ന്യൂസ് ഡെസ്ക് മലയാളം യുകെ

ജപ്പാൻ :- ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് നടക്കുവാൻ ഒരു ദിവസം ബാക്കി നിൽക്കെ, ഷോ ഡയറക്ടർ കെന്റാറോ കോബായാഷിയെ പിരിച്ചുവിട്ടു. നാസി കൂട്ടക്കൊലയെ സംബന്ധിച്ച് 1990 കളിൽ അദ്ദേഹം നടത്തിയ വിവാദപരമായ തമാശയുടെ ഫൂട്ടേജുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി. ചരിത്രത്തിലെ വേദനാജനകമായ സംഭവങ്ങളെ അദ്ദേഹം വേണ്ട ഗൗരവത്തിൽ കണ്ടില്ലെന്ന് ജപ്പാൻ ഒളിമ്പിക് ചീഫ് സെയ്ക്കോ ഹാഷിമോട്ടോ ആരോപിച്ചു. ഒളിമ്പിക്സിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഏറ്റവും അവസാനത്തെ ആണ് ഇത്. മുൻപ് കൊമേഡിയൻ ആയിരുന്ന കോബായാഷി, അദ്ദേഹം നടത്തിയ ഒരു ഷോയിൽ നാസി കൂട്ടക്കൊലയെ വേണ്ട ഗൗരവത്തിൽ കണ്ടില്ലെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കാൻ ആവുന്നതല്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ വ്യക്തമാക്കി.


എത്ര വലിയ കൊമേഡിയൻ ആണെങ്കിലും, നാസി കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവരെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു എസ്‌ ബേസ്ഡ് ഹോളോകോസ്റ്റ് റിസർച്ച് ബോഡി സെന്റർ ചീഫ് റാബി എബ്രഹാം കൂപ്പർ വ്യക്തമാക്കി. താൻ മറ്റൊരു ഉദ്ദേശത്തോടുകൂടി അല്ലെന്നും, മറിച്ച് വിനോദം മാത്രമാണ് ലക്ഷ്യമിട്ടത് എന്നും കോബായാഷി വ്യക്തമാക്കി.

കോവിഡ് വ്യാപനം കാരണം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഏകദേശം 950 പേർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുമതി ഉള്ളൂ. അതിനിടയിലാണ് ഇത്തരത്തിൽ കൂടുതൽ വിവാദങ്ങൾ പുറത്തുവരുന്നത്.