ശോശാമ്മ ജേക്കബ്

അഞ്ചു കൊല്ലത്തെ വിദേശജീവിതത്തിൽ നിന്നും ഒരു ഇടവേള വേണമെന്ന് തോന്നിതുടങ്ങിയപ്പോഴാണ് ഞാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. എന്തോ ഒരുതരം മരുവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോഴേ നാട്ടിലുള്ള വീടും സുഹൃത്തുക്കളും മനസ്സിൽ ഓടിയെത്തി…

എന്ത് ചെയ്താലും ഒന്നും പൂർണമാവാത്തതുപോലെ ഒരു തോന്നൽ. പിന്നെ രണ്ടാമത് ഒന്ന് ആലോചിക്കാൻ നിന്നില്ല എത്രെയും വേഗം നാട്ടിൽ വരണം എന്നായി… മൂന്ന് മാസത്തെ അവധിക്ക് എത്തിയതാണ്. പറയാൻ തക്ക ബന്ധുക്കളും, ബന്ധങ്ങളും ഇല്ല എങ്കിലും നാട്ടിൽ എനിക്കുവേണ്ടി ഒരു വീട് ഉണ്ട്…

അങ്ങോട്ടേക്ക് ചെന്നാൽ ആകാംഷയോടെ കാത്തിരിക്കുന്ന കണ്ണുകൾ ഇല്ല, നിറഞ്ഞ സ്നേഹത്തോടെ കെട്ടിപിടിക്കാനും ആരുമില്ല പക്ഷെ ആ വീട്ടിലേക്ക് ചെന്ന് കയറിയാൽ ആരൊക്കെയോ ഇപ്പോഴും അവിടെയുള്ള ഒരു പ്രതീതി ആണ്. ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ ഉണ്ടാവുന്നില്ല. അമ്മാവൻ ആവുന്നത്ര വന്ന് വിളിക്കും നാട്ടിൽ വരുമ്പോ അമ്മാവന്റെയും കുടുംബത്തിന്റെയും ഒപ്പം ചെന്ന് നില്ക്കാൻ വേണ്ടി… ആ വീട് നിറയെ ആളും ബഹളവുമാണ്. എപ്പോഴും ഉണർന്നിരിക്കുന്ന വീട്…

അത്തരമൊരു പരിസരം എന്നെ സംബന്ധിച്ചിടത്തോളം വല്ലാതെ വീർപ്പുമുട്ടിക്കുന്നതാണ്. ആളും ബഹളവും സ്നേഹാന്വേഷണങ്ങളും ഒരു സമയം കഴിഞ്ഞാൽ എന്നെ മടുപ്പിക്കും. എല്ലാവരെയും ഒന്നിച്ചു കാണുന്നത് ഇഷ്ടമാണ് പക്ഷെ അധികം നേരം അവിടെ നിൽക്കാൻ എനിക്ക് കഴിയില്ല. ഇവിടെ വീട്ടിൽ ആവുമ്പോ കൂടെ ആരെങ്കിലുമൊക്കെ ഉള്ള ഒരു പ്രതീതി കിട്ടും, സമാധാനം ഉണ്ട്…എന്റെ മനസ്സിലെ തോന്നൽ ആവുകകൊണ്ട് ആരും ചോദ്യങ്ങൾ ചോദിച്ചു എന്നെ മടുപ്പിക്കില്ല. ആരുടെയൊക്കെയോ ഒപ്പം താമസിക്കുന്ന ഒരു അനുഭവം കിട്ടിയാൽ മതി അതിനപ്പുറം ഒന്നും വേണ്ട എന്നാണ് എനിക്ക്.

പഴയ സുഹൃത്തുക്കളെ ഇത്തവണ കാണണം എന്നുണ്ടായി.ലക്ഷ്മിയും, ഭദ്രയും, ബാലുവും ഞങ്ങൾ ഡിഗ്രി കാലയളവിൽ ഒരുമിച്ചു ആയിരുന്നു. ലക്ഷ്മിയും കുടുംബവും,ബാലുവും അമ്മയും ഞാൻ നാട്ടിലെത്തി എന്ന് അറിയിച്ചപ്പോഴേ വീട്ടിലേക്ക് വന്നു. ഭദ്ര വിവാഹശേഷം ഡൽഹിക്ക് പോയി ഓണം, ക്രിസ്മസ് ഒക്കെ ആയാൽ ഭർത്താവിനൊപ്പം നാട്ടിലേക്ക് വരും. ബാലുവിന്റെ വിവാഹം ഏകദേശം എല്ലാം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. ബാലുവിന്റെ അമ്മ ഫോൺ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യം ഇത്തവണ നേരിട്ട് ചോദിച്ചു “എത്ര കാലം ഇങ്ങനെ ഒറ്റയ്ക്കു അവിടെയും ഇവിടെയുമായി മാറി മാറി നിൽക്കും? ഒരു ജീവിതം വേണ്ടേ കുഞ്ഞേ നിനക്കും?”

