ലണ്ടൻ : റിക്രൂട്ട്മെന്റും പലിശയിടപാടും ധനസമ്പാദനത്തിനുള്ള മാർഗമാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഫിലിപ്പിനോ നേഴ്സുമാർ ജയിലിലേക്ക്. കഴിഞ്ഞ 18 വര്‍ഷമായി അനധികൃത റിക്രൂട്‌മെന്റും പലിശയിടപാടും നടത്തിവന്ന ടൂറ്റിംഗ് എന്‍എച്ച്എസ് ഹോസ്പിറ്റലിലലെ മേട്രണും നേഴ്സുമാണ് പോലീസ് പിടിയിലായത്. മേട്രണ്‍ ആയ ലൂസ് വിര വില്ലാറ (65), നേഴ്‌സായ ലെറ്റീഷ്യ മണിപോല്‍ (69) എന്നിവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ വന്‍തുക കണ്ടെത്തിയതോടെ ഇരുവരും അറസ്റ്റിലായി. ഇരുവരും ചേർന്ന് നാല് മില്യൺ പൗണ്ടാണ് അനധികൃതമായി സമ്പാദിച്ചത്. പണം കൈമാറ്റം ചെയ്തതിന്റെ കണക്കുകള്‍ അടങ്ങിയ ലെഡ്ജറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കിങ്സ്റ്റന്‍ ക്രൗണ്‍ കോടതി വിധി പ്രകാരം വില്ലാറ 18 മാസവും മണിപോല്‍ 16 മാസവും ജയിൽശിക്ഷ അനുഭവിക്കണം.
ഫേസ്ബുക്ക് , വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകൾ ഇവർ തട്ടിപ്പിനായി ഉപയോഗിച്ചു. സമീപ നഗരങ്ങളില്‍ ഉള്ള നൂറുകണക്കിന് ഫിലിപ്പിനോ കുടുംബങ്ങള്‍ ഇവരുടെ തട്ടിപ്പിനിരയായി. പലിശയിടപാടിൽ മലയാളികളും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നു. 2003 ജൂലൈ മുതല്‍ 2019 ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ വില്ലാറ 2,741,865 പൗണ്ട് ലോണ്‍ ആയി നല്‍കിയെന്ന് കണ്ടെത്തി. പലിശയടക്കമുള്ള തുകയായി 2,841,233 പൗണ്ട് പലരില്‍ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് എത്തി.
പതിനൊന്നു വര്‍ഷമായി മണിപോൽ നടത്തിയ പണമിടപാടുകളില്‍ 1,462,502 പൗണ്ട് പലര്‍ക്കായി നല്‍കിയതായും 1,613,267 പൗണ്ട് തിരികെ ഇവരുടെ അക്കൗണ്ടുകളില്‍ എത്തിയതായും പോലീസ് കണ്ടെത്തി. മണിപോലിനെ ഗാട്വിക് എയര്‍പോര്‍ട്ടില്‍ വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.
റിക്രൂട്ട്മെന്റ് തട്ടിപ്പുകളും പലിശ ഇടപാടുകളും മലയാളികളുടെ ഇടയിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കേസ് മലയാളി സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ഒരു രാജ്യത്ത് കഴിയുമ്പോൾ അവിടുത്തെ നിയമം അനുസരിച്ച് ജീവിക്കേണ്ടതാണ്. പണം തട്ടിപ്പും പലിശയിടപാടുകളിലൂടെ ധനം സമ്പാദിക്കുന്നതും ഈ രാജ്യത്ത് ഗുരുതരമായ സാമ്പത്തിക കുറ്റമായാണ് കണക്കാക്കുന്നത്. നിയമസംവിധാനത്തിന്റെ കുരുക്കിൽ പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല.
Leave a Reply