എബി ജോൺ തോമസ്

അർദ്ധോക്തിയിൽ
ഒരു നിലവിളി
‘അ’ യെന്ന്
തൊണ്ടയിൽ കുരുങ്ങുമ്പോഴാണ്
ആദ്യാക്ഷരത്തിൻ്റെ പിറവി…

കുരുക്കുകൾ
പൊട്ടിച്ചിറങ്ങിയ
നീണ്ടകരച്ചിലിന്
‘ആ….. ‘ യെന്ന്
ഒറ്റയെഴുത്ത്…

– ‘ഇ ‘ യിലെ
ചിരി നീണ്ട് നീണ്ട്
‘ഈ ‘യിൽ എത്തിയിട്ടാവും
ഇളി പോലെ തോന്നിയത്…

‘ഉ’ -വിനോളവും
‘ഊ’ – വിനോളവും
ആരും ജീവശാസത്രം
പറഞ്ഞിട്ടില്ലെങ്കിലും
ജീവിതത്തിൻ്റെ
രൂപം
‘ഋ ‘വിലാണ്….

‘എ’ -യിൽ അൽപ്പം
ആംഗലേയം ഉണ്ടെന്ന്
കണ്ടിട്ടാവും
‘ഏ’ -യിൽ
ഒരു ചോദ്യത്തിൻ്റെ
കുറുമ്പ്…

‘ഐ’ -യോളം
ദാരിദ്ര്യപ്പെട്ട
ഒരു
സംജ്ഞ
ഇനിയും പിറന്നിട്ടില്ലെന്ന്
തലയാട്ടി
സമ്മതിക്കുന്നുണ്ട്
‘ഒ ‘…

പക്ഷം പിടിക്കലിനോട്
പുച്ഛം നീട്ടിയെഴുതി
‘ഓ’…..

അൽപം കരുണയും
ദൈന്യതയും തോന്നിയത്
‘ഔ’ വിനാണ്…

‘അം’
എല്ലാം സമ്മതിച്ചിട്ടാവും
ഒടുക്കത്തിൽ
ഒരു നിലവിളി
അർദ്ധോക്തിയിൽ
കുരുങ്ങിയത്…

പരസഹായത്തിൽ
നിലനിന്ന് പോകുന്നവരെ
ഓർമ്മിപ്പിക്കുന്നുണ്ട്
വ്യഞ്ജനങ്ങൾ..

സംഘടിച്ചാൽ
ശക്തരാകാമെന്ന്
കൂട്ടക്ഷരത്തോളം
മനസ്സിലാക്കിയിട്ടുള്ളവർ
വേറെ കാണില്ല….

പ്രണയ പർവ്വങ്ങൾക്ക്
ഒളിച്ചു താമസിക്കാനുള്ള
തുരുത്തുകൾ ഉള്ളത്
ചില്ലക്ഷരങ്ങളിലാവും…

അതെ,
അക്ഷരമാലയ്ക്ക്
ജീവിതം എന്നും
അർത്ഥമുണ്ട്…

എബി ജോൺതോമസ് : പാറക്കാലയിൽ തോമസിന്റെയും അമ്മിണിയുടെയും മകൻ. മാധ്യമപ്രവർത്തകയായ നൊമിനിറ്റ ഭാര്യയാണ്. സഹോദരൻ ആൽബി. കുറുപ്പന്തറ ഇരവിമംഗലത്ത് 1988 ൽ ജനനം. 2007- 10 ൽ കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദവും 2010 -12 ൽ എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും എടുത്തു. 10 വർഷമായി മാധ്യമപ്രവർത്തകൻ. കേരളവിഷൻ, ജീവൻ ടിവി, ജയ്ഹിന്ദ് ടിവി, മീഡിയവൺ എന്നിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ മൈഫിൻ പോയിന്റ് ഫിനാൻസ് മീഡിയ എന്ന സ്ഥാപനത്തിൽ സീനിയർ റിപ്പോർട്ടറായി ജോലി ചെയ്യുന്നു.

2021 ൽ നിലാവിൽ മുങ്ങിച്ചത്തവന്റെ ആത്മാവ് എന്നപേരിൽ ആദ്യ കവിതാ സമാഹാരം . രണ്ടാമത്തെ പുസ്തകം ഇറങ്ങി പോകുന്നവർ പാലിക്കുന്ന മര്യാദകൾ . പുരസ്കാരം- 2014 കാഴ്ച പുരസ്കാരം(ജൂറീ പരാമർശം), 2019 ലെ നെഹ്റു ട്രോഫി പുരസ്കാരം( മികച്ച റിപ്പോർട്ടർ)