ആദില ഹുസൈൻ

ഞാൻ ചെ, ഫാഷനിൽ വിളിക്കാൻ വേണ്ടി അനുമോൾ തന്ന പേരാണ്,
പേര് കേട്ടിട്ട് മറ്റേതോ രാജ്യക്കാരിയാണെന്നൊന്നും കരുതല്ലേ, കേരളത്തിൽ പിറന്ന നല്ലൊന്നാന്തരം മലയാളിയാണ് കേട്ടോ,
മുഴോൻ പേര് ചേക്കുട്ടി
ചേക്കുട്ടിപ്പാവ ഫ്രം ചേന്ദമംഗലം,
ചെറിനെ അതിജീവിച്ച കുട്ടി തന്നെ.
ചരിത്രവും ഭൂമിശാസ്ത്രവും സംസ്കൃതിയുമൊക്കെ ഇഴുക്കിച്ചേർത്തു പറഞ്ഞാൽ അതിജീവനത്തിന്റെ അടയാളം. പ്രളയ ബാക്കിയായ കൈത്തറി സാരികളിൽ നിന്നും അങ്ങേയറ്റം കരുതലോടെ മുറിച്ചെടുത്തു തുന്നിയതാണെന്നെ. നവ കേരളം പടുത്തുയർത്താൻ ജാതിമതഭേദമന്യേ കേരളീയർ കൈകോർത്തപ്പോൾ പിറന്നവളാണ് ഞാൻ.

ഈ കഥയൊക്കെ പറയുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലാട്ടോ ഞാനിപ്പോ. ന്നുവെച്ചാൽ പുരാനി ദില്ലിയിൽ അനുക്കുട്ടിയോടൊപ്പം പ്രവേശന പരീക്ഷ എഴുതാൻ വന്നതാ ഞാൻ.

അനുക്കുട്ടിയുടെ അടുത്ത് ഞാൻ എത്തിയതെങ്ങനെ എന്നൊന്നും എനിക്കറിയില്ല ട്ടോ. ഒരീസം കണ്ണുതുറന്നപ്പോൾ പല വർണ്ണ നൂലുകൾ തുന്നിയ ഒരു തുണി ബാഗിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നെ. പ്രളയം പോയിട്ട് ഒന്നൂടെ വന്നു, കൊറോണ വന്നു പിന്നേം വന്നു ഒന്നൂടെ വ ന്നു അപ്പോഴെല്ലാം ഞാൻ അനൂന്റെ മുറീൽ തന്നെ.
ഏകാന്തവാസമൊന്നും അല്ലാട്ടോ അനുകുട്ടി മിടുമിടുക്കിയാ പാട്ടും കവിതയും ചിത്രംവരയും വായനയുമൊക്കെയായി രണ്ടു കൊല്ലത്തിനടുത്ത് അവളെ കണ്ടിരിക്കാൻ തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആളിന് കുന്നോളം സ്വപ്നങ്ങൾ ആന്നേ,പുറത്തു പോയി പഠിക്കണം കുറെ എഴുതണം പ്രസംഗിക്കണം പ്രതികരിക്കണം ന്നൊക്കെ. എനിക്കും ആളുടെ കൂടെ കൂടി ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയി. ലോകം കാണണമെന്നാണ് എന്റെ ഏറ്റോം വല്യ സ്വപ്നം.
അങ്ങനെ വീണു കിട്ടിയതാണ് ദില്ലി യാത്ര. ആളുടെ ബാഗിൽ തൂങ്ങിക്കിടന്ന് ട്രെയിനിലെ എന്തോരം മനുഷ്യരെയാ ഞാൻ കണ്ടതെന്നോ.
അനുക്കുട്ടി തനി കിലുക്കാം പെട്ടി എത്ര പേരോടാ വർത്താനം പറയുന്നത്. എനിക്കണേൽ എല്ലാ ഭാഷയും മനസ്സിലാവുന്നുമുണ്ട്. അത് എനിക്ക് തന്നെ പുതിയ ഒരു അറിവായിരുന്നു കേട്ടോ.

രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ എത്തി. പുറത്തു കടന്നപ്പോൾ അല്ലേ തമാശ. ഓട്ടോറിക്ഷക്കാരും ടാക്സി മാമൻ മാരും എല്ലാരൂടെ ഓടിവന്നൊരു പൊതിയലാ. 100 റുപ്യെന്റെ ഓട്ടത്തിന് 400ഉം 500ഉം ചോദിക്കുന്നത് മാത്രമല്ല എന്തൊക്കെ നട്ടാൽ കുരുക്കാത്ത നൊണകളാ പറഞ്ഞതെന്ന് അറിയോ. ഡൽഹിയിൽ വെള്ളപ്പൊക്കം ആണത്രേ!ന്നിട്ട് മുട്ടുവരെ പാന്റ് തെറുത്തുവെച്ച് കാണിച്ചുതരുന്നു. അതും ആരോടാ? ഈ ചേക്കുട്ടിപ്പാവ യോട് (യ്യോ അല്ല അനുക്കുട്ടിയോട് )
പിന്നെ പറയണ ഞായറാഴ്ച മെട്രോ ഓടൂല്ലെന്ന് അതും നട്ടുച്ച നട്രാനും വെയിലത്ത്. എന്റെ മാമൻമാരെ ഡൽഹി മെട്രോ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മണി മുതൽ 11 വരെ ണ്ട്ന്ന് ആർക്കാണ് അറിയാൻ മേലാത്തത്.

ദേ ഒരു കാര്യം പറഞ്ഞരാം, ഞാൻ അധികം പുറത്തൊന്നും പോയിട്ടല്ല എന്നാലും എല്ലാ സാധാരണക്കാരായ യാത്രക്കാരും അറിയേണ്ടതാ. മുൻപരിചയമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പാടെ കാണുന്ന ഓട്ടോ-ടാക്സി മാമന്മാരെ ഒറ്റയടിക്ക് വിശ്വസിക്കല്ലേ. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കിട്ടണ വണ്ടി പിടിക്കാൻ നോക്കിക്കോ ഇല്ലേൽ നല്ലോം പറ്റിക്കപ്പെടുവേ.

എന്തായാലും അനുവും കൂട്ടുകാരും കുറച്ചു മാറി ഓട്ടോ പിടിച്ചു അതുകൊണ്ട് അധികം പൈസ ചെലവായതുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെ അനുവിന് പരീക്ഷയ്ക്ക് കൂട്ടു പോയും,ഹുമയൂൺ ടോമ്പും, ജമാ മസ്ജിദും,ലോട്ടസ് ടെമ്പിളും, ലോധി ഗാർഡനുമൊക്കെ കണ്ടും,മെട്രോ, ഫട് ഫട്,സൈക്കിൾ റിക്ഷാ,സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ബസുകളിലും ഇ റിക്ഷയിലുമൊക്കെ കയറിയിറങ്ങി നടക്കുമ്പോഴാണ് , രാജ്യതലസ്ഥാനത്തിന്റെ മറ്റൊരു മുഖം ശ്രദ്ധയിൽപ്പെട്ടത്. തലചായ്ക്കാൻ വീടില്ലാതെ ഉടുത്തു മാറാൻ മറുതുണിയില്ലാതെ കരിപുരണ്ട ദേഹവും ഒടുങ്ങാത്ത വിശപ്പുമുള്ള, പുഴുക്കൾ നുരക്കുന്ന ഗട്ടറിലെ വെള്ളം പോലും ഇരുമ്പ് പാട്ടയിൽ കോരിയെടുത്ത് കുടിക്കുന്ന കുഞ്ഞുങ്ങൾ, മെട്രോ പാതയുടെ ചുവട്ടിൽ കിടന്നുറങ്ങുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആധാറില്ലാത്ത റേഷൻകാർഡിൽ ഇല്ലാത്ത മനുഷ്യർ. അവർ അനാഥരാണ്.
ഞാനോ ?

ഇനി ഞാൻ എങ്ങനെയാണ് അനുവിന് ഒപ്പം തിരിച്ചു പോവുക, സമാധാനമായി ഉറങ്ങുന്നത് .
എന്റെ അജ്ഞതയുടെ പുതപ്പ് കീറി, അത് നൽകുന്ന സുരക്ഷ ഇനി എനിക്കില്ല.
മടങ്ങി പോകേണ്ടെന്ന് തീരുമാനിച്ചു. അവളോട് യാത്ര ചോദിക്കുന്നില്ല. ബാഗിൽ നിന്ന് പിടിവിട്ട് നേരെ താഴെ അഴുക്കുചാലുകൾ നിറഞ്ഞ ഗല്ലിയിലേക്ക്.
അതിജീവനത്തിന്റെ മറ്റൊരു ചേക്കുട്ടി യുടെ കഥ ഇവിടെ തുടങ്ങുന്നു.

ആദില ഹുസൈൻ

കായംകുളം സ്വദേശിയാണ്, തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബി എ , ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ.
ആദില ഹുസൈന്റെ കവിതകൾ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
വിവർത്തനം, കഥ, കവിത, ആസ്വാദനം, വിമർശനം, അധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. സമകാലികങ്ങളിൽ എഴുതാറുണ്ട്.