ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ 18 വയസ്സുള്ള നേഴ്‌സിങ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൈൻപുരി സ്വദേശിനിയായ പ്രീതി ഫിറോസാബാദ് കോളജ് ഓഫ് നേഴ്‌സിങ്ങിലെ ഒന്നാം വർഷ ജനറൽ നേഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി (ജിഎൻഎം) വിദ്യാർഥിനിയായിരുന്നു. കോളജ് പ്രിൻസിപ്പലും മകനും ചേർന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. പോസ്റ്റുമോർട്ടത്തിന് പിന്നാലെ കുടുംബാംഗങ്ങൾ ജില്ലാ ആസ്ഥാനത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

ബുധനാഴ്ച രാവിലെ ഹോസ്റ്റലിലെ സഹപാഠികൾ പ്രഭാതഭക്ഷണത്തിനായി മെസ്സിലേക്ക് പോയപ്പോഴാണ് പ്രീതിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. മുറിയിൽ നടത്തിയ പരിശോധനയിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. പുലർച്ചെ 2.30ഓടെ കോളജിന്റെ മതിൽ ചാടിക്കടന്ന് പ്രീതി ഒറ്റയ്ക്ക് പുറത്തുപോകുന്നത് ദൃശ്യങ്ങളിൽ കണ്ടെത്തിയതായി സർക്കിൾ ഓഫിസർ തേജസ് ത്രിപാഠി പറഞ്ഞു. പിന്നീട് മൗദ കനേത ഗ്രാമത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തുകയും പരിശോധനയിൽ അത് പ്രീതിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോളജ് പ്രിൻസിപ്പൽ സുരേഷ് ദക്ഷും മകൻ യഷും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രീതിയുടെ സഹോദരൻ രോഹിത് ആരോപിച്ചു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തുന്ന ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്.) സെക്ഷൻ 103(1) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബം നടത്തിയ റോഡ് ഉപരോധം പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.