ദീപ ദീപു
എൻറെ മനസ്സിൽ എന്നും ഒരായിരം വർണ്ണപ്പൂക്കൾ വിരിയിക്കുന്ന , ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു മനോഹരമായ ആഘോഷമാണ് ഓണം. കുട്ടിക്കാലത്തെ ഓണം ഒരു ഉത്സവം മാത്രമായിരുന്നില്ല. മനസ്സിന്റെ മുറ്റത്ത് വിരിയുന്ന മനോഹരങ്ങളായ പൂക്കളങ്ങളും, പൂക്കളിറുക്കാനായി എങ്ങും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുട്ടികളും, അവർക്ക് ഊഞ്ഞാൽ കെട്ടിക്കൊടുത്ത് അതിലിരുത്തി ആടിക്കുന്ന മുതിർന്നവരും, ഓണപ്പാട്ടുകളും തിരുവാതിരകളിയും, ഓണക്കളികളും എല്ലാം മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ ആണ്. പെട്ടെന്ന് ഒരു പാട്ട് മനസ്സിലേക്ക് കടന്നുവന്നു. ഓർമ്മകൾ…. ഓർമ്മകൾ…. ഓടക്കുഴലായി …. എത്രയെത്ര സുന്ദരമായ ഓർമ്മകൾ .
പ്രായം മുന്നോട്ട് പോകുംതോറും മാറാല മൂടി തുടങ്ങുന്ന ഓർമ്മകളെ മൃദുവായി തഴുകി ഉണർത്തുന്ന ഒരു നീഹാര ബിന്ദു പോലെ ഒരു മയിൽപീലി തുണ്ടു പോലെ ഓരോ ഓണക്കാലവും മനസ്സിനെ വീണ്ടും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആ സ്മരണകളിൽ യാതൊരു ആശങ്കകളും, സമ്മർദ്ദങ്ങളും ജീവിത പ്രാരാബ്ദങ്ങളുമൊന്നും ഇല്ലാതെ കെട്ടുപൊട്ടിയ ഒരു പട്ടം പോലെ അനന്തവിഹായസ്സിലേക്ക് പാറി പറന്നു നടക്കുന്ന ചിത്രശലഭത്തെ പോലുള്ള ഒരു കൊച്ചു പെൺകുട്ടിയെ എനിക്ക് കാണാൻ സാധിക്കും. ചിത്ര തുന്നലുകളും ഞൊറികളുമുള്ള മനോഹരമായ ഉടുപ്പുകൾ ഇഷ്ടപ്പെട്ടിരുന്ന ഒരു കുറുമ്പി കുട്ടി !!
തുള്ളിക്കൊരു കുടം പോലെ മഴ പെയ്യുന്ന, കാർമേഘങ്ങൾ ഇരുൾ നിറയ്ക്കുന്ന , ദാരിദ്ര്യത്താൽ ഏറെ കഷ്ടപ്പെടുന്ന കർക്കിടക മാസത്തിനുശേഷം ഏറെ തെളിമയോടും പ്രസരിപ്പോടും കൂടി ചിങ്ങമാസം പിറക്കുന്നതോടെ എങ്ങും സന്തോഷം അലയടിച്ചു തുടങ്ങും. അതിരാവിലെ ഉണർന്ന് , ഉദയ സൂര്യൻറെ പൊൻകിരണങ്ങൾ തട്ടി തിളങ്ങുന്ന തുഷാര ബിന്ദുക്കൾ തഴുകി വിരിഞ്ഞ പൂക്കളിറുത്ത് , നിറഞ്ഞ പൂക്കുട്ടയുമായി കൂട്ടുകാർക്കൊപ്പം ഓടി നടന്ന വഴികൾ ഇന്നും മനസ്സിൽ തെളിമയോടെ നിറഞ്ഞുനിൽക്കുന്നു. പല വർണ്ണങ്ങൾ കൊണ്ട് മുറ്റത്ത് സൃഷ്ടിച്ച ഓരോ പൂക്കളങ്ങൾക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. ഒരുപക്ഷേ ആരോടും പറയാതെ മനസ്സിൻറെ മണിച്ചെപ്പിൽ ഒളിപ്പിച്ച അനേകം സ്വപ്നങ്ങളുടെ കഥകൾ !!
