കോവിഡ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധിക ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കൊറോണ ബാധയില്‍ നിന്നു മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ അഡ്മിറ്റാക്കി. മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്നു മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്കു മാറ്റി. ഇവരെ രണ്ടുപേരെയുംവിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുൻപ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടശേഷം ഒരിക്കല്‍കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ രോഗം പിടിപെട്ടു. മന്ത്രി കെ.കെ.ശൈലജ ആ നഴ്‌സിനെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു.
പത്തനംതിട്ട കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളജിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ മൂന്നംഗ കുടുംബത്തിലെ റോബില്‍ കഴിഞ്ഞ ദിവസം മന്ത്രിയെ വിളിച്ച് തന്റെ കുടുംബത്തെ രക്ഷിച്ചതിലുള്ള നന്ദിയറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍എംഒ. ഡോ. ആര്‍.പി.രെഞ്ജിന്‍, എആര്‍എംഒ. ഡോ. ലിജോ, നഴ്‌സിങ് ഓഫിസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. 25 നഴ്‌സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.
English Summary: Kottayam medical college achievement in Covid treatment
Leave a Reply