എന്തായിപ്പോ ഒരു തുണ ഇല്ലെങ്കിൽ ജീവിതം ഇല്ലേ? ഞാൻ അമ്മയോട് മറുപടി പറഞ്ഞു “ഒറ്റയ്ക്കാണ് എന്നെനിക്ക് തോന്നിയിട്ടില്ല അമ്മേ… ഇടയ്ക്ക് ഒരു വിരസത തോന്നുമ്പോ ഞാൻ ഇവിടേക്ക് വരണുണ്ടല്ലോ അതൊക്കെ മതി.. ഇതാണ് എനിക്ക് സന്തോഷം ”

പിന്നീടൊന്നും അമ്മ ചോദിച്ചില്ല ബാലുവും എന്നോട് അതേപറ്റി ഒന്നും ചോദിക്കാറില്ല… എന്റെ മറുപടി ബാലുവിനും, ലക്ഷ്മിക്കും, ഭദ്രക്കും ഒക്കെ അറിയാം എനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു എന്നെ അവർ ബുദ്ധിമുട്ടിക്കാറില്ല. കൂടെ ഒരാൾ വേണം എന്നൊരു തോന്നലും ഇഷ്ടവുമൊക്കെ ഒരു കാലത്ത് എനിക്കുണ്ടായിരുന്നു. സേതു…

സേതുവിനൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു. വിവാഹം അമ്മാവനും ബന്ധുക്കളും ഉറപ്പിച്ചിരുന്നതുമാണ്… പരസ്പരമുള്ള ഇഷ്ടങ്ങൾക്കുമപ്പുറം വിവാഹത്തിന് മുൻപ് എനിക്കൊരു വില നിശ്ചയിക്കാൻ സേതുവിന്റെ കുടുംബം ഒരുങ്ങിയപ്പോഴാണ് ഞാൻ എതിർത്തത്. “കൊടുക്കൽ വാങ്ങലുകൾ ഒന്നുമില്ലാതെ എങ്ങനെ ഒരു പെങ്കൊച്ചിനെ പറഞ്ഞയക്കുക “ഈ ഒരു വാചകം എന്തുകൊണ്ടോ എനിക്ക് രസിച്ചില്ല.എന്റെ എതിർപ്പ് സേതു പിന്തുണച്ചില്ല. വീട്ടുകാരുടെ തീരുമാനമാണ് തനിക്കും എന്ന നിലപാടിലായിരുന്നു സേതു. പിന്നീടൊരു ചോദ്യത്തിന് ഞാനും നിന്ന് കൊടുത്തില്ല..പതിയെ നാട്ടിൽ നിൽക്കാൻ ഇഷ്ടം കുറഞ്ഞുവന്നു. ഉപരിപഠനത്തിനായി നാട്ടിൽ നിന്നും മാറി ഒരിടം വേണമെന്ന് ആഗ്രഹം വന്നപ്പോഴാണ് യു എസിലേക്ക് പോന്നത്. സ്വന്തമായി ഒരു നിലനിൽപ്പ് ആയതിൽ പിന്നെ കിട്ടാതെപോയതിനെ ഓർത്തു ഞാൻ വിഷമിച്ചിട്ടില്ല. നഷ്ടപ്പെട്ടതിനെ ഓർത്തു ഓരോ ദിവസവും തള്ളിനീക്കിയ കാലം എനിക്കുണ്ടായിരുന്നു. ഇന്നോർക്കുമ്പോ അതൊക്കെ എന്റെ ജീവിതത്തിലെ ഓരോ പാഠങ്ങൾ ആണ് .നിബന്ധനകൾ ഇല്ലാത്ത സ്നേഹം നമുക്ക് നമ്മളോട് തന്നെയാണ് വേണ്ടത്…. കൂടുതൽ മനോഹരമായി ജീവിക്കുവാൻ അത് തന്നെ ധാരാളം.

മൂന്ന് മാസം മൂന്ന് ദിവസം എന്നപോലെ കടന്നുപോയി…. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കുവാനുണ്ട് പോകുന്ന വഴിയിൽ തളർച്ച തോന്നാതിരിക്കുവാൻ ഇടയ്ക്കൊക്കെ ഇത്തരമൊരു മടങ്ങിവരവ്വ് എന്തുകൊണ്ടും നല്ലതാണ്… എന്നിലേക്ക് തന്നെയുള്ള ഇത്തരം യാത്രകളാണ് എന്റെ ജീവിതോർജ്ജവും.

ശോശാമ്മ ജേക്കബ്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു