പത്ത് രോഗികളെ കൊല്ലുകയും 27പേർക്കെതിരെ വധശ്രമവും നടത്തിയ നേഴ്സിന് ജീവപര്യന്തം തടവ്. പശ്ചിമ ജർമനിയിലെ വൂർസെലെനിലുള്ള ആശുപത്രിയിലെ നേഴ്സാണ് തന്റെ പരിചരണത്തിലുണ്ടായിരുന്ന രോഗികളെ കൊലപ്പെടുത്തിയത്.
രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനാണ് കൊലപാതകം ചെയ്തതെന്നാണ് നേഴ്‌സിന്റെ മൊഴി. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പ്രായമായവർ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് മാരകമായ മയക്കുമരുന്നും വേദനസംഹാരികളും നല്‍കി നേഴ്സ് കൊലപാതകം നടത്തുകയായിരുന്നു.
എന്നാല്‍ നേഴ്സിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 2024 ലാണ് നേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2007-ല്‍ നേഴ്‌സിംഗ് പ്രൊഫഷണലായി പരിശീലനം പൂർത്തിയാക്കിയ നേഴ്‌സ് 2020 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇക്കാലയളവില്‍ കൂടുതല്‍ പേരെ കൊലപ്പടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി മറ്റ് മൃതദേഹങ്ങളും പുറത്തെടുത്ത് പരിശോധന നടത്തുകയാണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ജീവപര്യന്തം തടവ് അനുഭവിക്കേണ്ട 15 വർഷത്തിന് ശേഷവും നേഴ്സിന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് വിവരം. ഇതിനു മുമ്പും ജർമനിയെ നടുക്കിയ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2019-ല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നീല്‍സ് ഹോഗല്‍ എന്ന നേഴ്‌സ് 85 രോഗികളെ ആണ് കൊലചെയ്തത്. 1999-നും 2005-നും ഇടയില്‍ രോഗികള്‍ക്ക് മാരകമായ അളവില്‍ ഹൃദ്രോഗത്തിനുള്ള മരുന്ന് നല്‍കിയാണ് ഇയാള്‍ ഇത്രയും പേരെ കൊലപ്പെടുത്തിയത്. ജർമ്മനിയിലെ ഏറ്റവും കുപ്രസിദ്ധനായ പരമ്പര കൊലയാളിയായിട്ടാണ് ഹോഗല്‍ അറിയപ്പെടുന്നത്.











Leave a Reply