സ്വന്തം ലേഖകന്‍

ആലപ്പുഴ : നഴ്സുമാരുടെ സമരത്തില്‍ ഞെട്ടിവിറച്ച് ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയും സര്‍ക്കാരും. പണിമുടക്കില്‍ വന്‍ ജനകീയ പങ്കാളിത്തം . രാവിലെ മുതല്‍ ചേര്‍ത്തലയിലേയ്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടെ ഐതിഹാസിക പണിമുടക്ക് . യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്നില്‍ നഴ്സുമാര്‍ മാസങ്ങളായി തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വകാര്യ , സഹകരണ ആശുപത്രികളിലെ അമ്പതിനായിരത്തോളം നഴ്‌സുമാരാണ് പണിമുടക്കി ഒന്നടങ്കം ചേര്‍ത്തലയിലേക്ക് എത്തി അധികാരികളെ ഞെട്ടിച്ചത്. പണിമുടക്കുന്ന നഴ്‌സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ച് സമരം ഇപ്പോഴും തുടരുകയാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കി ദേശീയപാതയോരത്തെ കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ചത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ കെവിഎം ആശുപത്രിയില്‍ നിന്നു പുറത്താക്കിയ മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് യുഎന്‍എ.

നഴ്‌സുമാരുടെ പണിമുടക്ക് സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ , സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. ഒപി പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലടക്കം ശസ്ത്രക്രിയകള്‍ മുടങ്ങി. പണിമുടക്കുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ആം ആദ്മി , കെഎസ്‌യു , എഐവൈഫ് സംഘടനകളും സമരവേദിയിലെത്തി. സമരത്തെ തുടര്‍ന്ന് ചേര്‍ത്തല ദേശീയപാതയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു.

മിനിമം വേതനം നല്‍കുക , അന്യായമായി പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുക, അമിതജോലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 179 ദിവസമായി കെവിഎം ആശുപത്രിക്ക് മുന്നില്‍ നഴ്സുമാര്‍ സമരം നടത്തുകയാണ്. എന്നാല്‍ യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ ആശുപത്രി അധികൃതര്‍ മര്‍ക്കടമുഷ്ടി തുടരുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ 24 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്കില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ ചേര്‍ത്തലയിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തന്നെ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെവിഎം ആശുപത്രിയ്ക്ക് മുന്നിലെ സമരപ്പന്തലിലേക്ക് നഴ്സുമാരുടെ ഒഴുക്കായിരുന്നു. തിരുവനന്തപുരം മുതല്‍ മലബാര്‍ മേഖലയില്‍ നിന്നുവരെ സമരത്തിന് പിന്തുണയുമായി നഴ്സുമാരെത്തി. സമരപ്പന്തലില്‍നിന്ന് ദേശീയപാതയുടെ വശങ്ങളില്‍ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ നഴ്സുമാര്‍ നിറഞ്ഞു. രാവിലെ മുതല്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച നഴ്സുമാര്‍ ഉച്ചയ്ക്ക് വമ്പന്‍ പ്രതിഷേധ പ്രകടനവും നടത്തി.

സമരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലീസിന്റെ വന്‍ സന്നാഹവും രാവിലെ മുതല്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കെവിഎം ആശുപത്രിയ്ക്കും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യായമായ ആവശ്യങ്ങള്‍ക്കാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും എന്നാല്‍ മാനേജ്മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് കടുത്ത സമരമുറയിലേക്ക് തങ്ങളെ എത്തിച്ചതെന്നും യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സര്‍ക്കാരും മാനേജ്മെന്റും പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിഎം സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കുക , ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക , ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കുക , പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ കാണുക