ച ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ കാലാവധി കഴിഞ്ഞപ്പോൾ നടന്ന റിവ്യൂ ഹിയറിംഗിൽ അദ്ദേഹം ഹാജരായില്ല. ശിക്ഷാ നടപടികളിൽ സഹകരിക്കാതിരിക്കുകയും, പ്രതികരണം നൽകാതിരിക്കുകയും ചെയ്തതിനാൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അദ്ദേഹത്തെ സ്ഥിരമായി പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് പാനൽ വ്യക്തമാക്കി.
അതേസമയം, ഡെനിഷ് ജോലി ചെയ്തിരുന്ന ആഡിസൺ കോർട്ട് കെയർ ഹോം 2023-ൽ കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനയിൽ “സുരക്ഷിതമല്ല” എന്ന് വിലയിരുത്തപ്പെട്ടിരുന്നു. സ്റ്റാഫ് കുറവും, താമസക്കാരുടെ സുരക്ഷാപ്രശ്നങ്ങളും ചൂണ്ടികാട്ടിയതിനെ തുടർന്ന് സ്ഥാപനത്തെ സ്പെഷ്യൽ മെഷറുകളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ നിലവാരം മെച്ചപ്പെട്ടതായി കണ്ടെത്തി, “ഗുഡ്” റേറ്റിംഗ് നൽകി സ്പെഷ്യൽ മെഷറിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു .
Leave a Reply