ശ്രീകുമാരി അശോകൻ
മത്സഖീ ഇന്നു ഞാനോർക്കുന്നു നീയെന്റെ
ജീവിത വാസന്ത വനികയിൽ പൂത്തനാൾ
മുഗ്ദ്ധാനുരാഗത്തിൻ സ്‌നിഗ്ദ്ധ മധുരമാം
സ്നേഹോപഹാരത്താൽ ഓടിയണഞ്ഞവൾ
ജീവിത കയ്പ്പുനീരേറെ കുടിച്ച നിൻ
മാനസതാരിലെ വിങ്ങുന്ന നോവുകൾ
ചേതനയറ്റ നിൻ കൺകളിൽ കണ്ടു ഞാൻ തൂമധു ചോരും കിനാവിന്റെയോളങ്ങൾ
വിപ്ലവ വീര്യങ്ങളേറെപറഞ്ഞു ഞാൻ
ജീവിതവീഥിയിലേകനായ് തീരവേ
ഓർത്തുപോയ് നിന്റെയാ വിതുമ്പുന്ന ചുണ്ടിണ
ഓർത്തുപോയ് നിന്റെയാ സാന്ത്വന സ്പർശങ്ങൾ
എന്നിട്ടുമെന്തേവം ക്രൂരനായ് തീരുവാൻ
എന്തേ നിൻ ജീവനെ ഇല്ലാതെയാക്കുവാൻ
എന്താണെന്നുത്തരം കിട്ടാത്തൊരായിരം
ചിന്തകളെന്റെ മനസ്സിൽ പുകയുന്നു
എത്രയും പ്രിയതരമായ നിൻ ജീവന
മാല്യങ്ങളൊക്കെയും ദൂരേക്കെറിഞ്ഞു നിൻ
സ്വപ്നങ്ങളൊക്കെയും ചവുട്ടിയരച്ചതിൽ
ഉന്മത്ത നൃത്തം തുടരുന്നു പിന്നെയും
പൈശാചികത്വം സ്ഭുരിക്കുമെൻ കണ്ണുകൾ
ചുടുചോര നുണയുവാൻ വെമ്പുന്ന നാവുമായ്
ആസ്പഷ്ട വാക്കുകൾ ദിവികളിലലകൊൾകെ
ഓർത്തുപോയ് ഞാനിത്ര ക്രൂരനോ പാപിയോ
എന്തേവം ഞാനിത്ര ക്രൂരനായ് തീരുവാൻ
എന്തേവം ചിന്തകൾ ഭ്രാന്തമായ് തീരുവാൻ
നിന്നോടെനിക്കുള്ള സ്നേഹന്ധതതന്നെ
മന്നിൽ ഞാനിത്രയും ക്രൂരനായ് തീരുവാൻ
സ്നേഹത്താലന്ധത ബാധിച്ച കണ്ണുകൾ
സംശയദൃഷ്ടിയാൽ നോക്കിയതെപ്പോഴും
നിന്നെയപരന്മാർ നോക്കുന്നതെത്രയും
ദുസ്സഹമായിത്തുടങ്ങിയ നാളുകൾ
അന്നുതൊട്ടിന്നോളം ഞാൻ മാത്രമാണു നിൻ
ജീവിത നാടക വേദിയിൽ നായകൻ
അതുമാത്രമാണെന്റെ ചിന്താസരണിയിൽ
നീറിപ്പുകഞ്ഞൊരു ദ്വേഷത്തിൻ കാരണം
പ്രിയസഖി ഞാനിന്നു വരികയായ് നിന്റെയാ
മരണാനന്തര ജീവിത യാത്രയിൽ
താങ്ങായി,തണലായി എന്നും നിൻ ജീവിത
വാസന്ത യവനികയെ പൂവണിയിക്കുവാൻ
പോരുകയാണെൻ അശ്രുബിന്ദുക്കളാൽ
ഏറെ പഴകിയോരെൻ പാപങ്ങൾ കഴുകുവാൻ
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Leave a Reply