ന്യൂസ് ഡെസ്ക്, മലയാളം യുകെ
മരണപ്രേരണയും ആത്മഹത്യാ മാർഗനിർദേശങ്ങളും ഉൾപ്പെട്ടതായി കണ്ടെത്തിയ ഓൺലൈൻ ആത്മഹത്യാ ഫോറത്തിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമ-ടെലികോം നിയന്ത്രണ അതോറിറ്റിയായ ഓഫ്‌കോം അറിയിച്ചു. യുകെയിൽ 164 മരണങ്ങളുമായി ഈ ഫോറത്തിന് ബന്ധമുണ്ടെന്ന് ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മോളി റോസ് ഫൗണ്ടേഷൻ ആരോപിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ഫോറം യുകെയിൽ നിന്നുള്ള പ്രവേശനം തടഞ്ഞതിനാൽ ഓൺലൈൻ സുരക്ഷാ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നാണ് ഓഫ്‌കോമിന്റെ വിശദീകരണം.

കഴിഞ്ഞ വർഷം പുതിയ ഓൺലൈൻ സുരക്ഷാ നിയമപ്രകാരം ഓഫ്‌കോം അന്വേഷിച്ച ആദ്യ കേസായിരുന്നു ഇത്. അന്വേഷണത്തിൽ ആത്മഹത്യ ചെയ്യുന്നതിനുള്ള നിർദേശങ്ങളും വിവിധ ആത്മഹത്യാ രീതികളെക്കുറിച്ചുള്ള ചർച്ചകളും വർഷങ്ങളായി ഫോറത്തിൽ തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറം നടത്തിപ്പുകാർക്ക് 9.5 ലക്ഷം പൗണ്ട് പിഴ ചുമത്തിയെങ്കിലും തുക ഇതുവരെ അടച്ചിട്ടില്ല. യുകെയിലെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്നാണ് ഫോറം നടത്തിപ്പുകാർ നേരത്തെ വാദിച്ചിരുന്നത്.

നിയമനടപടികൾ അവസാനിപ്പിച്ച തീരുമാനം മരിച്ചവരുടെ കുടുംബങ്ങളെയും ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ടവരെയും കടുത്ത നിരാശയിലാഴ്ത്തിയതായി മോളി റോസ് ഫൗണ്ടേഷൻ പ്രതികരിച്ചു. കൂടുതൽ ദുർബലരായ ആളുകളെ ഫോറം ഇപ്പോഴും സ്വാധീനിക്കുമെന്നും അതുവഴി കൂടുതൽ ജീവനുകൾ നഷ്ടപ്പെടാനിടയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി. യുകെയിലെ ഭൂരിഭാഗം ഉപയോക്താക്കൾക്കും ഫോറത്തിലേക്കുള്ള പ്രവേശനം തടയാൻ കഴിഞ്ഞത് അന്വേഷണത്തിന്റെ പ്രധാന നേട്ടമാണെന്ന് ഓഫ്‌കോം വ്യക്തമാക്കിയെങ്കിലും സാഹചര്യം തുടർന്നും നിരീക്ഷിക്കുമെന്നും അറിയിച്ചു.











Leave a Reply