നഴ്‌സുമാരെ സംബന്ധിച്ചു ഒരു വാർത്ത വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെ ആണ് എന്നുള്ളത്, എന്തുകൊണ്ട് എന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. ഇതിന് കാരണം മറ്റൊന്നുമല്ല, നഴ്സിംഗ് മേഘലയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം തന്നെയാണ്. ആദ്യമായി ഇന്ത്യയിലെ തന്നെ കുറച്ചു നഗരങ്ങളെ നോക്കാം. ഹൈദ്രാബാദ് സിറ്റിയിൽ ഉള്ള ഹോസ്പിറ്റലുകളിൽ ജോലിയെടുക്കുന്ന നഴ്‌സ്മാരുടെ ആകെ എണ്ണത്തിന്റെ 80 ശതമാനം മലയാളികൾ ആണ്. ബാംഗ്ലൂർ നഗരത്തിൽ ഇത് 60 മുതൽ 70 ശതമാനം വരെയാണ്. എന്നാൽ ഡൽഹി-പൂനെ എന്നിവടങ്ങളിൽ മലയാളി നഴ്‌സുമാരുടെ എണ്ണം 80 ശതമാനത്തിന് അടുത്താണ്. 2012 ലെ കണക്കുകളാണ് മുകളിൽ പറഞ്ഞത്.
എന്നാൽ 1970 കളിൽ രാജ്യം കടന്നുള്ള നഴ്സിംഗ് ജോലികളിലേക്ക് മലയാളി നഴ്സുമാരുടെ ഒരു വൻ മുന്നേറ്റം ഉണ്ടായി. പിന്നീട് നാം കണ്ടത് കൂണുപോലെ പടർന്നു പന്തലിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വളർച്ചയാണ്. തട്ടിപ്പുകളും ചതിയും നിറഞ്ഞ ഒരു മേഘലയായിത്തീരാൻ അധികസമയം വേണ്ടിവന്നില്ല എന്നുള്ളത് ഒരു യാഥാർഥ്യം. ഇത്തരത്തിൽ കാര്യങ്ങൾ മുന്നേറിയപ്പോൾ റിക്രൂട്ട്‌മെന്റ് ഏജന്‍സികൾ തമ്മിലുള്ള കുടിപ്പകയും കൂടിവന്നു. എല്ലാ അതിർവരമ്പുകളും ഭേദിച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കുടിപ്പകയ്‌ക്കൊടുവില്‍ കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന വന്ന നിയന്ത്രണങ്ങളില്‍ വിദേശജോലി എന്ന മോഹം പൊലിഞ്ഞത് മലയാളി നഴ്‌സുമാര്‍ക്ക്.
വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അമിതഫീസ് ഈടാക്കുന്നുവെന്ന പരാതികള്‍ക്കൊടുവില്‍ വന്ന നിയന്ത്രണം ഫലത്തില്‍ നഴ്‌സിങ് മേഖലയിലെ വിദേശജോലി എന്ന സാധ്യതതന്നെ ഇല്ലാതാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തി രണ്ടു വര്‍ഷം തികയുമ്പോള്‍ വിദേശ ആരോഗ്യമന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള ആശുപത്രികളിലേക്ക് ഒരാളെപ്പോലും ജോലിക്ക് അയക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിട്ടില്ല. പ്രതിവര്‍ഷം 25000 റിക്രൂട്ട്‌മെന്റ് വരെ നടന്ന സ്ഥാനത്ത് കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കു പോയത് 1400 നഴ്‌സുമാര്‍ മാത്രം.
ഒഡപെക് വഴി 900 നഴ്‌സുമാരും നോര്‍ക്ക റൂട്ട്‌സ് വഴി 500 നഴ്‌സുമാരുമാണ് വിദേശത്ത് എത്തിയത്. ഈ രണ്ട് ഏജന്‍സികള്‍ക്കു മാത്രമാണ് സംസ്ഥാനത്തുനിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അനുമതിയുള്ളത്. സ്വകാര്യ ഏജന്‍സികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണു നിലവിലെ തിരിച്ചടിക്കു കാരണം. 2015 മെയ് മുതലാണ് വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി പരിമിതപ്പെടുത്തിയത്. അന്ന് കുവൈത്ത് അടക്കമുള്ള 18 ഇ.സി.ആര്‍. രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. അവര്‍ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതും തിരിച്ചടിയായിരുന്നു. ഇതിനിടെ കര്‍ശന ഉപാധികളോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കുതന്നെ റിക്രൂട്ട്‌മെന്റുകള്‍ നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടില്ല.
ഏജന്‍സികളുടെ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടാനായിരുന്നു മുഖ്യ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജന്‍സികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഏജന്‍സികളുടെ ലൈസന്‍സ് ഫീസ് 20 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം സ്വകാര്യ ഏജന്‍സികള്‍ അംഗീകരിച്ചിട്ടില്ല. അമിതഫീസ് ഈടാക്കുകയാണെന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരേയുള്ള പരാതിക്കുപിന്നില്‍ ഏജന്‍സികള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അമിത ഫീസ് ഈടാക്കിയിരുന്നെന്ന് സി.ബി.ഐ. വെളിപ്പെടുത്തിയെങ്കിലും ഇതു സംബന്ധിച്ച് പരാതികളും തെളിവുകളും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
2005 ഫിലിപ്പീൻസിനെ പിന്തള്ളി ഇന്ത്യ നഴ്സുമാരുടെ ലഭ്യതയിൽ ഒന്നാമതെത്തി. യുകെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളികൾ ഒഴുകിയപ്പോൾ നല്ലൊരു നാളെ സ്വപ്‍നം കണ്ട് ഒരുപാട് പ്രതീക്ഷകളോടെ ഇല്ലാത്ത പണം ലോണുകൾ വഴി കണ്ടെത്തി പഠിച്ചു പാസായി ഒരു വിദേശ ജോലി സ്വപ്നം കണ്ട മലയാളി നഴ്സുമാർ, ഒന്നും കണ്ടില്ല എന്ന പോലെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പെരുമാറിയാൽ നഴ്സുമാരുടെ ജീവിതത്തിൽ കരിനിഴൽ പരത്തും എന്നതിൽ തർക്കമില്ല. ഇത്തരത്തിൽ കാര്യങ്ങൾ മുന്നേറുമ്പോൾ നഷ്ടം സംഭവിക്കുന്നത് മലയാളികൾക്ക് തന്നെ.
Leave a Reply