സ്നേഹപ്രകാശ്. വി. പി.

ഒരു കള്ളകർക്കിടക മാസത്തിലായിരുന്നു എന്റെ ജനനം. തോരാതെ പെയ്യുന്ന മഴ. ജോലിയും കൂലിയുമില്ലാതെ ആൾക്കാരെല്ലാം വീട്ടിൽ അടച്ചു പൂട്ടിയിരിക്കുന്ന പഞ്ഞമാസം. കുറേക്കാലം ജനിച്ച വീട്ടിൽതന്നെ കഴിഞ്ഞു. കൂട്ടുകാരോടൊത്ത് പുറമെ തകർത്തു പെയ്യുന്ന മഴ ആസ്വദിച്ചുകൊണ്ട്. മഴക്കാലം കഴിഞ്ഞതോടെ പലരും പല വണ്ടികളിലായി, പല വഴിക്കായ് പിരിഞ്ഞു പോയി. പല നാടുകളിലേക്ക്. ഒടുവിൽ ഈ വലിയ വീട്ടിലെ വേലക്കാരനാണ് ഒരു ഷോപ്പിൽ തെരുവിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന എന്നെ ഇവിടയെത്തിച്ചത്.

വന്നു കയറിയ ദിവസം ഇപ്പോഴും ഓർമയുണ്ട്. ഗൃഹനാഥ ചുവന്ന കല്ലുവെച്ച മൂക്കുത്തിയിട്ട ഒരു കറുത്തു തടിച്ച സ്ത്രീയാണ്. നല്ല പൊക്കവും. രാക്കമ്മ എന്നാണ് പേര്. മുഖം കണ്ടാൽത്തന്നെ പേടിയാവും. ശരിക്കും രാത്രിയുടെ അമ്മ തന്നെ. എന്നെ അവർ തിരിച്ചും മറിച്ചും നോക്കി എന്നിട്ട് പറഞ്ഞു.

“കൊള്ളാമല്ലോ… നല്ല പതുപതുപ്പുണ്ട്… മുന്പിലെ വാതിലിനടുത്ത് തന്നെ ഇടാം… കാണാനും നന്ന് …. ഇടപാടുകാർക്ക് ഇഷ്ടപ്പെടും…

എന്നെയും എടുത്ത് അവർ പ്രധാന കവാടത്തിലേക്ക് നടന്നു. അവരുടെ ബലിഷ്ഠമായ കൈകളിൽ ഞാൻ ഞെരിയുന്നതുപോലെ തോന്നി. രണ്ടടി വെച്ചതും ഞാൻ അവരുടെ കൈകളിൽ നിന്നും ഊർന്നു താഴേക്ക് വീണു. കുനിയാൻ ബുദ്ധിമുട്ടുള്ളതിനാലാവാം അവർ, എന്നെ കാലുകൊണ്ട് തന്നെ വലിച്ചിഴച്ച് വാതിലിനടുത്തേക്ക് നീങ്ങി. അതുവരെ ആരുടെയും കാലുകളുടെ സ്പർശമേല്ക്കേണ്ടി വന്നിട്ടില്ലാത്തതിനാലായിരിക്കാം ഞാൻ ആകെ തളർന്നു പോയി. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം ഒരു തമാശ പോലെ തോന്നുന്നു. കാരണം പിന്നീട് ഞാൻ കാൽ സ്പർശങ്ങൾ മാത്രമാണല്ലോ ഏറ്റത്. എന്നെ അവിടെയിട്ട് അവർ അകത്തേക്ക് തിരിഞ്ഞതേയുള്ളു അവരുടെ കാവൽ നായ എന്നെ അവന്റെ മെത്തയാക്കി. ഒരു നാടൻ നായയായിരുന്നു അത്. അടുത്തേക്ക് വരുമ്പോൾ തന്നെ സഹിക്കാൻ പറ്റാത്ത ദുർഗന്ധവും. എനിക്ക് ഛർദ്ദിക്കാൻ തോന്നി. എന്തു ചെയ്യാം സഹിച്ചല്ലേ പറ്റൂ.

ഇനി ഈ വീടിനെപ്പറ്റി പറയാം. പകൽ മുഴുവൻ ഉറങ്ങിക്കിടക്കുന്ന ഒരു വീടാണിത്. വീട്ടുടമസ്ഥ രാക്കമ്മ കോലായിൽ വെറ്റിലയും മുറുക്കി ഇരിക്കുന്നുണ്ടാവും. കൈയിൽ എപ്പോഴും മൊബൈലുമുണ്ടാവും. ആജ്ഞകൾ മുഴുവൻ ഫോണിലൂടെയാണ്. ഇടയ്ക്ക് ഇടിമുഴക്കം പോലെ പൊട്ടിച്ചിരിക്കും. ചിലപ്പോൾ ആരെയെല്ലാമോ ശകാരിക്കുന്നതും കേൾക്കാം. ഞാൻ ഇതെല്ലാം കേട്ട് ആരുടെയെല്ലാമോ ചവിട്ടേറ്റ ദേഹവുമായി പുറത്തേക്ക് നോക്കിയിരിക്കും. പലപ്പോഴും എന്റെ പുറത്ത് ആ നായയുമുണ്ടാവും. സ്ഥിരമായി ദുർഗന്ധം സഹിച്ചു, സഹിച്ച് ഇപ്പോൾ ഗന്ധങ്ങൾ വേർതിരിച്ചറിയതായിരിക്കുന്നു.

