മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം; മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലന്ന് കോഹ്‌ലി, ഐസിസി തന്നെ തീരുമാനിക്കട്ടെ എന്ന് ജോ റൂട്ടിന്റെ അഭിപ്രായം

മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം; മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലന്ന് കോഹ്‌ലി, ഐസിസി തന്നെ തീരുമാനിക്കട്ടെ എന്ന് ജോ റൂട്ടിന്റെ അഭിപ്രായം
February 26 04:12 2021 Print This Article

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ,
രണ്ടാം ഇന്നിങ്സിൽ 7.4 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓരോഹിത് ശർമ 25 പന്തിൽ നിന്ന് 25 റൺസും ശുഭ്മാൻ ഗിൽ 21 പന്തിൽ നിന്ന് 15 റൺസും നേടിയാണ് വിജയലക്ഷ്യം കണ്ടത്. ഈ ജയത്തോടെ പരമ്പരയിൽ 2-1ന്റെ ലീഡ് ഇന്ത്യ നേടി.

അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 145 റൺസും ഇംഗ്ലണ്ട് 112 റൺസുമാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 30.4 ഓവറിൽ 81 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായി. രണ്ടാം ഇന്നിങ്സിൽ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7.4 ഓവറിൽ തന്നെ വിജയം സ്വന്തമാക്കി.

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ശക്തമായ ബൗളിങ് പ്രതിരോധം ഉയർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ അഞ്ചും അശ്വിൻ നാലും വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തു. ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ സാക് ക്രോളിയെ അക്ഷർ പുറത്താക്കി. മൂന്നാം പന്തിൽ ബെയർസ്റ്റോയും പുറത്തായി. രണ്ടുപേരും റൺസൊന്നും എടുക്കാതെയാണ് കളം വിട്ടത്.

അധികം വൈകാതെ തന്ന ഡോം സിബ്‌ലിയെയും പുറത്താക്കി അക്ഷർ മൂന്നാം വിക്കറ്റും നേടി. 25 റൺസെടുത്ത ബെൻ സ്റ്റോക്സിനെ അശ്വിനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 19 റൺസെടുത്ത ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ എൽബിഡബ്ല്യുവിൽ കുടുങ്ങി അക്ഷർ വീണ്ടും ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇതോടെ ഇന്നിങ്സിലെ നാലാം വിക്കറ്റും മത്സരത്തിലെ പത്താം വിക്കറ്റും അക്ഷർ സ്വന്തമാക്കി.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 33 റൺസിന്റെ ലീഡാണ് നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് മറികടക്കാനായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 145 റൺസ് എടുക്കുന്നതിനിടയിൽ മുഴുവൻ വിക്കറ്റും നഷ്ടമായി. ജോ റൂട്ടാണ് ഇന്ത്യൻ നിരയെ തകർത്തത്. റൂട്ട് അഞ്ചു വിക്കറ്റ് വീഴ്ത്തി. 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ട് നായകന്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമ്മ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രോഹിത് 66 റൺസെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 27 റൺസെടുത്തു. രണ്ടാം ദിനത്തിൽ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏഴുറണ്‍സെടുത്ത രഹാനെയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ തന്നെ രോഹിതിന്റെ വിക്കറ്റും വീഴ്ത്തി ലീച്ച് ഇന്ത്യയെ ഞെട്ടിച്ചു.

അടുത്തതായി ഇറങ്ങിയ റിഷഭ് പന്ത് വന്നതുപോലെ മടങ്ങി. ഒരു റൺസെടുത്ത പന്തിനെ ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെ ത്നെ വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലും റൺസൊന്നും എടുക്കാതെ മടങ്ങി. പിന്നീട് എത്തിയ അശ്വിൻ ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. 17 റൺസെടുത്ത അശ്വിനെ റൂട്ട് പുറത്താക്കിയതോടെ ഇന്ത്യൻ നിര തകർന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 112 റൺസാണ് എടുത്തത്.

മൊട്ടേരയിലെ ക്രിക്കറ്റ് പിച്ചിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും പ്രതിരോധം തീർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലെന്നും ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ് ടെസ്റ്റ് മത്സരം വേഗം അവസാനിക്കാൻ കാരണമെന്നും കോഹ്‌ലി പറഞ്ഞു.

“വളരെ സത്യസന്ധമായി പറഞ്ഞാൽ, ബാറ്റ്‌സ്‌മാൻമാർ കഴിവിനൊത്ത് ഉയർന്നിട്ടില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് നൂറ് റൺസെടുത്ത ഞങ്ങൾ പിന്നീട് 150 ന് ഓൾഔട്ടായി. ചുരുങ്ങിയത് ഒന്നാം ഇന്നിങ്സിലെങ്കിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ, ഞങ്ങളത് ഉപകാരപ്പെടുത്തിയില്ല. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നും ഒളിഞ്ഞിരിക്കുന്നില്ല,” കോഹ്‌ലി പറഞ്ഞു.

അതേസമയം, മൊട്ടേരയിലെ പിച്ചിനെ കുറിച്ച് ഐസിസി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ അഭിപ്രായം. “മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണോ എന്ന് ഐസിസിയാണ് വിലയിരുത്തേണ്ടത്, താരങ്ങളല്ല,” തോൽവിക്ക് ശേഷം റൂട്ട് പ്രതികരിച്ചു. വളരെ വെല്ലുവിളികൾ നിറഞ്ഞ കളിയായിരുന്നു മൊട്ടേരയിലേതെന്നും റൂട്ട് പറഞ്ഞു.

മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷമൺ, യുവരാജ് സിങ്, ഇംഗ്ലണ്ട് മുൻ നായകൻ മെെക്കിൾ വോൺ, ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സൺ അടക്കമുള്ളവർ മൊട്ടേരയിലെ പിച്ചിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles