റോമി കുര്യാക്കോസ്

മാഞ്ചസ്റ്ററിലെ എയ്ഞ്ചൽ മൗണ്ട്, ക്ലയർ മൗണ്ട് കെയർ ഹോം ജീവനക്കാര്‍ നഴ്‌സിംഗ് ഹോം ജീവനക്കാരാണ് സെപ്റ്റംബർ 16 ന് അക്രിങ്ങ്റ്റനിലെ എയ്ഞ്ചൽ മൗണ്ട് നേഴ്സിംഗ് ഹോമിൽ വെച്ച് വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയാണ് ‘ഡൈവേഴ്‌സിറ്റി പ്രോഗ്രാം’ എന്ന പേരിൽ കേരളീയത വിളിച്ചോതുന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ആഘോഷ പരിപാടികളിൽ മിഴിവേറി നിന്നത് എയ്ഞ്ചല്‍ മൗണ്ട് – ക്ലെയര്‍ മൗണ്ട് കെയര്‍ ഹോമുകൾ തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരമാണ്. രണ്ട് കെയർ ഹോമുകളിലേയും പുരുഷ വനിതാ വടം വലി ടീമുകൾ മാറ്റുരച്ച ആവേശപ്പോരാട്ടത്തില്‍, എയ്ഞ്ചൽ മൗണ്ട് ടീം വനിത വിഭാഗത്തിലും ക്ലയർ മൗണ്ട് ടീം പുരുഷ വിഭാഗത്തിലും ജേതാക്കളായി. സമ്മാന തുകയായി 300 പൗണ്ടും ട്രോഫിയും ആണ് വിജയികൾ കരസ്തമാക്കിയത്.

വിവിധ മലയാളി അസോസിയേഷനുകളും മറ്റ് സംഘടനകളും ചെറു കൂട്ടായ്മകളും യുകെയിൽ ഓണാഘോഷപരിപാടിക ളും വടംവലി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെങ്കിലും നേഴ്‌സിംഗ് ഹോമുകളിൽ ഇതുപോലെ കേരളീയ തനിമ തുളുമ്പുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.

നേഴ്സിംഗ് ഹോമുകളിലെ തിരക്കേറിയതും ഉത്തരവാദിത്വം കൂടുതലുള്ളതുമായ ജോലി തിരക്കുകൾക്കിടയിൽ, ഇത്തരത്തിലുള്ള ഗൃഹാതുരത്വം നിറഞ്ഞ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓണാഘോഷം പോലെ കേരളീയ തനിമയുള്ള ആഘോഷ പരിപാടികൾ ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കുവാനുള്ള അവസരം, അവർക്ക്‌ ഒരു പുത്തൻ അനുഭവം ആകട്ടെയെന്നും ക്ലയർ മൗണ്ട്, എയ്ഞ്ചല്‍ മൗണ്ട് നഴ്സിംഗ് ഹോം ഉടമയും, ജീവകാരുണ്യ പ്രവർത്തകയും, ഒഐസിസി വനിത വിങ്ങ് യൂറോപ്പ് കോർഡിനേറ്ററുമായ ഷൈനു മാത്യൂസ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

നേഴ്സിംഗ് ഹോം ജീവനക്കാരുടെ മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച കലാവിരുന്നിന് മികവ് പകർന്നുകൊണ്ട് വൈവിധ്യമാർന്ന കലാപരിപാടികളും ജീവനക്കാരുടെ കുട്ടികൾക്കായി വിവിധയിനം മത്സരങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. കലാവിരുന്നുകളിലും മത്സരങ്ങളിലും പങ്കെടുത്തവർക്കെല്ലാം ട്രോഫികളും സമ്മാനങ്ങളും നൽകി. ജീവനക്കാർക്കും കുടുംബാങ്ങൾക്കുമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

കലാവിരുന്നുകൾ ആസ്വദിക്കുവാനും സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കണ്ടും കേട്ടും മാത്രം അറിഞ്ഞിട്ടുള്ള കേരളത്തിന്റെ തനതായ ഓണസദ്യയുടെ രുചി നുകരാൻ പരിസരവാസികളായ വിദേശികൾ എത്തിച്ചേർന്നത്‌ ആഘോഷ പരിപാടികളുടെ മാറ്റ് വർധിപ്പിച്ചു.

കലാവിരുന്നുകൾക്കിടയിൽ സദസ്സിലേക്ക് മാവേലിയുടെ വേഷ വിധാനങ്ങളോടെ എത്തിയ നേഴ്സിംഗ് ഹോം സീനിയർ സ്റ്റാഫ്‌ ശ്രീ. ബേബി ലൂക്കോസ് ഓണ സന്ദേശം നൽകി. വൈകുന്നേരം 4 മണിക്ക് വടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 8 മണിക്ക്‌ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ അവസാനിച്ചു.