മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്​സ്​ മെഡൽ ജേതാവ്​ സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്നാണ് താരം അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.

മേയ്​ നാലിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തി​െൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊ​ലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറി​െൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഒൗട്ട്​ നോട്ടീസും ഇറക്കിയും ​വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്.