”അത്താഴം മുടക്കുന്ന ചില നീര്‍ക്കോലികള്‍….” ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

”അത്താഴം മുടക്കുന്ന ചില നീര്‍ക്കോലികള്‍….” ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
March 26 06:11 2017 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട്
ചില ചെറിയ അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ട, വലിയ കാര്യങ്ങള്‍ക്ക് തടസം നേരിടുന്നതിനെയാണ് ‘നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ എന്ന പഴമൊഴി ദ്യോതിപ്പിക്കുന്നത്. നീര്‍ക്കോലി വിഷമില്ലാത്ത പാമ്പായാണ് കരുതപ്പെടുന്നതെങ്കിലും ജീവിത സന്തോഷത്തിന്റെ താളം തെറ്റിക്കാനും രസച്ചരട് പൊട്ടിക്കാനും ഈ കൊച്ചു ജീവിക്കാവും എന്നു സാരം. ജീവിതത്തിലുണ്ടായ ചെറിയ ചില തടസ്സങ്ങളില്‍ തട്ടി, വലിയ നേട്ടങ്ങളോ സൗഭാഗ്യങ്ങളോ ഒക്കെ കൈവിട്ട ചിലരെങ്കിലും കാണും. ഏതാനും കുബുദ്ധികള്‍ ഇക്കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തില്‍ അക്രമത്തിന്റെ തന്നിഷ്ടം കാണിച്ചപ്പോള്‍, ലോകപ്രശസ്ത ആഡംബര നഗരത്തിന്റെ പേരിനും അതിലെ സ്വച്ഛ ജീവിതങ്ങളുടെ നൈരന്തര്യത്തിനുമാണ് ഏതാനും ദിവങ്ങളിലേയ്ക്കെങ്കിലും മങ്ങലേറ്റത്. കഴിഞ്ഞ ബുധനാഴ്ച എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ ഒരു ചെറിയ പക്ഷി വന്നിടിച്ചതാണ്, പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ യാത്ര റദ്ദുചെയ്യാന്‍ കാരണമായത്.

ചെറിയ കാര്യങ്ങളെ പലപ്പോഴും വേണ്ടത്ര പരിഗണിക്കാത്ത ശൈലിയില്‍ ജീവിക്കുന്ന വളരെപ്പേരുണ്ട്. നല്ല കാര്യമായാലും മോശം കാര്യമായാലും ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ചെറിയ കാര്യങ്ങള്‍ തന്നെ പിന്നീട് ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന കാര്യങ്ങളായി മാറും. ചെറുതായി തുടങ്ങുന്ന നല്ല കാര്യങ്ങള്‍ വലിയ നന്മയിലേക്കു വളരുമ്പോള്‍ ചെറുതായി തുടങ്ങുന്ന തിന്മകള്‍ ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്കു വഴി വെട്ടുകയാവാം.

അവബോധവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് ഇവിടെ ആവശ്യം. വലിയ ലക്ഷ്യങ്ങളിലേയ്ക്ക് കുതിക്കുന്നവര്‍ ചെറിയ കാര്യങ്ങളെ നിസാരങ്ങളായി കണ്ട് അവഗണിക്കുന്ന രീതി ഭൂഷണമല്ല. മുന്‍ അനുഭവങ്ങളില്‍ നിന്നു പഠിച്ചും ജീവിതയാത്രയിലെ ‘സൈന്‍ ബോര്‍ഡു’കളിലെ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചും വിവേകപൂര്‍ണമായ മുന്‍കരുതലുകള്‍ സ്വയമെടുത്തും മുന്നോട്ടുപോവുകയാണ്രേത പ്രധാനം.

അനുഭവത്തില്‍ നിന്നു പഠിക്കാത്ത ലോകത്തിലെ ഏകജീവിയാണ് മനുഷ്യന്‍ എന്ന് ഫലിത രൂപേണ പറയാറുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നിറവും അതിന്റെ ചലനങ്ങളും ഒരു കൊച്ചുകുട്ടിക്ക് ആകര്‍ഷകമായി തോന്നി അടുത്ത് ചെന്ന് തൊട്ടാല്‍ ആദ്യം ഒറ്റ അനുഭവത്തോടെ തന്നെ അതിന്റെ വേദനയും ദുരന്തവും മനസിലാക്കുകയും പിന്നീടൊരിക്കലും തീയെ തൊടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഒരു അനുഭവത്തില്‍ നിന്നു പഠിക്കുന്ന പാഠമാണത്. ആര് എത്ര തവണ അതിന്റെ ദൂഷ്യവശത്തെക്കുറിച്ച് പറഞ്ഞുകൊടുത്താലും സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമായി ബോധ്യമാകുന്നത്.

അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ചില രാജ്യങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈ അടുത്ത കാലങ്ങളില്‍ വിലക്കി. യാത്രയ്ക്കിടയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത് പലതരത്തില്‍ സുരക്ഷാവീഴ്ചകള്‍ക്ക് കാരണമാകുന്നു എന്നുള്ള മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലുള്ള തീരുമാനമാണിത്. Ralph Nader എന്ന ചിന്തകന്റെ അഭിപ്രായത്തില്‍ തെറ്റുകളും പിഴവുകളും പോലും അറിവു പകരുന്നവയാണ്. അദ്ദേഹം പറയുന്നു: ”your last mistake is your best teacher” മുന്‍ വീഴ്ചകളിലും അനുഭവങ്ങല്‍ലും നിന്നും പഠിക്കുന്നവര്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ചെറുതും വലുതുമായ പ്രതിസന്ധികളെയും ദുരന്തങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാനാകും.

2

ജീവിതയാത്രയില്‍ അപകട സൂചന നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. നമ്മുടെ റോഡു യാത്രകളില്‍ പലതരം മുന്നറിയിപ്പുകള്‍ തരുന്ന എത്രയോ സൈന്‍ ബോഡുകളാണ് നമ്മള്‍ ദിനംപ്രതി കാണുന്നത്. ചിലപ്പോള്‍ വേഗത കുറയ്ക്കാന്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ശ്രദ്ധിക്കാന്‍, ഓവര്‍ടേക്കിംഗ് ഒഴിവാക്കാന്‍, നിശ്ചിത ലെയിനിലൂടെ മാത്രം പോകാന്‍ … ഇങ്ങനെ നിരവധി നിര്‍ദ്ദേശങ്ങ്ള്‍. ഇവ ശ്രദ്ധിച്ചും അനുസരിച്ചും പോകുന്നവര്‍ക്ക് അപകട സാധ്യതകള്‍ കുറവായിരിക്കും.

മുതിര്‍ന്നവര്‍ തങ്ങളുടെ ദീര്‍ഘകാല ജീവിതത്തിന്റെ വെളിച്ചത്തില്‍ നല്‍കുന്ന തിരുത്തലുകളും നിര്‍ദ്ദേശങ്ങളും വളരെ വിലപ്പെട്ടവയാണ്. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുകയും വില കല്‍പിക്കുകയും ചെയ്യണമെന്നു പറയുന്നത്, അവര്‍ പറയുന്നതെല്ലാം നൂറുശതമാനം എപ്പോഴും ശരിയായിരിക്കും എന്നതുകൊണ്ടല്ല, ജീവിതത്തില്‍ ഒത്തിരിയേറെ തെറ്റിപ്പോയ അനുഭവങ്ങളില്‍ നിന്നു പാഠം പഠിച്ചവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. ”മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും’ എന്ന പഴമൊഴിക്ക് ഇന്ന് പ്രസക്തിയേറി വരുകയാണ്.

ജീവിതത്തില്‍ കടന്നുവരാന്‍ സാധ്യതയുള്ള ചെറുതും വലുതുമായ അപകടങ്ങളെക്കുറിച്ച് ‘മുന്‍കരുതല്‍’ എടുക്കുക എന്നത്രേത മൂന്നാമത്തെ കാര്യം. ശാരീരിക-മാനസിക-ആത്മീയ തലങ്ങളില്‍ ഈ മുന്‍കരുതല്‍ ആവശ്യമാണ്. ശരീരാരോഗ്യം നശിപ്പിക്കുകയും ജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യുന്ന മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ പാടേ ഉപേക്ഷിക്കുകയും ശരീരാരോഗ്യം കളയുന്ന മറ്റെല്ലാ ദുഃശ്ശീലങ്ങളില്‍ നിന്നു മാറി നില്‍ക്കാന്‍ ശ്രമിക്കേണ്ടതുമാണ്. മദ്യപാനത്തിനടിമയായ ഒരാളോട് അയാളുടെ ഒരു നല്ല സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. ” നിങ്ങളുടെ വാഹനത്തില്‍ എന്ത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?” അദ്ദേഹം പറഞ്ഞു. ‘പെട്രോള്‍’. സുഹൃത്ത് ചോദിച്ചു: ‘എന്തിനാണ് എപ്പോഴും നല്ല വിലയുള്ള പെട്രോള്‍ തന്നെ ഒഴിക്കുന്നത്, ചിലപ്പോഴെങ്കിലും വില കുറഞ്ഞ മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കാത്തതെന്താണ്? ഈ വ്യക്തി പറഞ്ഞു. ” അത് വാഹനത്തിനു ചേരില്ല, മാത്രമല്ല, മണ്ണെണ്ണ വാഹനത്തിന്റെ എന്‍ജിന്‍ നശിപ്പിക്കുകയും ചെയ്യും’. അപ്പോള്‍ ആ സുഹൃത്തു ചോദിച്ചു. ‘ചങ്ങാതി, ഇതുതന്നെയല്ലേ നിങ്ങളുടെ ശരീരത്തിനു ചേരാത്ത മദ്യം കഴിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തിനും സംഭവിക്കുന്നത്.?