രാത്രിയാവുമ്പോഴാണ് ഈ വീടുണരുന്നത്. സന്ധ്യ മയങ്ങുന്നതോടെ ഞാൻ ചവിട്ടുകൊള്ളാൻ തയ്യാറെടുക്കും. സ്ഥിരമായി വരുന്നവരുടെ കാലുകൾ ഇപ്പോൾ എനിക്ക് തിരിച്ചറിയാം. ഞാൻ ആ കാലുകളോട് പുഞ്ചിരിക്കും. അവർ എന്നെ ശ്രദ്ധിക്കാറില്ലെങ്കിലും. ദോഷം പറയരുതല്ലോ സ്ത്രീകളാരും തന്നെ എന്നെ ചവിട്ടാൻ വരാറില്ല. ഏതെങ്കിലും ഒരു സുന്ദരിയുടെയെങ്കിലും പാദസ്പർശമേറ്റിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടെങ്കിലും. ജീവിതത്തിന്റെ എല്ലാ മേഖലകളിൽ പെട്ടവരുടെയും ചവിട്ടുകൾ എനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ. ഖദറിട്ടവനും, വിപ്ലവകാരിയും, ഇടതുപക്ഷക്കാരനും, വലതുപക്ഷക്കാരനും, ഒരു പക്ഷവും പിടിക്കാത്ത അരാഷ്ട്രീയക്കാരനും, വിശ്വാസിയും, അവിശ്വാസിയും എല്ലാം എന്നെ ചവിട്ടി കടന്നു പോവാറുണ്ട്.

പലരും ഉള്ളിലേക്ക് കടന്നു പോവുമ്പോൾ എന്നെ കാണാറില്ല എന്നു തോന്നാറുണ്ട്. വളരെ പതുങ്ങിയാണ് പലരും ഉള്ളിലേക്ക് കടക്കാറുള്ളത്. ചുറ്റുപാടുകൾ ശ്രദ്ധിച്ചുകൊണ്ട്. ചിലർ എന്നെ ചവിട്ടാൻ മറന്ന് കാൽ എനിക്ക് മുകളിലൂടെ എടുത്തു വെക്കും. ഇനി ചവിട്ടുന്നുണ്ടെങ്കിലും അത് വളരെ മൃദുവായ ഒരു സ്പർശം മാത്രമായിരിക്കും. എന്നാൽ തിരിച്ചു പോവുമ്പോൾ വളരെ ദേഷ്യത്തിൽ എന്നെ ചവിട്ടിയരച്ചാണ് കടന്നു പോവുക. എന്തെല്ലാമോ നഷ്ടപ്പെട്ടവനെപ്പോലെ. രാത്രി വളരെ വൈകിയും ഈ മർദനങ്ങളേറ്റ് കഴിയാനായിരിക്കാം എന്റെ വിധി എന്നു തോന്നാറുണ്ട്.

