സാമൂഹികമാധ്യമത്തിലൂടെയുള്ള പരിചയം മുതലെടുത്ത് യുവതിയിൽനിന്ന് നിക്ഷേപമെന്ന നിലയിൽ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതി കണ്ണൂർ സൈബർ സെല്ലിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

സാമൂഹികമാധ്യമത്തിലൂടെ ഏഴ് മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി.യിൽ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു.

സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടർന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തിൽ ഉയർന്ന പലിശയിൽ നിക്ഷേപമെന്ന പേരിൽ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ സജീവമായിട്ടുണ്ടെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഘങ്ങൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രണയം നടിച്ച് ആളുകളെ വശീകരിക്കാൻ വാക് ചാതുര്യമുള്ള പെൺകുട്ടികളെ നിയോഗിക്കുന്നു. സ്വാധീനിച്ച് പണം തട്ടാൻ പറ്റുന്നവരുടെ നമ്പറുകൾ സംഘടിപ്പിക്കാനും ആളുകളുണ്ട്. ഇത്തരത്തിൽ വശത്താക്കിയ ആളുടെ വിശ്വാസം നേടാൻ മറ്റുള്ളവർക്ക് അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കും. അവരെക്കൂടി കുരുക്കിലാക്കാനുള്ള തന്ത്രം കൂടിയാണിത്. പരാതി കൊടുത്താൽ നിങ്ങളും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ തട്ടിപ്പിനിരയായ പലരും അപമാന ഭീതിമൂലം പരാതിപ്പെടാത്ത നിലയുമുണ്ടെന്നും സൈബർ പോലീസ് അറിയിച്ചു.