മനസിന്റെ ആരോഗ്യം പലപ്പോഴും നഷ്ടപ്പെടുന്നത് അനാരോഗ്യകരമായ സംസാരങ്ങളെത്തുടര്‍ന്നാണ്. ”ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്നു അധരത്തെയും നിയന്ത്രിക്കട്ടെ. (1 പത്രോസ് 3:10). നല്ല ഹൃദയങ്ങളുടെ നിറവില്‍ നിന്ന് അധരങ്ങള്‍ നല്ലതുമാത്രം സംസാരിക്കട്ടെ. ആത്മീയ ജീവിതത്തില്‍ പിന്‍തിരിഞ്ഞു നോക്കി കുറവുകള്‍ കണ്ടെത്തി പരിഹരിക്കുകയും ഭാവി ജീവിതത്തിനാവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്ന നോമ്പുകാലത്തിലാണ് നാമിപ്പോള്‍. ആത്മീയ ശുദ്ധിയില്‍ അടിയുറച്ച് മനസിന്റെ വ്യഗ്രതകളെ നിഗ്രഹിച്ച് നാവിന്റെ വ്യര്‍ത്ഥ ഭാഷണങ്ങള്‍ക്ക് കടിഞ്ഞാണിടാനും ശരീരത്തിന്റെ ദുരാശകളെ നിയന്ത്രിക്കാനും കഴിയുന്നവര്‍ക്ക് ജീവിതയാത്രയില്‍ പ്രതിബന്ധങ്ങള്‍ കുറവായിരിക്കും. വിശുദ്ധ ലിഖിതങ്ങളിലൂടെ ദൈവം ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കട്ടെ.”

3

എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍’ ലബനോനിന്റെ ഹൃദയഗായകന്‍ ഖലീല്‍ ജിബ്രാന്‍ ഇങ്ങനെ കുറിക്കുന്നു. ”ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് ജനിക്കുമ്പോള്‍ സത്യത്തില്‍ രണ്ടുപേരാണ് ജനിക്കുന്നത്. കുഞ്ഞിനോടൊപ്പം ഒരു അമ്മയും ഈ ഭൂമിയില്‍ ജനിക്കുന്നു. ”ആദ്യം പറഞ്ഞു തുടങ്ങുന്ന വാക്കും എപ്പോഴും അറിയാതെ വിളിച്ചു പോകുന്നതും വേദനയിലും സന്തോഷത്തിലും ഒരുപോലെ നാവിലോടിയെത്തുന്നതും ‘അമ്മ’ എന്ന വാക്കു തന്നെ.

ഭാരതത്തിന്റെ മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളില്‍, ‘മൂര്‍ച്ചയേറിയ വാക്കുകള്‍ ഒരിക്കലും നീ നിന്റെ അമ്മയെ വിളിക്കാന്‍ ഉപയോഗിക്കരുത്. കാരണം, നിന്നെ സംസാരിക്കാന്‍ പഠിപ്പിച്ചത് അവളാണെന്ന് നീ മറക്കരുത്. ‘ മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദൈവസ്ഥാനത്ത് കണ്ട് പൂജിക്കുന്ന (മനുസ്മൃതി) ഭാരത സംസാരചിന്തയിലും ആദ്യം പരിഗണിക്കപ്പെടുന്നത് ‘അമ്മ’യുടെ പേരു തന്നെ. സ്വന്തം അമ്മയെ ബഹുമാനിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ ദേവീ പൂജയും മാതൃഭക്തിയും എന്ന സവിശേഷമായ ഓര്‍മ്മപ്പെടുത്തലോടെ നന്മനിറഞ്ഞ പുതിയ ഒരാഴ്ച എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles