സൂറിക് ∙ ഒട്ടേറെ മലയാളികളുമായി സൂറിക്കിൽ നിന്നും മസ്കത്തിലേക്ക് പറന്ന ഒമാൻ എയർവെയ്‌സിന് തുർക്കിയിൽ അടിയന്തര ലാൻഡിങ്. ക്യാബിനിലെ ഓക്‌സിജൻ തീരുകയും, പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്‌തതായി ഡബ്യൂവൈ 0154 വിമാനത്തിലുണ്ടായിരുന്ന മലയാളി യാത്രികർ പറഞ്ഞു. അടിയന്തര ലാൻഡിങ്ങിന് തയാറായിരിക്കാൻ പരിഭ്രാന്തിയിൽ കരയുന്ന ശബ്ദത്തിലാണ് പൈലറ്റ് അനൗൺസ് ചെയ്‌തതെന്നും യാത്രികർ വിശദീകരിക്കുന്നു. ക്യാബിൻ ജീവനക്കാർ തീ കെടുത്താനുള്ള ഉപകരണങ്ങളുമായി ഓടി നടന്നു. എല്ലാ യാത്രികർക്കും ഓക്സിജൻമാസ്‌ക് ഉപയോഗിക്കേണ്ടിയും വന്നു.
ശനിയാഴ്ച രാത്രി 9.30ന് സൂറിക്കിൽ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്കത്തിൽ എത്തേണ്ടിയിരുന്ന ഒമാൻ എയർവെയ്‌സാണ് സിറിയൻ അതിർത്തിയോട് ചേർന്ന തുർക്കിയിലെ വിമാനത്താവളമായ ഡിയാർബാകിറിൽ വെളുപ്പിന് മൂന്നിന് എമർജൻസി അടിയന്തര നടത്തിയത്. ക്യാബിൻ പ്രഷർ സംവിധാനത്തിലുണ്ടായ കുഴപ്പംകാരണമാണ് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നെന്നാണ് ട്വിറ്ററിൽ ഒമാൻ എയർ വെയ്‌സ് നൽകുന്ന വിശദീകരണം.
സംഭവം നടക്കുമ്പോൾ ഉറക്കത്തിലായിരുന്നു മിക്ക യാത്രികരും. മരണത്തെ മുഖാമുഖം കണ്ട പ്രതീതിയായിരുന്നു കുറെ നേരത്തേക്കെന്ന് യാത്രികർ പറയുന്നു. അലറി വിളിക്കുകയും, ഉറക്കെ പ്രാർഥന ചൊല്ലിയുമാണ് മിക്കവരും മുന്നിൽകണ്ട അപകടത്തെ നേരിട്ടത്. സുരക്ഷിതമായി ലാൻഡ് ചെയ്‌ത വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണ്. ഇവരെ കുറെ മണിക്കൂറുകളുടെ അനിശ്ചിതത്തിന് ശേഷം സമീപത്തുള്ള ഹോട്ടലുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ഡിയാർബാകിറിൽ നിന്നും പ്രാദേശിക സമയം രാത്രി എട്ടുമണിക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച ഒമാൻ എയർ അധികൃതർ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുഖ്യപ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി. തുടർന്നുള്ള വിവരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും കോൺടാക്ട് സെന്ററിലൂടെയും അറിയിക്കുമെന്നും വാർത്താക്കുറിപ്പിൽ ഒമാൻ എയർ വ്യക്തമാക്കി.
Leave a Reply