കൈയെത്തും ദൂരത്തെത്തിയിട്ടും മരണം കവർന്നെടുത്തു; ദുരന്ത മുഖത്തുനിന്നും ലഭിക്കുന്നത് കരളലിയിക്കുന്ന വാർത്തകൾ

കൈയെത്തും ദൂരത്തെത്തിയിട്ടും മരണം കവർന്നെടുത്തു; ദുരന്ത മുഖത്തുനിന്നും ലഭിക്കുന്നത് കരളലിയിക്കുന്ന വാർത്തകൾ
December 03 07:25 2017 Print This Article

ഓരോ ദുരന്തവും സമ്മാനിക്കുന്നത് ജീവിക്കുന്ന  രക്തസാക്ഷികളെക്കൂടി ആണ് , ദുരന്ത മുഖത്ത് മിക്കതുറകളിലും കാണാൻ കഴിയുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ‘അമ്മയും കൈക്കുഞ്ഞുമായി നിൽക്കുന്ന ഭാര്യമാരും. ഉറ്റവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണ് ഈ തീരങ്ങളിലെങ്ങും. ഉപജീവനത്തിനായി വീട്ടിൽ നിന്നും സന്തോഷത്തോടെ യാത്ര തിരിച്ച വീട്ടുകാർ എന്നെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഉറ്റവർ. ഓരോ ബോട്ടുകളും കരയ്ക്കെടുക്കുമ്പോൾ പ്രതീക്ഷയോടെ അവർ തീരത്തേക്കോടും. തങ്ങളുടെ ഉറ്റവർ അതിലുണ്ടോയെന്ന് അറിയാൻ. രാവിലെയും കാണാതായവർക്കായുള്ള കാത്തിരിപ്പ് ഈ തീരങ്ങളിൽ തുടരുകയാണ്. പൂന്തുറ തീരത്തുനിന്നു ബുധനാഴ്ച വൈകിട്ടു കടലിൽ പോയ 90 മത്സ്യത്തൊഴിലാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പതിനാറു വയസ്സുകാരൻ വിനേഷിനായി തീരം കണ്ണീരോടെ കാത്തിരിക്കുന്നു. അച്ഛൻ വിൻസെന്റ് കിഡ്നി സംബന്ധമായ രോഗമായതിനാൽ കടലിൽ പോകാതായതോടെയാണ് വിനേഷ് പതിനാലാം വയസ്സിൽ പണിക്കു പോയിത്തുടങ്ങിയത്. ബോട്ടിലെ ഏറ്റവും പ്രായം കൂടിയ മുത്തപ്പൻ തണുത്തു വിറങ്ങലിച്ചപ്പോൾ വിനേഷ് ഊരിക്കൊടുത്തതു സ്വന്തം ഉടുപ്പാണ്. ‘‘അണ്ണാ, അണ്ണനു പ്രായമായില്ലേ, എനിക്കെന്തിനാ ഷർട്ട്?’’ – മറിഞ്ഞ ബോട്ടിൽ കൈകോർത്തു കിടന്ന മൂന്നുപേരും അടുത്ത തിരയിൽ തെറിച്ചു പോയപ്പോഴും മുത്തപ്പന്റെ കാതുകളിൽ മുഴങ്ങിനിന്നതു വിനേഷിന്റെ ‘അണ്ണാ, അണ്ണാ’ എന്നുള്ള വിളിയായിരുന്നു. വിനേഷിന്റെ വരുമാനമായിരുന്നു അച്ഛനും നാലു മക്കളുമുള്ള കുടുംബത്തിന്റെ അത്താണി. തലേന്നത്തെ പണിക്കുശേഷം തളർന്നു കിടന്ന വിനേഷിനെ പലതവണ വന്നു വള്ളക്കാർ വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെയാണു ബുധനാഴ്ച കടലിൽ പോയത്. വല്യമ്മ സൂസന്നാമ്മ അന്നുമുതൽ ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ പേരക്കുട്ടിക്കായി മുറ്റത്തു കാത്തിരിക്കുകയാണ്… ഒരു കരയുടെയാകെ പ്രാർഥനകളും. വരാതിരിക്കാൻ അവനാകുമോ?

അപകടത്തിൽ മരിച്ച ക്രിസ്റ്റി സിൽവദാസന്റെ വീട്ടിലെ ശുശ്രൂഷകൾ പുരോഗമിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രത്നമ്മ രണ്ടു മക്കൾക്കായി നിലവിളിക്കുകയായിരുന്നു. ഭർത്താവ് വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ രത്നമ്മയ്ക്ക് എല്ലാമെല്ലാമായിരുന്നു മക്കൾ. ബുധനാഴ്ച് ഉച്ചയ്ക്കു ശേഷമാണു മക്കളായ ജോൺസണും ജെയിംസും രണ്ടു വള്ളങ്ങളിലായി കടലിൽ പോയത്.

ഇളയ മകൻ ജെയിംസാണു താങ്ങും തണലുമായി രത്നമ്മയ്ക്കൊപ്പം വീട്ടിൽ താമസം. മൂത്ത മകൻ ജോൺസണും കുടുംബവും തൊട്ടടുത്ത വീട്ടിലും. ജോൺസൺ പോയ ബോട്ടിലെ നാലു പേർ മടങ്ങിവന്നു. കാറ്റിൽ ബോട്ട് മറിഞ്ഞപ്പോൾ കൈകൾ കോർത്തുപിടിച്ചെങ്കിലും ജോൺസന്റെ കൈകൾ കുഴഞ്ഞുപോയെന്നു ഒപ്പമുള്ളവർ പറയുന്നു. “സുനിലേ, എനിക്കു പറ്റുന്നില്ലെടാ, നിങ്ങൾ കയറിക്കോ, ഞാൻ പോകുന്നു” എന്നു പറഞ്ഞു കയ്യിലെ പിടിവിട്ടു. തൊട്ടുമുകളിലൂടെ വന്ന ഹെലികോപ്റ്റർ താഴ്ന്ന് അടുത്തുവരെയെത്തിയിട്ടു തിരികെപ്പോയെന്നും ഇവർ പറയുന്നു. കയ്യിലുണ്ടായിരുന്ന തുണി പറ്റാവുന്നത്ര ശക്തിയിൽ വീശി. അവരപ്പോൾ വന്നിരുന്നെങ്കിൽ എന്റെ മോനെ കാണാതാകില്ലായിരുന്നു – രത്നമ്മയുടെ തൊണ്ടയിടറി.
വിഴിഞ്ഞത്തു നിന്നു വന്ന ബോട്ടിലാണു ബാക്കിയുള്ളവരെ കരയ്ക്കെത്തിച്ചത്. മൂത്തമകനു മൂന്നു പെൺമക്കളാണ്. ഇളയ മകനെക്കുറിച്ചും വിവരമില്ല. മക്കൾ വരുംവരെ രാത്രിയിൽ ഇനി രത്നമ്മ ഒറ്റയ്ക്കാണ്. പതിവുപോലെ പുലർച്ചെ കൈനിറയെ മീനുമായി മക്കളെത്തുമെന്ന പ്രതീക്ഷയിൽ കണ്ണുംനട്ടിരിക്കും ഈ അമ്മ.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles