കൊച്ചി : ആലുവയിലെ മെഡിഹെവന്‍ ആശുപത്രി അധികൃതരുടെ അനാസ്‌ഥയില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്ന സന്ധ്യാ മേനോന്‍(28) വിദേശത്ത് കുക്കറി ഷോകളില്‍ പ്രഗത്ഭയും സാമൂഹിക മാധ്യമങ്ങളില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ വിളമ്പുകയും ചെയ്‌ത് ഒട്ടേറെ ആരാധകരെ നേടിയ യുവ നഴ്‌സ്.
അബുദാബിയില്‍ നഴ്‌സ് ജോലിയുടെ തിരക്കിലും പാചകകലയില്‍ വിദഗ്‌ധയായിരുന്നു സന്ധ്യ. നാട്ടില്‍ പറവൂരില്‍ അമ്മവീടിനടത്ത് ആലുവ കടയപ്പിള്ളിയില്‍ ആറുസെന്റ് സ്‌ഥലം വാങ്ങി ആറുമാസം മുമ്പ് വീടു വച്ചിരുന്നു. നാട്ടിലേക്കു മടങ്ങണമെന്ന മോഹത്തിലുപരി മക്കളെ കേരളത്തില്‍ പഠിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു ഇതിനു പിന്നില്‍. ആ ഇരുനില വീട്ടില്‍ താമസിച്ചു കൊതിതീരുംമുമ്പാണ് വീട്ടുകാരെ പിടിച്ചുലച്ച മരണം.
കടുങ്ങല്ലൂര്‍ കടേപ്പള്ളി നിവേദ്യത്തില്‍ അനൂപ് മേനോന്റെ ഭാര്യയാണ് സന്ധ്യ. ആറുവയസുള്ള ആദിത്യനും രണ്ടുവയസുള്ള അദൈ്വതുമാണ് മക്കള്‍. രണ്ടാമത്തെ കുട്ടിയുണ്ടായതോടെയാണ് പ്രസവം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതിനായി ആലുവയിലെ മെഡിഹെവനില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആശുപത്രി അധികൃതരുടെ അനാസ്‌ഥയില്‍ സന്ധ്യക്കു ജീവന്‍ നഷ്‌ടമായത്. ശസ്‌ത്രക്രിയയ്‌ക്കായി നല്‍കിയ അനസ്‌തേഷ്യയില്‍ പറ്റിയ പിഴവാണ് മരണത്തിലേക്കു നയിച്ചതെന്നാണ് സൂചന. രണ്ടാഴ്‌ച മുമ്പാണ് ദമ്പതികള്‍ മക്കളുമായി വിദേശത്തുനിന്നും എത്തിയത്. ഏതാനും ദിവസങ്ങള്‍ മാത്രമാണ് പുതിയ വീട്ടില്‍ താമസിച്ചത്. കുറച്ചു ദിവസം വിനോദയാത്രയ്‌ക്കായി ചെലവഴിച്ചിരുന്നു. അതു കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയശേഷമാണ് ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശത്തുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുക്കറി ഷോ നടത്തി സന്ധ്യ പ്രശസ്‌തയായിരുന്നു. ഫെയ്‌സ്‌ബുക്കിലും പാചകവിധികള്‍ പതിവായി പോസ്‌റ്റ് ചെയ്‌തിരുന്നു.
ഫുഡി പാരഡൈസ് എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിലായിരുന്നു സന്ധ്യ സജീവമായിരുന്നത്. സന്ധ്യയുടെ വേര്‍പാടിനെത്തുടര്‍ന്ന് ആ ഗ്രൂപ്പില്‍ ഇന്നലെ സങ്കടത്തിന്റെ ചേരുവകളാണ് അവര്‍ പങ്കുവച്ചത്.
സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സന്ധ്യയൊരുക്കിയ ത്രിവര്‍ണ കേക്കുകള്‍ പ്രശംസപിടിച്ചുപറ്റിയിരുന്നു. യാത്രാവേളകളില്‍ പരിചയപ്പെട്ട രുചിഭേദങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ എത്തിക്കാനും സന്ധ്യ ശ്രദ്ധിച്ചിരുന്നു.
Leave a Reply