ചില ദിവസങ്ങളിൽ പോലീസുകാരുടെ വണ്ടി വരും. ബൂട്ടിട്ട കാലുകളുമായി അവർ അകത്തേക്ക് ഒരു ഓട്ടമാണ് എന്നെ ചവിട്ടി മെതിച്ചു കൊണ്ട്. പിന്നെ അകത്തു നിന്ന് സ്ത്രീകളുടെ കരച്ചിൽ കേൾക്കാം. ഒപ്പം രാക്കമ്മയുടെ ഉറക്കെയുറക്കെയുള്ള ആക്രോശങ്ങളും. പിന്നെ ഏതെല്ലാമോ സ്ത്രീകളുമായി അവർ സ്ഥലം വിടും. അപ്പോഴാണ് ഞാൻ സ്ത്രീകളുടെ പാദസ്പർശമേല്ക്കുന്ന അപൂർവ്വാവസരം. എന്നാൽ അത് ആസ്വദിക്കാൻ പറ്റാറില്ല. അപ്പോഴേക്കും രാക്കമ്മ വീടിനു വെളിയിൽ എത്തിയിരിക്കും. പിന്നെ ഉമ്മറത്തെ കസേരയിലിരുന്ന് അവർ പുലരുവോളം ആരെയെല്ലാമോ പ്രാകിക്കൊണ്ടിരിക്കും. ഈ സമയമത്രയും നായ നിർത്താതെ ഗേറ്റിലേക്ക് നോക്കി കുരച്ചു കൊണ്ടേയിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ നഗരത്തിലെ പ്രശസ്തനായ ഡോക്ടറും സംഘവും വരും. ഉള്ളിലുള്ളവരെ മുഴുവൻ പരിശോധിക്കും. എല്ലാവരുടെയും രക്തത്തിന്റെയും, മൂത്രത്തിന്റെയും സാമ്പിളുകളുമായി അവർ ഇരുട്ടുന്നതിനുമുൻപ് സ്ഥലം വിടും. രണ്ടു ദിവസങ്ങൾ കഴിഞ്ഞാലാണ് ഇതിന്റെ റിസൾട്ടുമായി ഒരാൾ വരിക. അയാൾ വരുന്നത് വരെ എല്ലാവരും ആകാംക്ഷയിൽ ആയിരിക്കും. ആരുടേയും ശബ്ദം പോലും പുറത്ത് കേൾക്കില്ല. റിസൾട്ടുകൾ വന്നാൽ പിന്നെ പൊട്ടിച്ചിരികൾ കേൾക്കാം. എന്നാൽ ചിലപ്പോൾ ആ ദിവസങ്ങളിൽ ചിലരെ പറഞ്ഞു വിടുന്നതും കാണാം. ഇങ്ങനെയുള്ള ദിവസങ്ങളിൽ ഉള്ളിൽ നിന്നുമുള്ള നെടുവീർപ്പുകൾ കേൾക്കാം. എന്നാൽ പോകുന്നവരെ യാത്രയാക്കൻ ആർക്കും പുറത്തേക്ക് വരാൻ അനുവാദമില്ല. ആരെങ്കിലും കോലായയിലേക്ക് വരികയോ ഉറക്കെ കരയുകയോ ചെയ്‌താൽ ഉടൻ രാക്കമ്മയുടെ ശബ്ദമുയരും.

” എന്താടീ… നീയും കൂടി പോകുന്നോ ഇവളുടെ കൂടെ… കൂത്തിച്ചി …”

പിന്നെ തെറിയഭിഷേകമാണ്. അതോടെ ഉറക്കെ കരഞ്ഞവർ പെട്ടെന്ന് നിശബ്ദരായി ഉള്ളിലേക്ക് വലിയും.

ഇന്നലെ രാത്രിയിലാണ് പെട്ടെന്ന് ജീപ്പിന്റെ ശബ്ദം കേട്ടത്. പുതിയതായി സ്റ്റേഷനിൽ ചാർജ് എടുത്ത ഇൻസ്‌പെക്ടർ ആണ്. ഇന്നിനി ഉറങ്ങാൻ പറ്റില്ല എന്നു മനസ്സിലായി. സാധാരണ പോലീസുകാർ കൂട്ടമായിട്ടാണ് വരാറുള്ളത്. ഇയാൾ ഒറ്റക്കാണ് വന്നത്. ഒരു കൊടുങ്കാറ്റുപോലെ ഉള്ളിലേക്ക് പോയപ്പോൾ പതിവുപോലെയുള്ള കരച്ചിലുകൾ പ്രതീക്ഷിച്ചെങ്കിലും കേട്ടില്ല. അകത്തു സോഡാക്കുപ്പികൾ തുറക്കുന്നതിന്റെ ശബ്ദം. പിന്നെ നിർത്താതെയുള്ള പൊട്ടിച്ചിരികൾ. വ്യക്തമാവാത്ത സംഭാഷണങ്ങൾ.

പാതിരാത്രിയിലെപ്പോഴോ അയാൾ നിറഞ്ഞ മടിശീലയുമായി, രാക്കമ്മക്ക് ശുഭരാത്രി നേർന്ന് പുറത്തേക്കിറങ്ങുമ്പോൾ സിഗററ്റുകുറ്റി എന്റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. പുറത്തേക്ക് നീട്ടിത്തുപ്പി ജീപ്പോടിച്ച് അയാൾ ഇരുട്ടിലേക്ക് മറഞ്ഞു. അസഹ്യമായ നീറ്റലോടെ ഞാൻ കണ്ണീർ വാർക്കുമ്പോൾ ആ നായ വന്ന് ആ സിഗരറ്റു കുറ്റി തട്ടിക്കളഞ്ഞു. സിഗരറ്റു കുറ്റി കൊണ്ട് കരിഞ്ഞ ഇടങ്ങളിലെല്ലാം നക്കിത്തുടച്ചു. തുടർന്ന് അവൻ എന്റെ നെഞ്ചിൽ കയറിക്കിടന്നു. ആദ്യമായി അവന്റെ ശരീരത്തിന്റെ സുഗന്ധം ഞാൻ അറിഞ്ഞു. ഞാനും അവനും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ “ഉടലുകൾ” എന്ന പേരിൽ എന്റെ 60 കുറുംകഥകളുടെ ഒരു സമാഹാരത്തിന്റെ ജോലി നടക്കുന്നു.