ഉൾക്കടലിൽലെ ഒഎൻജിസിയുടെ റിഫൈനറിയിൽ ജോലി ചെയ്യുന്നതിനിടെ മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ ദുരൂഹത. അടൂർ ഓലിക്കൽ സ്വദേശി ഗീവർഗീസ്-സിബി വർഗീസ് ദമ്പതികളുടെ മകൻ ഇനോസ് വർഗീസിനെ കടലിൽ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മകന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകനായ യുവാവിനെ സംശയിക്കുന്നതായും വിശദമായ അന്വേഷണം ആവശ്യമാണെന്നും കുടുംബം ആവശ്യപ്പെടുന്നു.

ഈ മാസം 24 നാണ് ഇനോസ് വർഗീസിനെ ഉൾക്കടലിൽ കാണാതായതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്. ഇനോസ് കടലിലേക്ക് എടുത്ത് ചാടിയതായി സഹപ്രവർത്തകനായ കരൺ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ പൂർണ നഗ്നനായാണ് ഇനോസ് കടലിലേക്ക് ചാടിയതെന്നാണ് കരൺ വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ ഇനോസ് തലേദിവസം വീട്ടുകാരോട് ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉള്ളതായി സൂചന നൽകിയതായി കുടുംബം പറയുന്നു. ഉടൻ ജോലി മതിയാക്കി നാട്ടിലേക്ക് വരുമെന്നും ഇനോസ് വീട്ടുകാരോട് പറഞ്ഞതായാണ് വീട്ടുകാർ പറയുന്നത്.

അതേസമയം കരൺ കൊലപാതകിയാണെന്നും തന്നെയും കരൺ കൊലപ്പെടുത്തുമെന്നും ഇനോസ് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഉൾക്കടലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇനോസ് കടലിൽ വീണു എന്നാണ് കമ്പനി അറിയിച്ചത്. ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇനോസ് ഒരുമാസമായി ഒഎൻജിസിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.