ഡോക്ടർ എ. സി. രാജീവ് കുമാർ
സമൃദ്ധിയുടെയും ആമോദത്തിന്റെയും നാളുകളായാണ് ഓണം മലയാള മനസ്സിൽ നിറഞ്ഞു നിൽക്കുക. വിഭവ സമൃദ്ധ സദ്യയുടെ പര്യായം ആയും മാറുന്നു. സുഖ സന്തോഷങ്ങൾ തേടുന്ന മനുഷ്യ മനസ്സിൽ പുളകം ചാർത്തുന്ന ഉത്സവ ആഘോഷമായി ഓണം സർവ്വരും ഉൾക്കൊള്ളുന്നു.
കഷ്ടനഷ്ടങ്ങളുടെ ഇക്കാലത്ത് ഒരോണം കൂടെ എത്തിക്കഴിഞ്ഞു. പ്രകൃതിയുടെ കരുതലും കാവലുമായ ഓണ സദ്യ തന്നല്ലേ ഇത്തവണയും. സദ്യയും ഉല്ലാസ തികവ് നൽകുന്ന ഓണ കളികൾ ആയുരാരോഗ്യ സൗഖ്യത്തിന് ഒഴിവാക്കാൻ ആവാത്ത വ്യായാമത്തിന്റെ അനിവാര്യത ഓർമിപ്പിക്കുന്നു.
ആനുകാലിക ആരോഗ്യ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായ വിഭവങ്ങൾ ആണല്ലോ സദ്യയിലുള്ളത്. മനുഷ്യാരോഗ്യം നിലനിർത്തുവാൻ ആവശ്യമായ ഭക്ഷ്യ പോഷകങ്ങളും ധാതു ലവണങ്ങളും നിറയെ ഉള്ള സസ്യ സമ്പത്ത് ഏറെ ഉപയോഗപ്പെടുത്തുന്ന സദ്യവിഭവങ്ങൾ തൂശനിലയിൽ ഒരു പാതി ആരോഗ്യ രക്ഷാകരമായ ഉപദംശങ്ങൾ -കൂട്ടാൻ – മറു പാതിയിൽ ഊർജദായകമായ അന്നവും. ഇലയിലുതിരുന്ന സസ്യ സമ്പത്തും.
ഒരറ്റത്തു നിന്നും നോക്കിയാൽ നൂറു കറിയുടെ ഗുണമാർന്ന ഇഞ്ചിക്കറി. പരിപ്പ്കറി, സാമ്പാർ ,പ്രഥമൻ, കാളൻ, രസം, മോര് ഇവ ഓരോന്നും മാറി മാറി ഉപയോഗിക്കുമ്പോൾ ഇഞ്ചി തൊട്ട് തുടങ്ങണമെന്നാണ് ചട്ടം. വിശപ്പിനും ദഹനശക്തിക്കും രോഗ പ്രതിരോധത്തിനും ഉള്ള ഇഞ്ചിയുടെ ഗുണമേന്മകൾ ആഹാരത്തിലൂടെ. ഇക്കാലത്തെ രോഗം തടയാനും. മാങ്ങാ അച്ചാർ വലുതും ചെറുതും ആയ നാരങ്ങയുടെ കറിയിലൂടെ രോഗപ്രതിരോധത്തിന് ജീവകം സി യുടെ ലഭ്യതയും. പാവക്ക വെള്ളരിക്ക കൈതച്ചക്ക കൊണ്ടുള്ള പച്ചടി കിച്ചടികൾ തൊട്ടു കൂട്ടി എരിവിന് ഒരു തടയിടാം. വൻപയർ ചെറുചേമ്പ് തേങ്ങാപ്പാൽ കൊണ്ടുള്ള ഓലൻ പ്രമേഹ രോഗത്തിന് ഗുണകരമായ മത്തങ്ങാ എരിശ്ശേരി, കാരറ്റ്, കാബേജ്, പപ്പായ തോരൻ രോഗങ്ങളകറ്റാൻ മുൻ നിരയിലുള്ളവയല്ലേ. ആർക്കും ഏത് കാലത്തും ഉപയോഗിക്കാവുന്ന ചേന മെഴുക്ക് പുരട്ടി. ലോകം അംഗീകരിക്കുന്ന ഹോട്ട് ആൻഡ് സൗർ സുപ്പ് പച്ചക്കറികളുടെ നിരുപമ സംയോജനം അല്ലേ സാമ്പാർ. മിക്സഡ് വെജിറ്റബിൾ ആയ അവിയൽ ബോയിൽഡ് വെജിറ്റബിൾ പോലെ സമ്പുഷ്ടം. ഊണിന് ഒഴിവാക്കാനാവാത്ത മോര് കറി കാളൻ പുളിശ്ശേരി, പച്ചമോര് മോരൊഴിച്ചുണരുത് എന്ന ചൊല്ലിന് അന്വർത്തമാക്കും. ഇന്നത്തെ സൂപ്പ് ഉപയോഗത്തിന് സമാനമായി പരിപ്പ് കറിയൊഴിച്ച് നെയ്യും പപ്പടവും കൂട്ടി ഊണ് തുടങ്ങാൻ മറക്കണ്ട. അനുപാനമെന്നത് തൃപ്തിയും കഴിച്ച ആഹാരം ദഹിക്കാനും നന്നായി ആഗീരണം ചെയ്യാനും ഊർജദായകവും ആകുന്നു. ചുക്ക് വെള്ളം, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ സാധാരണ ഉപയോഗിച്ച് വരുന്നു.
മിക്കവാറും എല്ലാ ജീവകങ്ങളും നാഡികളുടെയും പേശികളുടെയും പ്രവർത്തന മികവു നിലനിർത്താൻ ആവശ്യമായ മഗ്‌നീഷ്യം പോലുള്ള ധാതു ലവണങ്ങളും അടങ്ങിയ വ്യത്യസ്ത ഗുണങ്ങൾ ഉള്ളവ അണ് സദ്യവിഭവങ്ങൾ.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
Leave a Reply