എയര്‍ഇന്ത്യാ ഓഹരി വില്‍ക്കുന്നതിനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഓഹരിവില്‍പന നടത്താനുളള തീരുമാനം മരവിപ്പിച്ചുവെന്നുളള വാര്‍ത്തകളെ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത.് 58,351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്.

എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഓഹരി വില്‍പന തീരുമാനം മരവിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഹരി വില്‍പനയില്‍ നിന്നും പുറകോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയത്.

സാമ്പത്തികകാര്യങ്ങള്‍ക്കുളള മന്ത്രിസഭാ സമിതി ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. ഇതിനായി ഒരു പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയര്‍ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

30,000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,500 കോടിയോളം രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടം. ഈ ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിക്കൂടിയാണ് ഓഹരി വില്‍പന നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം