നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജോലിയില്‍ പ്രവേശിപ്പിക്കുന്ന അവസരം മുതല്‍ തന്നെ ബിഎസ്‌സി,ജനറല്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എ എന്‍ എം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളവും 20,000 രൂപയായിരിക്കും. ആവശ്യങ്ങളുന്നയിച്ച് നാളെ ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ തിരിക്കിട്ട നീക്കം നടത്തിയത്.

50 കിടക്കകൾ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്പളം. 100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള  ആശുപത്രികള്‍ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.   200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപയാണ് അടിസ്ഥാന ശമ്പളം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച് അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

അതേസമയം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വിജ്ഞാപനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.