പുതു മണമുള്ള ഓണക്കോടിയും, അടുക്കളയിൽ നിന്നുയർന്നുവരുന്ന പായസത്തിന്റെ മനം മയക്കുന്ന സുഗന്ധവും, നിലത്ത് ചമ്രം പടഞ്ഞിരുന്ന് വാഴയിലയിൽ കഴിച്ച വിഭവസമൃദ്ധമായ സദ്യയുടെ രുചിയും ഒരിക്കലും മറക്കാൻ കഴിയില്ല. ബന്ധുക്കളെല്ലാം ഒരു വീട്ടിൽ ഒത്തുകൂടിയുള്ള കളിചിരികളും, ഓണ മത്സരങ്ങളും, ഊഞ്ഞാലാട്ടവും എല്ലാം …. എല്ലാം ഇന്ന് ഓർമ്മകൾ മാത്രം. എന്നെങ്കിലും ആ മനോഹരമായ ബാല്യ, കൗമാര കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. കോളേജ് കാലഘട്ടത്തിൽ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ കിട്ടുന്ന ഒരു അവധിക്കാലം മാത്രമായി ഓണക്കാലം. സ്വന്തം വീട്ടിൽ വിരുന്നുകാരിയായി എത്തുന്നതു പോലെയുള്ള തോന്നലു കൊണ്ടാകാം പൂക്കളമിടാനും, ഊഞ്ഞാലാടാനും ഒന്നും അന്ന് അത്ര ഉത്സാഹമില്ലാതിരുന്നത്. ഓണസദ്യയും ഒരു ചടങ്ങിനു മാത്രം. എന്തോ ഒരു വിരസത. ഒരുപക്ഷേ കാലം വരുത്തിയ മാറ്റമാകാം. പിന്നീട് ഡൽഹിയിലെ നേഴ്സിംഗ് പഠനകാലത്ത് ഏറെ വർണ്ണപ്പകിട്ടോടെ ഓണാഘോഷം തിരികെയെത്തി. തിരുവോണ ദിനത്തിലെ പൂക്കള മത്സരവും തിരുവാതിര കളിയും, ഓണസദ്യയും ഒക്കെ ഒരുക്കുവാൻ ഏറെ സന്തോഷമായിരുന്നു. ആദ്യമായി സെറ്റ് സാരിയുടുത്ത് തിരുവാതിര കളിച്ചതും, ഓണപ്പാട്ടുകൾ കോർത്തിണക്കിയ Medley classmates – നൊപ്പം പാടിയതും ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പൂവിളി പൂവിളി പൊന്നോണമായി…. നീ വരൂ നീ വരൂ പൊന്നോണത്തുമ്പി …..
പഠനവും, വിവാഹവുമൊക്കെ കഴിഞ്ഞ് ജീവിത പ്രാരാബ്ദങ്ങൾ വരിഞ്ഞുമുറുക്കി തുടങ്ങിയപ്പോൾ എല്ലാ ആഘോഷങ്ങൾക്കു മൊപ്പം ഓണവും ഏറെനാൾ വിസ്മൃതിയിലാണ്ടു പോയി. എന്നാൽ 2003 -ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ എത്തിയതോടെ നിറങ്ങളും ആഘോഷങ്ങളും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു തുടങ്ങി. തുമ്പപ്പൂവിൻ്റെ മനോഹാരിതയും, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വറ്റാത്ത പ്രകാശവുമായി മനസ്സുനിറക്കുന്ന മനോഹരമായ ആഘോഷദിനങ്ങൾ !! പൂവിളികളും, ഓണപ്പാട്ടുകളും, തിരുവാതിര കളിയും, പൂക്കള മത്സരവും, നാവിൽ വെള്ളമൂറുന്ന രുചിയുമായി ഓണസദ്യയും ഒക്കെയായി വർണ്ണാഭമായ ആഘോഷങ്ങളുമായി വിവിധ സംഘടനകൾ കൈകോർത്തിറങ്ങുന്നു . ഒരു വ്യത്യാസം മാത്രം ബാല്യകാലത്ത് ഇല്ലായ്മകൾക്കിടയിൽ ഉള്ളതുകൊണ്ട് ആഘോഷിച്ചിരുന്ന ഓണം ഇവിടെ സമ്പന്നതയുടെ ആഘോഷമായിരിക്കുന്നു. ഓരോ സംഘടനകളും തങ്ങളുടെ ഓണാഘോഷം ഏറ്റവും മനോഹരമാക്കാൻ മത്സരിക്കുന്നതിനാൽ ഓണക്കാലത്ത് ഒരു ഉത്സവപ്രതീതി കൊണ്ടുവരുവാൻ അവർക്ക് കഴിയാറുണ്ട്. താലപ്പൊലിയേന്തിയ സുന്ദരികളുടെ അകമ്പടിയോടെ മാവേലിയുടെ എതിരേൽപ്പും, തരുണീ മണികളുടെ കൈകൊട്ടി കളിയും, ഓണസന്ദേശവും, കൾച്ചറൽ പ്രോഗ്രാം സ് ഒക്കെ ഓണാഘോഷത്തിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. അവിയലും, സാമ്പാറും , പരിപ്പും, പപ്പടവും, ഇഞ്ചിപ്പുളിയും, അച്ചാറും, ശർക്കര വരട്ടിയും കായ വറുത്തതും, ഓലനും കാളനും പലതരം പായസങ്ങളും ഒക്കെ അടങ്ങിയ ഓണസദ്യ മനസ്സും വയറും നിറയ്ക്കുന്നു.
മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല. ജാതിമതഭേദമന്യേ തലമുറകൾ കൈമാറുന്ന സ്നേഹത്തിൻ്റേയും, സൗഹൃദത്തിൻ്റേയും, ഐശ്വര്യത്തിന്റെയും ഈണം പകരുന്ന മനോഹരമായ സംഗീതമാണ്. ഉച്ചനീചത്വങ്ങളെല്ലാം മറന്ന് മനുഷ്യമനസ്സുകളിലെ ഒളിമങ്ങാത്ത സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സമത്വത്തിന്റെയും മനോഹരമായ ആഘോഷങ്ങളാകട്ടെ ഓരോ ഓണക്കാലവും.
ദീപ ദീപു : കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.














Leave a Reply