ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ ചാൻസിലർ അലിസ്റ്റർ ഡാർലിംഗ് അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു പ്രായം. 2008 -ലെ വൻ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് അദ്ദേഹമായിരുന്നു ചാൻസിലർ. 1997 -ൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനെ തുടർന്ന് ടോണി ബ്ലെയറിന്റെയും ഗോർഡൻ ബ്രൗണിന്റെയും കീഴിൽ 13 വർഷക്കാലം അദ്ദേഹം ക്യാബിനറ്റിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുകെയിലെ സാമ്പത്തിക രംഗത്തും ബാങ്കിംഗ് മേഖലയിലും വൻ പ്രതിസന്ധി നേരിട്ടപ്പോൾ രാജ്യത്തെ നയിച്ച ധനകാര്യ വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെടുന്നത് .

ക്യാൻസർ ബാധിതനായ അദ്ദേഹം വെസ്റ്റേൺ ജനറൽ ഹോസ്പിറ്റലിൽ പരിചരണത്തിലിരിക്കെയാണ് മരണം നടന്നതെന്ന് അദ്ദേഹത്തിൻറെ കുടുംബം അറിയിച്ചു. മാർഗരറ്റിന്റെ പ്രിയപ്പെട്ട ഭർത്താവും കാലത്തിന്റെയും അന്നയുടെയും സ്നേഹ സമ്പന്നനായ പിതാവും എന്നാണ് പത്രക്കുറിപ്പിൽ കുടുംബം അദ്ദേഹത്തെ വിശേഷിപ്പിച്ചത് .പൊതു സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ഡാർലിംഗിനെ ചാൻസിലറായി നിയമിച്ച ബ്രൗൺ അദ്ദേഹത്തിൻറെ മരണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ തൻറെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തിനു തന്നെ വലിയ നഷ്ടമാണ് ഡാർലിംഗ് പ്രഭുവിന്റെ വേർപാടെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തീവ്ര ഇടതുപക്ഷ നയവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം നന്നേ ചെറുപ്പത്തിലെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അഭിഭാഷകനായി ആണ് ജോലി ചെയ്തിരുന്നതെങ്കിലും ബ്രിട്ടൻ കണ്ട മികച്ച സാമ്പത്തിക കാര്യ വിദഗ്ധനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാൻ ശ്രമിച്ച മന്ത്രിയായി താൻ ഓർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡാർലിംഗ് ഒരിക്കൽ പറഞ്ഞത് രാജ്യത്തെ പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിൻറെ മനോഭാവമാണ് വെളിപ്പെടുത്തിയത്.